കുട്ടികള്‍ക്കായുള്ള എമിഗ്രേഷന്‍ സെന്ററിന് പ്രിയമേറി; കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

  • കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിൽ
  • ജി.ഡി.ആര്‍.എഫ്.എ വിമാനത്താവളത്തിലെത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ യാത്രാനുഭവം
  • കഴിഞ്ഞ വർഷത്തേക്കാൾ 55.8 ശതമാനം വളര്‍ച്ചയാണ്

Update: 2023-05-26 04:16 GMT

ദുബൈ: ദുബൈ വിമാനത്താവളം കുട്ടികള്‍ക്ക് പ്രത്യേക അനുഭവമായി മാറുകയാണ്. വിമാനത്താവളത്തില്‍ ആദ്യമായി കുട്ടികള്‍ക്കുള്ള എമിഗ്രേഷന്‍ കൗണ്ടര്‍ സ്ഥാപിച്ച് അധികൃതര്‍ ശ്രദ്ധനേടിയിരുന്നു. നിലവില്‍ ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ദുബൈയില്‍ വന്നിറങ്ങുന്ന കുട്ടികളെ വേറിട്ട രീതിയില്‍ സ്വാഗതം ചെയ്യുന്നതിനാണ് ഈ കൗണ്ടര്‍.

ഈ സംവിധാനം എല്ലാ എമിഗ്രേഷന്‍ പോയിന്റുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. നാല് മുതല്‍ 12 വരെ വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഇവിടെ പാസ്‌പോര്‍ട്ടില്‍ സ്വന്തമായി സീല്‍ പതിക്കാന്‍ സാധിക്കും. കുട്ടികളുടെ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ പ്രത്യേകം പരിശീലം ലഭിച്ച ഉദ്യോഗസ്ഥരുമുണ്ടാകും. ജി.ഡി.ആര്‍.എഫ്.എ വിമാനത്താവളത്തിലെത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ യാത്രാനുഭവം നല്‍കും.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈയിലേത്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ദുബൈ ഈ കിരീടം ചൂടുന്നത്. ഇന്ത്യയിലേക്കാണ് ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം 21.2 ദശലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി കടന്നുപോയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ 55.8 ശതമാനം വളര്‍ച്ചയാണ് ഈ ദുബൈ വിമാനത്താളം കൈവരിച്ചതെന്ന് ദുബൈ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍മക്തൂം ഈയിടെ പറഞ്ഞിരുന്നു.

കൊവിഡ് കാലത്തിനു ശേഷം അസാധാരണമാം വിധമാണ് വിമാനത്താവളത്തില്‍ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം യാത്ര ചെയ്തവരുടെ എണ്ണം 73 ലക്ഷം കടന്നു. ഇന്ത്യയിലേക്കാണ് ദുബൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത്. മാസം മുപ്പത് ലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് ദുബൈയില്‍ നിന്ന് പറക്കുന്നത്. രണ്ടാം സ്ഥാനം സൗദിക്കാണ്.

Tags:    

Similar News