ഇനി ലാൻഡ് മാപ്പിങ്ങിന് എഐ; കിടിലൻ ഡ്രോണുമായി എന്‍ഐടി റൂര്‍ക്കേല
തത്സമയ ലാന്‍ഡ് മാപ്പിംഗിനായി ഇനി എഐ. പ്രത്യേക ഡ്രോണ്‍ സംവിധാനമായ 'ഭു-മനാചിത്ര' യ്ക്കാണ് പേറ്റന്റ്
ഇനി തത്സമയ ലാൻഡ് മാപ്പിങിനും എഐ ഉപയോഗിക്കാം. ഇൻ്റർനെറ്റോ കംപ്യൂട്ടറുകളോ ഇല്ലാതെ ഡ്രോൺ ഉപയോഗിച്ച് തന്നെ മാപ്പിങ് സാധ്യമാക്കുന്ന പുതിയ സംവിധാനത്തിന് പേറ്റന്റ് നേടി എന്‍ഐടി റൂര്‍ക്കേല. റൂര്‍ക്കലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഓട്ടോണോമസ് റിയല്‍-ടൈം ലാന്‍ഡ് മാപ്പിംഗ് ഡ്രോണ്‍ സംവിധാനമായ ഭു-മാനചിത്ര' യ്ക്കാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോ ബാഹ്യ ഇടപെടലോ ഇല്ലാതെ ഡ്രോണുകൾക്ക് കൃത്യമായി ലാൻഡ് മാപ്പുകൾ സൃഷ്ടിക്കാനാകുമെന്നതാണ് സവിശേഷത. കൃഷിയിടങ്ങള്‍, വനങ്ങള്‍, നഗരപ്രദേശങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ലാന്‍ഡ് മാപ്പിംഗ് ഏതൊരു രാജ്യത്തിനും അത്യന്താപേക്ഷിതമാണ്. ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, പ്രകൃതിവിഭവ മാനേജ്‌മെന്റ്, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കുള്ള അടിസ്ഥാനമായി ഇത് പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയിൽ, ലാൻഡ് മാപ്പിംഗിനായി പ്രധാനമായും സർവേകളെയാണ് ആശ്രയിക്കുന്നത്. ഭൂപടങ്ങൾ നിർമ്മിക്കാൻ പലപ്പോഴും ആഴ്ചകളോ മാസങ്ങളോ എടുക്കാറുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പുതിയ എഐ ഡ്രോണുകൾ പരിഹാരമാകും.അടുത്തിടെയായി ഭൂപ്രദേശങ്ങളുടെ ചിത്രീകരണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മാപ്പ് ലഭിക്കുന്നതിന് വളരെ സമയമെടുക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനും പുതിയ സംവിധാനം സഹായകരമാകും.