image

23 Jan 2026 3:59 PM IST

World

ബോർഡ് ഓഫ് പീസ്, പുതിയ ചുവടുമായി ട്രംപ്, മോദിയുടെ മൗനത്തിന് പിന്നിൽ എന്താണ്?

Sruthi M M

ബോർഡ് ഓഫ് പീസ്, പുതിയ ചുവടുമായി ട്രംപ്, മോദിയുടെ മൗനത്തിന് പിന്നിൽ എന്താണ്?
X

Summary

ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി ട്രംപ് സ്വന്തം നിലയില്‍ ഒരു സമാന്തര ഭരണകൂടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണോ? ബോർഡ് ഓഫ് പീസിൽ മൗനവുമായി ഇന്ത്യ


ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് പുതിയ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 'ബോര്‍ഡ് ഓഫ് പീസ്' എന്ന സമിതി . സമാധാന സമിതിയല്ല. യുദ്ധം തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മ്മാണം മുതല്‍ ആഗോള സംഘര്‍ഷങ്ങള്‍ വരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു മള്‍ട്ടി-നാഷണല്‍ കോര്‍പ്പറേഷന്‍ പോലെയാണിത് വിഭാവനം ചെയ്തിരിക്കുന്നത്?

ജാരെഡ് കുഷ്‌നര്‍, ടോണി ബ്ലെയര്‍, മാര്‍ക്കോ റൂബിയോ തുടങ്ങി ട്രംപിന്റെ വിശ്വസ്തരുടെ ഒരു പട തന്നെ ഇതിന് പിന്നിലുണ്ട്.11 രാജ്യങ്ങള്‍ ഇതിനകം ഈ പുതിയ സമിതിയുടെ ഭാഗമായിക്കഴിഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവേശത്തോടെ ട്രംപിനൊപ്പം വേദി പങ്കിട്ടപ്പോള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ക്ഷണത്തോട് പച്ചക്കൊടി കാട്ടാത്തത്?

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപ് തന്റെ സ്വപ്ന പദ്ധതിയായ 'ബോര്‍ഡ് ഓഫ് പീസ്' ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, തകര്‍ന്നടിഞ്ഞ നഗരങ്ങളെ പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാല്‍ ചാര്‍ട്ടര്‍ പുറത്തുവന്നപ്പോള്‍ ലോകം ഞെട്ടി. ഗാസയെക്കുറിച്ച് ഈ രേഖയില്‍ ഒരക്ഷരം പോലുമില്ല! പകരം ലോകത്തെ ഏത് സംഘര്‍ഷങ്ങളിലും ഇടപെടാന്‍ അധികാരമുള്ള ഒരു 'സൂപ്പര്‍ പവര്‍' സമിതി രൂപീകരിക്കാനാണ് ട്രംപിന്റെ നീക്കം.

ട്രംപിന്റെ ക്ഷണത്തോട് പ്രതികരിക്കാത്ത ഇന്ത്യയുടെ നിലപാടിന് പിന്നിലും ശക്തമായ നാല് കാരണങ്ങളാണുള്ളത്.-ഐക്യരാഷ്ട്ര സഭയ്ക്ക് ബദല്‍ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായി മറ്റൊരു ആഗോള സംഘടന രൂപീകരിക്കുന്നത് ഇന്ത്യയുടെ നയമല്ല. ട്രംപ് ഇതിന്റെ ആജീവനാന്ത അധ്യക്ഷനായി തുടരുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി ട്രംപ് സ്വന്തം നിലയില്‍ ഒരു സമാന്തര ഭരണകൂടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന ഭീതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യയ്ക്കുമുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താനാണ് അവസാനിപ്പിച്ചത് എന്ന ട്രംപിന്റെ പുതിയ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞതാണ്. ഈ സമിതിയുടെ ഭാഗമായാല്‍ കശ്മീര്‍ വിഷയത്തില്‍ ട്രംപ് ഇടപെട്ടേക്കുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. കൂടാതെ പാകിസ്ഥാനൊപ്പം ഇത്തരം ഒരു വേദി പങ്കിടുന്നത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

ബോർഡ് അംഗത്വത്തിന് ഫീസ്

ബോര്‍ഡില്‍ സ്ഥിരാംഗത്വം വേണമെങ്കില്‍ ഒരു രാജ്യം ഒരു ബില്യണ്‍ ഡോളര്‍, അതായത് ഏകദേശം 8,500 കോടി രൂപ നല്‍കണമെന്ന നിബന്ധന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അംഗീകരിക്കാന്‍ പ്രയാസമാണ്.കൂടാതെ ഫ്രാന്‍സ്, റഷ്യ തുടങ്ങിയ ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കള്‍ ഈ സമിതിയോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഗാസയെ ഒരു ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനാണ് ട്രംപിന്റെ പ്ലാന്‍. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി പുലര്‍ത്തുന്ന 'ടു-സ്റ്റേറ്റ് സൊല്യൂഷന്‍' എന്ന നിലപാടിനെ ഇത് ബാധിക്കുമോ എന്ന് വിദേശകാര്യ മന്ത്രാലയം ഭയപ്പെടുന്നു.ട്രംപിന്റെ ഈ നീക്കം വെറുമൊരു സമാധാന സമിതിയല്ല, മറിച്ച് ഒരു വലിയ ബിസിനസ്സ്-നയതന്ത്ര നീക്കമായാണ് വിപണി വിദഗ്ധര്‍ കാണുന്നത്. ഗാസയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റുമെന്ന ട്രംപിന്റെയും മരുമകന്‍ ജാരെഡ് കുഷ്‌നറുടെയും പ്രസ്താവനകള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.

ഇന്ത്യ ഇപ്പോള്‍ പാലിക്കുന്ന ഈ മൗനം വെറും നിസ്സംഗതയല്ല, മറിച്ച് ലോകവേദിയില്‍ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കുന്ന തന്ത്രപരമായ നീക്കമാണ്. അതേസമയം, നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു രാഷ്ട്രീയ വാര്‍ത്തയല്ല. ട്രംപ് അധ്യക്ഷനായ ഈ ബോര്‍ഡ് വിജയിക്കുകയാണെങ്കില്‍, മിഡില്‍ ഈസ്റ്റിലെ വന്‍കിട നിര്‍മ്മാണ കരാറുകളും ഡിഫന്‍സ് ഡീലുകളും പോലും ഈ സമിതി വഴി മാത്രമായിരിക്കും ഇനി നടക്കുക. ഇത് ആഗോള എണ്ണവിലയെയും ഇന്ത്യന്‍ വിപണിയിലെ ഡിഫന്‍സ്, കണ്‍സ്ട്രക്ഷന്‍ ഓഹരികളെയും നേരിട്ട് ബാധിക്കും.