ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം, ആഭ്യന്തര വിപണിയിൽ നേട്ടം തുടര്‍ന്നേക്കാം

ഇന്നലത്തെ മികച്ച പ്രകടനത്തിന് ശേഷം ഇന്നും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. അമേരിക്കന്‍ വിപണികളെല്ലാം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ആമസോണിന്റെയും ആപ്പിളിന്റെയും മികച്ച ലാഭക്കണക്കുകളും, യുഎസ് ഫെഡിന്റെ നിരക്ക് ഉയര്‍ത്തലിന്റെ വേഗം കുറയുമെന്നുമുള്ള കണക്ക് കൂട്ടലുകളുമാണ് അമേരിക്കന്‍ വിപണിയ്ക്ക് തുണയായത്. ഏഷ്യന്‍ വിപണികൾ ഏഷ്യന്‍ വിപണികളില്‍ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ്. ചൈനയില്‍ നിന്നും വരുന്ന അത്ര ശുഭകരമല്ലാത്ത സാമ്പത്തിക സൂചനകളാണ് ഏഷ്യന്‍ വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. ചൈന എ50, ഷാങ്ഹായ് കോംമ്പസിറ്റ്, ഹോംങ്കോങ്ങ് സൂചികയായ ഹാങ്‌സെങ് എന്നിവ […]

Update: 2022-07-28 22:38 GMT

ഇന്നലത്തെ മികച്ച പ്രകടനത്തിന് ശേഷം ഇന്നും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. അമേരിക്കന്‍ വിപണികളെല്ലാം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ആമസോണിന്റെയും ആപ്പിളിന്റെയും മികച്ച ലാഭക്കണക്കുകളും, യുഎസ് ഫെഡിന്റെ നിരക്ക് ഉയര്‍ത്തലിന്റെ വേഗം കുറയുമെന്നുമുള്ള കണക്ക് കൂട്ടലുകളുമാണ് അമേരിക്കന്‍ വിപണിയ്ക്ക് തുണയായത്.

ഏഷ്യന്‍ വിപണികൾ
ഏഷ്യന്‍ വിപണികളില്‍ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ്. ചൈനയില്‍ നിന്നും വരുന്ന അത്ര ശുഭകരമല്ലാത്ത സാമ്പത്തിക സൂചനകളാണ് ഏഷ്യന്‍ വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. ചൈന എ50, ഷാങ്ഹായ് കോംമ്പസിറ്റ്, ഹോംങ്കോങ്ങ് സൂചികയായ ഹാങ്‌സെങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈനയിലെ ഉയരുന്ന കോവിഡ് കണക്കുകളും സാമ്പത്തിക തളര്‍ച്ചയുമാണ് ഇതിന് കാരണം.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഇതിന് കാരണം അമേരിക്കയിലെ ക്രൂഡ് ശേഖരത്തിലെ കുറവും, ഉത്പാദനത്തിലും വിതരണത്തിലുമുള്ള തടസ്സങ്ങളുമാണ്. ഓഗസ്റ്റ് മൂന്നാം തീയതി, ഒപെക് രാജ്യങ്ങളും റഷ്യയും ചേര്‍ന്ന് കോവിഡ് സമയത്ത് ഏര്‍പ്പെടുത്തിയ ഉത്പാദന നിയന്ത്രണ കരാര്‍ അവസാനിപ്പിക്കണമോ എന്ന് തീരുമാനമെടുക്കും. അവര്‍ ഉടമ്പടിയില്‍ നിന്ന് പിന്മാറിയാല്‍ ക്രൂഡ് ഉത്പാദനം ഉയരും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും അടക്കമുള്ള പ്രധാന എണ്ണ ഉപഭോക്താക്കളുടെ ആവശ്യമാണ് ഉത്പാദനം ഉയര്‍ത്തുക എന്നത്. ഇതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനാണ് ജോ ബൈഡന്‍ അടുത്തിടെ സൗദി സന്ദര്‍ശിച്ചത്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ഇന്ന് രാവിലെ 108 ഡോളറിനടുത്താണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് അത്ര ആശാവഹമല്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഒരു മാന്ദ്യത്തിലേക്ക് പോകില്ല എന്ന കണക്ക് കൂട്ടലാണ് വിപണികൾ മുന്നേറുന്നത്. എന്നാല്‍ ഇന്നലെ പുറത്ത് വന്ന കണക്കുകള്‍ അത്ര പ്രതീക്ഷ നല്‍കുന്നില്ല. തുടര്‍ച്ചയായ രണ്ടാം പാദത്തിലും അമേരിക്കന്‍ ജിഡിപി ചുരുങ്ങുകയാണ്. ഒന്നാം പാദത്തില്‍ 1.6 ശതമാനമായിരുന്നു ചുരുങ്ങലി​ന്റെ തോതെങ്കില്‍ രണ്ടാം പാദത്തില്‍ ഇത് 0.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരിയ മെച്ചപ്പെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചത് 0.5 ശതമാനം വളര്‍ച്ചയാണ്. കൂടാതെ, ആദ്യ തവണത്തെ തൊഴിലില്ലായ്മാ അപേക്ഷകളുടെ എണ്ണം അമേരിക്കയില്‍ വര്‍ധിച്ചു. ഇതും നെഗറ്റീവായ സൂചനയാണ്.

ആഭ്യന്തര വിപണി
പണപ്പെരുപ്പത്തെ നേരിടാന്‍ ചില ഏഷ്യന്‍ രാജ്യങ്ങള്‍ വേഗത്തില്‍ നിരക്കു വര്‍ധന നടപ്പിലാക്കണമെന്ന് ഐഎംഎഫിന്റെ ഏഷ്യ-പസഫിക്ക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ പറഞ്ഞു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, അമേരിക്കന്‍ ജിഡിപി ചുരുങ്ങുന്നത് വിപണികള്‍ അത്ര കാര്യമായി എടുത്തിട്ടില്ല. അവര്‍ക്ക് കൂടുതല്‍ വിശ്വാസം ഫെഡ് ചീഫ് ജെറോം പവല്‍ നല്‍കിയ ഉറപ്പിന്മേലാണ്. അതിനാലാണ് വിപണികള്‍ ഇപ്പോഴും മുന്നേറ്റം തുടരുന്നത്. "ഇന്ത്യയെ സംബന്ധിച്ച് ഏറെ പോസിറ്റീവായ കാര്യം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റവാങ്ങലുകാരായി മാറുന്നു എന്നതാണ്. അടുത്തിടെ 8 ദിവസം അവര്‍ ഇത്തരത്തില്‍ വാങ്ങല്‍ നടത്തി. ഒന്നാം പാദ കമ്പനി ഫലങ്ങള്‍ ബാങ്കിംഗ്-ധനകാര്യ ഓഹരികളുടെ മികച്ച പ്രകടനം സാക്ഷ്യപ്പെടുത്തുന്നു. അവര്‍ തുടര്‍ന്നും നല്ല വളർച്ച നൽകിയേക്കാം. ഐടി ഓഹരികളില്‍ 'ഷോര്‍ട്ട് കവറിംഗ് ബൗണ്‍സ്' ഹ്രസ്വകാലത്തേക്ക് തുടര്‍ന്നേക്കാം," വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, ഇന്നലെ 1,637.69 കോടി രൂപ വിലയുള്ള ഓഹരികളില്‍ അറ്റ നിക്ഷേപം നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 600 കോടി രൂപ വിലയുള്ള ഓഹരികളില്‍ അറ്റനിക്ഷേപകരായി.

കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്ത് വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍: അശോക് ലൈലാന്‍ഡ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, സുന്ദരം ഫാസ്റ്റനേഴ്‌സ്, സിപ്ല, ഡിഎല്‍എഫ്, എന്‍ടിപിസി, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, ഇമാമി, ദീപക്ക് ഫെര്‍ട്ടിലൈസേഴ്‌സ്, ഗോദ്‌റേജ് അഗ്രോവെറ്റ് എന്നിവയാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,710 രൂപ (ജൂലൈ 29)
ഒരു ഡോളറിന് 79.62 രൂപ (ജൂലൈ 29, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 107.1 ഡോളര്‍ (ജൂലൈ 29, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 23,848.72 ഡോളര്‍ (ജൂലൈ 29, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)

Tags:    

Similar News