image

7 Jun 2023 3:18 AM GMT

Stock Market Updates

നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രൈസ് ബാൻഡ് എൻഎസ്ഇ ഉയർത്തി

MyFin Desk

Adani Group News
X

Summary

  • സര്‍ക്യൂട്ട് പരിധി 20 ശതമാനമാക്കി ഉയര്‍ത്തി
  • മൊത്തം 172 കമ്പനികളുടെ സർക്യൂട്ട് പരിധി പരിഷ്കരിച്ചു
  • ജനുവരിയില്‍ അദാനി കമ്പനികളുടെ പരിധി കുറച്ചിരുന്നു


അദാനി പവർ, അദാനി ട്രാൻസ്‍മിഷന്‍ എന്നിവയുൾപ്പെടെ നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്കായുള്ള പ്രൈസ് ബാൻഡ് ഉയര്‍ത്തുന്നതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) അറിയിച്ചു. ബുധനാഴ്ച മുതൽ ഈ മാറ്റങ്ങള്‍ പ്രാബല്യത്തിൽ വരും. വില ഒരു ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം മുകളിലേക്കോ താഴേക്കോ നീങ്ങാൻ കഴിയില്ലെന്ന് ഉറപ്പാക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു..

എൻഎസ്ഇ അദാനി പവറിന്റെ സർക്യൂട്ട് പരിധി നിലവിലെ 5 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി ഉയർത്തി. അദാനി വിൽമർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ സർക്യൂട്ട് പരിധി നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി. മൊത്തം 172 കമ്പനികളുടെ സർക്യൂട്ട് പരിധി പരിഷ്കരിക്കാനാണ് എന്‍എസ്ഇ തീരുമാനിച്ചിരിക്കുന്നത്.

ജനുവരിയിൽ ബിഎസ്ഇയും എൻഎസ്ഇയും അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ സർക്യൂട്ട് പരിധി കുറച്ചിരുന്നു. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അദാനി ഓഹരികൾ നേരിട്ട കനത്ത തകർച്ചയെ തുടർന്നായിരുന്നു ഈ തീരുമാനം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെയറുകളുടെ വിലയിലെ വലിയ ചലനങ്ങൾ ഉണ്ടാകുന്നത് തടയാനാണ് സാധാരണയായി എക്സ്ചേഞ്ചുകൾ സർക്യൂട്ട് പരിധി നിശ്ചയിക്കുന്നത്. .

അദാനി ഗ്രൂപ്പ് ഓഹരികളുടെ വിലയില്‍ കൃത്രിമത്വവും വഞ്ചനയും ആരോപിക്കുന്നതായിരുന്നു ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. ഹിൻഡൻബർഗിനെ "ഒരു അധാർമിക ഷോർട്ട് സെല്ലർ" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദാനി ഗ്രൂപ്പ് ആരോപണങ്ങളെ നേരിട്ടത്. റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ട മുഴുവന്‍ ആരോപണങ്ങളും അവാസ്‍തവമാണെന്നും കമ്പനി വാദിക്കുന്നു.

ഹിൻഡൻബർഗിന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിപണി നിയന്ത്രകരായ സെബി നിലവില്‍ അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം നടത്തുന്നുണ്ട്. വിപുലമായ പരിശോധനകള്‍ക്കും നിഗമനങ്ങള്‍ക്കുമായി കൂടുതല്‍ സമയം നല്‍കണമെന്ന സെബിയുടെ ആവശ്യം മേയ് 17ന് സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 14നുള്ളില്‍ അന്വേഷണം പൂര്‍ത്തിക്കാനാണ് നിലവില്‍ കോടതി നിർദേശിച്ചിട്ടുള്ളത്.