യുഎഇ വ്യക്തിഗത വായ്പാ നയത്തില്‍ മാറ്റംവരുത്തി
കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ബാങ്ക് വായ്പ ലഭിക്കും
യുഎഇയില്‍ ഇനി കുറഞ്ഞ വരുമാനക്കാര്‍ക്കും വായ്പ ലഭിക്കും. വ്യക്തിഗത വായ്പകള്‍ക്ക് നിലവിലുണ്ടായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളിലും വായ്പ ലഭിക്കാനുള്ള മിനിമം ശമ്പള പരിധി ഏകദേശം 5,000 ദിര്‍ഹമായിരുന്നു. ഈ നിര്‍ദേശം നീക്കം ചെയ്യുന്നതോടെ ഇന്ത്യക്കാരടക്കമുള്ള കുറഞ്ഞ വരുമാനക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകും.
ബാങ്കുകള്‍ക്ക് ഇനിമുതല്‍ സ്വന്തം ആഭ്യന്തര നയങ്ങള്‍ക്കനുസരിച്ച് ശമ്പള പരിധി നിശ്ചയിക്കാം. 'ക്യാഷ് ഓണ്‍ ഡിമാന്‍ഡ്' പോലുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ പ്രവേശനം നല്‍കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
യുഎഇയിലെ മുഴുവന്‍ താമസക്കാര്‍ക്കും ഇനി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഈ അക്കൗണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റവുമായി (ഡബ്ല്യുപിഎസ്) ബന്ധിപ്പിക്കും. അതിനാല്‍, വായ്പാ തിരിച്ചടവ് തുക ശമ്പളം അക്കൗണ്ടിലെത്തിയ ഉടന്‍ തന്നെ നേരിട്ട് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.
