image

6 Jun 2023 10:45 AM IST

Kerala

എഐ ക്യാമറ; ആദ്യ ദിവസം ജാഗ്രതയില്‍ ജനം, 28,891 നിയമലംഘനങ്ങള്‍ മാത്രം

Kochi Bureau

AI cameras detect 28,891 traffic violations on day one
X

Summary

  • അതേസമയം ഞായറാഴ്ച്ച 24 മണിക്കുൂറില്‍ 1,93,000 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ- നഗര ഭേദമില്ലാതെ എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ആദ്യ ദിവസം പകല്‍ അവസാനിക്കുമ്പോള്‍ പിടിവീണത് 28,891 നിയമലംഘനങ്ങള്‍ക്ക്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലത്താണ്. 4778 നിയമലംഘനങ്ങളാണ് കൊല്ലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 545 നിയമലംഘങ്ങള്‍ മാത്രമായി മലപ്പുറം ജില്ലയാണ് ഏറ്റവും കുറവ് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിലും താരതമ്യേന കുറവ് നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ എട്ട് മണിമുതലാണ് നിയമലംഘനങ്ങള്‍ക്ക് പിഴയിട്ടു തുടങ്ങിയത്. ആദ്യ ദിനമായതിനാല്‍ വന്‍തോതില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

തിങ്കളാഴ്ച്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള ഒന്‍പത് മണികൂറില്‍ സംസ്ഥാനത്ത് ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹെല്‍മറ്റ് ധരിക്കാത്തത്, സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കാത്തത്, ഡ്രൈവിംഗ് സമയത്തെ ഫോണ്‍ ഉപയോഗം, രണ്ടിലധികം പേരുമായുള്ള ഇരുചക്ര യാത്ര, അമിതവേഗം, അനധികൃത പാര്‍ക്കിംഗ്, ട്രാഫിക്ക് സിഗ്നല്‍ ലംഘിക്കല്‍ എന്നീ ഏഴ് നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്. അതേസമയം ഞായറാഴ്ച്ച 24 മണിക്കുൂറില്‍ 1,93,000 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

675 എഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജയമായിട്ടുള്ളത്.

എഐ ക്യാമറയുടെ പിഴയില്‍ പരാതിയുണ്ടെങ്കില്‍ നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. പരാതി അതാത് ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണെന്ന് എംവിഡി വ്യക്തമാക്കിയിരുന്നു.

കൊച്ചിയില്‍ വൈകീട്ട് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളിലായി സംഥാപിച്ച 62 എഐ ക്യാമറകള്‍ വഴി 70 പേര്‍ക്കാണ് പിഴയിട്ടതെന്നാണ് ആര്‍ടിഒ വിഭാഗം അറിയിച്ചിരിക്കുന്നത്.