നേട്ടം കൈവിട്ട് നഷ്ടത്തില്‍ അവസാനിച്ച് സെന്‍സെക്സും നിഫ്റ്റിയും

  • റിലയന്‍സും ടാറ്റാ മോട്ടോര്‍സും നഷ്ടത്തില്‍
  • ആഗോള വിപണികളില്‍ പൊതുവേ മുന്നേറ്റം
  • സെന്‍സെക്സിന് ഈയാഴ്ചയിലെ മൂന്നാമത്തെ നഷ്ട ദിനം

Update: 2023-07-27 10:07 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍.  തുടക്ക വ്യാപാരത്തില്‍ ഇരു വിപണികളും നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് തിരിയുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ് പ്രതീക്ഷിച്ച നിലയില്‍ 25 ബിപിഎസ് വര്‍ധനയാണ് പലിശ നിരക്കില്‍ പ്രഖ്യാപിച്ചത് എങ്കിലും ഭാവിയിലെ വര്‍ധനയ്ക്കുള്ള സാധ്യതയും തുറന്നിട്ടത് നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചു. ചില പ്രമുഖ കമ്പനികളുടെ ആദ്യപാദ ഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും കഴിഞ്ഞയാഴ്ചയിലെ റാലിയില്‍ നിന്നുള്ള ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ നീങ്ങിയതും ഇന്ത്യന്‍ വിപണികളെ തളര്‍ത്തി. 

30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 292.35 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 66,414.85 ലെത്തി. വിശാലമായ എൻഎസ്ഇ നിഫ്റ്റി 79.30 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 19,699.00ലെത്തി.

സെൻസെക്‌സ് പാക്കിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, ടെക് മഹീന്ദ്ര,  ആക്‌സിസ് ബാങ്ക് , എച്ച്ഡിഎഫ്‍സി ബാങ്ക്, വിപ്രൊ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്സി‍എല്‍, ടിസിഎസ്, ഭാരതി എയർടെൽ, സൺ ഫാർമ, ഇൻഫോസിസ് , എൻ‌ടി‌പി‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യയിലെ ഓഹരി വിപണികള്‍ പൊതുവേ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടന്നത്. ഹോംഗ്കോംഗ്, തായ്വാന്‍, ഓസ്ട്രേലിയ എന്നീ വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഷാങ്ഹായ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസ് വിപണികളില്‍ ഡൌ ജോണ്‍സ് ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് എങ്കിലും നാസ്‍ഡാകും എസ് & പി 500ഉം ഇടിവിലായിരുന്നു. യൂറോപ്യന്‍ വിപണികളില്‍ ഇന്ന് പൊതുവേ നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 922.84 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 470.10 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

2854.80 കോടി രൂപയുടെ അറ്റ വാങ്ങലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍‍പിഐ) ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 39.13 രൂപയുടെ അറ്റ വാങ്ങലും എഫ്‍പിഐകള്‍  നടത്തി. 

Tags:    

Similar News