image

9 Jan 2026 3:47 PM IST

World

ട്രംപിന്റെ പുതിയ ആയുധം 'ഡോണ്‍റോ ഡോക്ട്രിന്‍' വിപണിയില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കും?

Sruthi M M

us pressure on trump to speed up trade deal
X

Summary

ട്രംപിൻ്റെ പുതിയ ആയുധം ഡോൺറോ ഡോക്ട്രിൻ എന്ന പോളിസിയാണ്. എന്താണിത്? വിപണിയിൽ എന്ത് പ്രത്യാഘാതമാണുണ്ടാക്കുക?


ആഗോള എണ്ണവിപണിയുടെ നിയമങ്ങള്‍ അടിമുടി മാറുകയാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വന്‍കിട ഊര്‍ജ്ജ യുദ്ധത്തിന് അമേരിക്ക തിരികൊളുത്തിക്കഴിഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ തന്ത്രം 'ഡോണ്‍റോ ഡോക്ട്രിന്‍' എന്ന നിലപാടാണ്. ചൈനയെ ലക്ഷ്യമിട്ട് വെനിസ്വേലന്‍ എണ്ണശേഖരം കൈപ്പിടിയിലൊതുക്കുന്ന ഈ നീക്കം ആഗോള വിപണിയില്‍ എന്ത് പ്രത്യാഘാതമാകും ഉണ്ടാക്കുക? ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇത് എങ്ങനെയൊക്കെ ബാധകമാകും?

എന്താണ് യഥാര്‍ത്ഥത്തില്‍ ഈ 'ഡോണ്‍റോ ഡോക്ട്രിന്‍'?

1823-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജെയിംസ് മണ്‍റോ അവതരിപ്പിച്ച 'മണ്‍റോ ഡോക്ട്രിന്റെ' ആധുനിക പതിപ്പാണിത്. പടിഞ്ഞാറന്‍ രാജ്യങ്ങളിൽ മറ്റ് വിദേശ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന അമേരിക്കയുടെ കടുത്ത നിലപാടാണിത്. 'മണ്‍റോ ഡോക്ട്രിന്‍' എന്ന ചരിത്രപരമായ നയത്തെ ഡൊണാള്‍ഡ് ട്രംപ് സ്വന്തം ശൈലിയില്‍ പുനര്‍നാമകരണം ചെയ്തതാണ് 'ഡോണ്‍റോ ഡോക്ട്രിന്‍' എന്ന്.

ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത് വെനിസ്വേലയില്‍ വേരൂന്നിയിരിക്കുന്ന ചൈനയെയും റഷ്യയെയും ഇറാനെയും പൂര്‍ണ്ണമായും ഈ മേഖലയിൽ നിന്ന് പുറത്താക്കുക എന്നതാണ്. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.ഇത് വെറുമൊരു സാമ്പത്തിക നയമല്ല, മറിച്ച് 2026-ന്റെ തുടക്കത്തില്‍ അമേരിക്കന്‍ വിദേശനയത്തില്‍ വന്ന ഏറ്റവും വലിയ മാറ്റമാണ്.

ലാറ്റിൻ അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിൽ അമേരിക്കയുടെ അധികാരം ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് പ്രധാന ലക്ഷ്യം. വെനിസ്വേല പോലുള്ള രാജ്യങ്ങളില്‍ സ്വാധീനമുറപ്പിച്ചിട്ടുള്ള ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ ഈ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും തുരത്തുക. വിഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക. വെനിസ്വേലയിലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം അമേരിക്കന്‍ കമ്പനികളുടെ നിയന്ത്രണത്തിലാക്കാൻ ട്രംപ് ശ്രമിക്കുന്നു.

വെനിസ്വേലന്‍ അട്ടിമറിക്ക് പിന്നിൽ

ഈ നയത്തിന്റെ ഏറ്റവും വലിയ പ്രായോഗിക രൂപമായിരുന്നു വെനിസ്വേലയില്‍ നടന്ന സൈനിക നീക്കം.അമേരിക്കന്‍ സൈന്യം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു.ഇതിനു പിന്നാലെ, വെനിസ്വേലന്‍ എണ്ണ ഇനി ചൈനയ്ക്കല്ല, പകരം അമേരിക്കയ്ക്കായിരിക്കും നല്‍കുക എന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഈ നീക്കത്തിന്റെ ഭാഗമായി 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു.ഇത് ചൈനയിലേക്കുള്ള എണ്ണ വിതരണ ശൃംഖല മുറിച്ചുമാറ്റൽ കൂടെയാണ്. കഴിഞ്ഞ വര്‍ഷം വെനിസ്വേലയുടെ എണ്ണ കയറ്റുമതിയുടെ 50 ശതമാനത്തിലധികവും പോയിരുന്നത് ചൈനയിലേക്കായിരുന്നു. ഈ എണ്ണ ഇനി അമേരിക്കന്‍ റിഫൈനറികളിലേക്ക് ഒഴുകും. അതായത് ചൈനയുടെ നാല് മാസത്തെ എണ്ണ വിതരണമാണ് അമേരിക്ക ഒറ്റയടിക്ക് പിടിച്ചെടുക്കുന്നത്.

ചൈനയെ സാമ്പത്തികമായി തളര്‍ത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍. വെനിസ്വേലയുടെ എണ്ണപ്പാടങ്ങളില്‍ ചൈനയ്ക്കുള്ള വന്‍കിട സംയുക്ത സംരംഭമായ 'പെട്രോസിനോവെന്‍സ' ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഉപേക്ഷിക്കാന്‍ ട്രംപ് ഭരണകൂടം വെനിസ്വേലയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ചൈനയുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കാന്‍ വെനിസ്വേലയുടെ ഇടക്കാല ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഈ ആവേശകരമായ നീക്കം അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക് ഒരു 'ബൂമറാങ്' ആയി മാറുമോ എന്ന ആശങ്കയും ശക്തമാണ്. എക്‌സോണ്‍ മൊബീല്‍ , ഷെവ്‌റോണ്‍ തുടങ്ങിയ ഭീമന്‍ കമ്പനികള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.

അമേരിക്കയുടെ ഈ പുതിയ 'എണ്ണ യുദ്ധം' ലോകത്തെ മാറ്റിമറിക്കാന്‍ പോവുകയാണ്. ചൈന ഇതിനോട് എങ്ങനെ പ്രതികരിക്കും? അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക് ഈ നീക്കം വലിയ ലാഭമുണ്ടാക്കുമോ അതോ വന്‍ നഷ്ടം വരുത്തിവെക്കുമോ? വരും ദിവസങ്ങളില്‍ ലോക വിപണി ഈ ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം നല്‍കും.