ഇനി ഇന്ത്യന്‍ വ്യാപാര സംഘം ഷാര്‍ജയിലേക്ക്

  • ഇരു രാജ്യങ്ങളിലേക്കും ഇറക്കുമതിയും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനെ കുറിച്ച ചർച്ച
  • യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കഴിഞ്ഞ മെയില്‍ പ്രാബല്യത്തില്‍
  • ഷാര്‍ജയില്‍ നിന്നും വ്യാപാര ദൗത്യസംഘം മെയ് 29 നു ഇന്ത്യയിലെത്തിയത്

Update: 2023-06-06 05:55 GMT

ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല വാണിജ്യ സംഘം ഷാര്‍ജ സന്ദര്‍ശിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘം ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വ്യവസായിക, വാണിജ്യ മേഖലയില്‍ നിന്നുള്ളവരായിരിക്കും സംഘത്തിലുണ്ടാവുക. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനം.

ഷാര്‍ജ എക്‌സ്‌പോര്‍ട് ഡവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ചേംബര്‍ സംഘം മുംബൈയിലും ഡല്‍ഹിയിലുമെത്തിയത്. ഇവര്‍ ഷാര്‍ജയിലേക്ക് തിരിച്ചു. സംഘം ഇരു നഗരങ്ങളിലും വ്യാപാര, വാണിജ്യ പ്രമുഖരുമായും സംഘങ്ങളുമായും ചര്‍ച്ച നടത്തി. ഷാര്‍ജ എക്‌സ്‌പോ സെന്ററും ഇന്ത്യന്‍ എക്‌സ്‌പോ മാര്‍ട്ടും സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളകളില്‍ ഇരു കൂട്ടരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ധാരണപത്രത്തില്‍ ഒപ്പുവെക്കാന്‍ പരസ്പരം തീരുമാനിച്ചു.

ഇരു രാജ്യങ്ങളിലെയും വാണിജ്യ, വ്യാവസായിക, സേവന പ്രവര്‍ത്തനങ്ങളില്‍ ബിസിനസ് മേഖലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും ഇറക്കുമതിയും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും സംഘം ചര്‍ച്ച നടത്തി. ഷാര്‍ജയില്‍ നിന്നും വ്യാപാര ദൗത്യസംഘം മെയ് 29നാണ്് ഇന്ത്യയിലെത്തിയത്.

ഷാർജ  ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്‌സിസിഐ) യുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ നയിക്കുന്ന വ്യാപാര ദൗത്യസംഘമായിരുന്നു ജൂണ്‍ 2 വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. എസ്‌സിസിഐ ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് ദൗത്യത്തിന് നേതൃത്വം നല്‍കി. എസ്‌സിസിഐ ഉദ്യോഗസ്ഥരും ഷാര്‍ജയിലെ പ്രമുഖ സ്വകാര്യ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ മേധാവികളും പങ്കാളികളായിരുന്നു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കഴിഞ്ഞ മെയില്‍ പ്രാബല്യത്തില്‍ വന്നതോടെ വ്യാപാര വാണിജ്യരംഗത്ത് പുത്തന്‍ ഉണര്‍വുകള്‍ പ്രകടമായിരുന്നു. ഷാര്‍ജയില്‍ പുതിയ ഇന്ത്യന്‍ പ്രൊഫഷണല്‍ ബിസിനസ് കൗണ്‍സില്‍ സ്ഥാപിതമായതിനെ തുടര്‍ന്നായിരുന്നു ഈ ദൗത്യം. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും സുഹൃദ് രാഷ്ട്രങ്ങളുമായുള്ള വ്യാപാരനിക്ഷേപ അളവ് വര്‍ധിപ്പിക്കുന്നതിനുമായി വ്യവസായികളെ പ്രതിനിധീകരിക്കുന്ന ബിസിനസ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമാണ് എസ്‌സിസിഐ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരിയില്‍ കൗണ്‍സില്‍ ആരംഭിച്ചത്.

Tags:    

Similar News