6 Feb 2026 2:17 PM IST
ബിറ്റ്കോയിന്‍ തകരുന്നു! 65,000 ഡോളറിനും താഴേക്ക്; ക്രിപ്റ്റോ വിപണിയില്‍ സംഭവിച്ചതെന്ത്?
Sruthi M M
Bitcoin Crash 2026
Summary
ഒരൊറ്റ വർഷത്തിനിടെ 34% ഇടിവ്; ബിറ്റ്‌കോയിൻ റെക്കോർഡ് ഉയരത്തിൽ നിന്നും കൂപ്പുകുത്തുന്നു. ക്രിപ്റ്റോ ലോകത്തെ നിലവിലെ ആശങ്കകളും വിദഗ്ധ നിരീക്ഷണങ്ങളും
ക്രിപ്‌റ്റോ ലോകത്ത് അപ്രതീക്ഷിത സുനാമി. ബിറ്റ്കോയിന്‍ 65,000 ഡോളറിനും താഴേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും വിപണിയിലെ കടുത്ത ഭീതിയും ബിറ്റ്കോയിനെ അടിപതറിക്കുമ്പോള്‍, നിക്ഷേപകര്‍ ആശങ്കയിലാണ്. എന്താണ് ഈ ക്രിപ്‌റ്റോ തകര്‍ച്ചയ്ക്ക് പിന്നില്‍? നമുക്ക് പരിശോധിക്കാം.2025 ഒക്ടോബറില്‍ 1,26,000 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന ബിറ്റ്കോയിന്‍ ഇന്ന് വെറും 64,352 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ മൂല്യത്തില്‍ ഏകദേശം 34 ശതമാനത്തിന്റെ ഇടിവ്! കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഇടയ്ക്ക് 60,000 ഡോളറിന് താഴേക്ക് പോയെങ്കിലും നിലവില്‍ 64,000 ഡോളറിന് മുകളില്‍ പിടിച്ച് നില്‍ക്കാന്‍ ബിറ്റ്കോയിന്‍ ശ്രമിക്കുന്നുണ്ട്.
വില്ലനായത് ട്രംപോ?
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപ് ക്രിപ്‌റ്റോ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്‌റ്റോ തലസ്ഥാനം' ആക്കുമെന്നും ബിറ്റ്കോയിന്‍ റിസര്‍വ് നിര്‍മ്മിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. ഇത് വിശ്വസിച്ച് വലിയ സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ പണം ബിറ്റ്കോയിനില്‍ നിക്ഷേപിച്ചു. ട്രംപ് അധികാരത്തില്‍ വന്നാല്‍ വിപണി റോക്കറ്റ് പോലെ കുതിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ അധികാരമേറ്റെടുത്ത ശേഷം പ്രായോഗികമായ മാറ്റങ്ങള്‍ വിചാരിച്ച വേഗതയില്‍ ഉണ്ടാകാത്തത് നിക്ഷേപകരെ നിരാശരാക്കി. ഇതിന് പിന്നാലെയാണ് ഭരണകൂടം ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് മേല്‍ കര്‍ശനമായ നികുതിയോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്തകള്‍ നിക്ഷേപകരിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ നിയമങ്ങള്‍ കടുപ്പിക്കുന്നത് സ്ഥാപന നിക്ഷേപകര്‍ക്ക് വിപണിയില്‍ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാക്കും.
അതുപോലെ തന്നെ യുഎസ് സമ്പദ്വ്യവസ്ഥയില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നാല്‍, സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് കൂടുമ്പോള്‍ നിക്ഷേപകര്‍ ക്രിപ്‌റ്റോ പോലുള്ള 'റിസ്‌ക്' കൂടിയ ആസ്തികളില്‍ നിന്ന് പണം പിന്‍വലിച്ച് സുരക്ഷിതമായ മറ്റ് നിക്ഷേപങ്ങളിലേക്ക് മാറും. ഇത്തരം വാര്‍ത്തകളും വിപണിയില്‍ നെഗറ്റീവ് ഫലമുണ്ടാക്കി.
ചുരുക്കത്തില്‍ വിപണി ഇപ്പോള്‍ അതിശക്തമായ ഭീതിയുടെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ട്രംപിന്റെ രണ്ടാം വരവോടെ വിപണി ശക്തമാകുമെന്ന് കരുതിയ സ്ഥാപന നിക്ഷേപകര്‍ക്ക് പിഴച്ചു. രാഷ്ട്രീയ നയങ്ങളിലെ അനിശ്ചിതത്വം ബിറ്റ്കോയിനിലെ വൊളാറ്റിലിറ്റി വര്‍ദ്ധിപ്പിച്ചു. ഇതിനുപുറമെ, ട്രഡീഷണല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ തകര്‍ച്ചയും ക്രിപ്‌റ്റോ വിപണിയെ ബാധിച്ചിട്ടുണ്ട്. വെറും 24 മണിക്കൂറിനുള്ളില്‍ 100 കോടി ഡോളറിലധികം മൂല്യമുള്ള ബിറ്റ്കോയിന്‍ പൊസിഷനുകളാണ് ലിക്വിഡേറ്റ് ചെയ്യപ്പെട്ടത്. ഇതില്‍ 89 ശതമാനവും 'ലോങ് പൊസിഷനുകള്‍' ആയിരുന്നു എന്നത് വിപണിയിലെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു.ബിറ്റ്കോയിന്‍ മാത്രമല്ല, പ്രമുഖ ആള്‍ട്ട്‌കോയിനുകളും ചുവപ്പിലാണ്. എഥേറം 1,908 ഡോളറിലേക്ക് താഴ്ന്നു. 8.85% ഇടിവ്.ബിനാന്‍സ് 10 ശതമാനത്തിലധികം ഇടിഞ്ഞ് 619 ഡോളറിലെത്തി. സൊളാന അടക്കമുള്ളവയും കടുത്ത വില്പന സമ്മര്‍ദ്ദത്തിലാണ്. ആകെ ക്രിപ്‌റ്റോ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 10 ശതമാനം ഇടിഞ്ഞ് 2.23 ട്രില്യണ്‍ ഡോളറായി ചുരുങ്ങിയിരിക്കുന്നു.
ഇനി വിപണി എങ്ങോട്ട്?
വിദഗ്ധരുടെ അഭിപ്രായത്തില്‍, ബിറ്റ്കോയിന്‍ 63,047 ഡോളറിലെ സപ്പോര്‍ട്ട് ലെവല്‍ നിലനിര്‍ത്തുകയാണെങ്കില്‍ ഒരു റിലീഫ് ബൗണ്‍സ് പ്രതീക്ഷിക്കാം. എന്നാല്‍ ഇത് തകര്‍ന്നാല്‍ വില 60,000 ഡോളറിന് താഴേക്ക് പോകാന്‍ സാധ്യതയുണ്ട്. ലോങ്ങ് ടേം നിക്ഷേപകര്‍ക്ക് ഇതൊരു മികച്ച അക്യുമുലേഷന്‍ അവസരമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, 70,000 ഡോളര്‍ എന്ന റെസിസ്റ്റന്‍സ് മറികടന്നാല്‍ മാത്രമേ വിപണിയില്‍ ഒരു ബുള്ളിഷ് ട്രെന്‍ഡ് തിരികെ വരു എന്ന് ഉറപ്പിക്കാന്‍ സാധിക്കൂ.വിപണിയിലെ ഈ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍, നയപരമായ വ്യക്തത വരുന്നത് വരെ നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളും ലിക്വിഡിറ്റിയും വരും ദിവസങ്ങളില്‍ ബിറ്റ്കോയിന്റെ ഗതി നിര്‍ണ്ണയിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
