image

5 Feb 2024 10:45 AM GMT

kerala

കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

MyFin Desk

finance minister criticizes center and opposition
X

Summary

  • പ്രതിപക്ഷ ആരോപണത്തെ കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി
  • കേന്ദ്രത്തിനു ശത്രുത മനോഭാവം, അവഗണന തുടർന്നാൽ പ്ലാൻ ബി
  • പൊതു സ്വകാര്യ നിക്ഷേപം ഉയർത്തും, പ്രത്യേക സോണുകൾ വരും


കേരളം തളരില്ലെന്നും തകരില്ലെന്നും തകർക്കാനാവില്ലെന്നും ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബി ഉണ്ടാകും. കേന്ദ്രത്തിനു ശത്രുത മനോഭാവം ആണെന്നും അവഗണനയുടെ യാഥാർത്ഥ്യം പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും ബോധ്യമാകുന്നില്ല എന്നും കേരള ബജറ്റ് 2024 പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ റെയിൽ വികസനത്തെ തഴഞ്ഞു. കെ എസ് ആർ ടി സി, പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് ഉൾപ്പെടെയുള്ളവരെ സർക്കാരിനെതിരെ തിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

വികസനത്തിൻ്റെ പേരിൽ കേരളം ശിക്ഷിക്കപ്പെടുക്കയാണെന്നും, കേരള വികസന മാതൃകയെ തകർക്കാൻ ഗൂഢാലോചനയെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ ആരോപിച്ചു. കേന്ദ്ര അവഗണനയുടെ കണക്ക് നിരത്തുകയും, കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടിയെന്നും മന്ത്രി വെളിപ്പെടുത്തി.

അതെസമയം ട്രഷറിയിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന തരത്തിൽ പ്രചാരണം നടക്കുന്നു എന്നും പ്രതിപക്ഷം കാട് കാണാതെ മരം കാണുന്നവർ എന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു. സർക്കാർ ധൂർത്തടിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയാറെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനം 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും, മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടി നിക്ഷേപം ലക്ഷ്യമിടുന്നതായും അറിയിച്ചു. പൊതു സ്വകാര്യ നിക്ഷേപം ഉയർത്തും, സ്വകാര്യ നിക്ഷേപത്തോടെ പ്രത്യേക സോണുകൾ കൊണ്ട് വരും. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി പ്രസ്താവിച്ചു.

സാധാരണക്കാർക്ക് ആശങ്ക വേണ്ട, ജനങ്ങൾ അംഗീകരിക്കുന്ന ബജറ്റ് ആയിരിക്കും കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാകും ബജറ്റ്, കേരളത്തിന്റെ ഭാവിക്ക് ഗുണമുണ്ടാകുന്ന ബജറ്റാകുമെന്നും എന്ന പ്രസ്തവനയോടെ ആണ് മന്ത്രി ബജറ്റ് പ്രസംഗത്തിലേക്ക് കടന്നത്.

തനത് നികുതിവരുമാനം വർദ്ധിച്ചു, ട്രഷറിയിൽ വരവും ചെലവും കൂടി എന്ന് മന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടിയും, സാക്ഷരതാ പരിപാടികൾക്ക് 20 കോടിയും അനുവദിച്ചു. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുന്നു. അടുത്ത വർഷത്തെ 2025 കേരളീയം പരിപാടിക്ക് 10 കോടി അനുവദിച്ചു.

മതനിരപേക്ഷതയാണ് കേരളത്തിന്റെ വികസന മാതൃക, കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടങ്ങൾ സംസ്ഥാനം കൈവരിച്ചു, കേരളത്തിന്റെ സമ്പദ്ഘടന ഉയരുന്നു, കേരളത്തിലെ സൂര്യോദയ സമ്പദ്ഘടന, സ്വയം നവീകരണ പ്രവർത്തനങ്ങൾ കേരളത്തെ മികച്ചതാക്കി എന്നും, സുസ്ഥിര വികസനത്തിൽ കേരളം മുന്നിൽ ആണ്, പശ്ചാത്തല സൗകര്യമേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ട് വന്നു, എട്ട് വർഷം മുൻപ് നാം കണ്ട കേരളമല്ല ഇന്നത്തെ കേരളം, മാറ്റങ്ങളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് പോകുന്നു എന്നും മന്ത്രി പ്രഖ്യാപിച്ചു.

വർക്ക് നിയർ ഹോം പദ്ധതി കൂടുതൽ പ്രസക്തമാകുന്നെന്ന് ബഡ്ജറ്റിൽ പരാമർശമുണ്ടായി.

കേരളത്തെ മെഡിക്കൽ ഹബ്ബാക്കുന്ന പദ്ധതികൾ വേഗത്തിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു, തലസ്ഥാനത്തും കോഴിക്കോടും മെട്രോ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷികുന്നതായി മന്ത്രി അറിയിച്ചു. ടൂറിസം മേഖലയ്ക്ക് 5,000 കോടി പ്രഖ്യാപിച്ചു, കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റും.

വിഴിഞ്ഞം ഭാവിയുടെ വികസനകവാടം, വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും, വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും മെയ് മാസത്തിൽ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവർത്തിക്കും എന്നും മന്ത്രി പ്രസ്താവിച്ചു.

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടി ആരംഭിക്കും, വ്യവസായങ്ങൾക്ക് വേഗത്തിൽ അനുമതി നൽകും, കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും; സമഗ്ര നയം രൂപീകരിക്കും. കായിക മേഖലയിൽ പുതിയ കായികനയം കൊണ്ടുവരും.

കൂടുതൽ ബജറ്റ് വാർത്തകൾ