image

1 Nov 2023 11:46 AM IST

Equity

5 വര്‍ഷത്തില്‍ സെന്‍സെക്സ് 1 ലക്ഷം തൊടും: മാര്‍ക്ക് മൊബിയസ്

MyFin Desk

5 വര്‍ഷത്തില്‍ സെന്‍സെക്സ് 1 ലക്ഷം തൊടും: മാര്‍ക്ക് മൊബിയസ്
X

Summary

  • ചൈനയില്‍ ശ്രദ്ധവെക്കുന്നത് എളുപ്പം പുറത്ത് കടത്താവുന്ന ആസ്തികളില്‍
  • നിക്ഷേപത്തിന് മുമ്പ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിക്ക് പുറമേ പ്രവര്‍ത്തന സംസ്‍കാരവും വിലയിരുത്തും


അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സെൻസെക്‌സ് 100,000 പോയിന്‍റില്‍ എത്തുമെന്ന് വികസ്വര വിപണികളിലെ വിഖ്യാത നിക്ഷേപകൻ മാർക്ക് മൊബിയസ്. നിലവിലെ നിലവാരത്തേക്കാൾ 56 ശതമാനം വർധനയാണിത്. മുംബൈയില്‍ മോണിംഗ്‌സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിൽ സംസാരിക്കവേയാണ് മൊബിയസ് ഈ നിരീക്ഷണം നടത്തിയിട്ടുള്ളത്.

മൊബിയസിന്റെ പോർട്ട്‌ഫോളിയോയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. വൈവിധ്യം, സർഗ്ഗാത്മകത, ജനസംഖ്യയിലെ ഉയര്‍ന്ന യുവജന പ്രാതിനിധ്യം എന്നിവ ഇന്ത്യയുടെ കരുത്താണെന്ന് അദ്ദേഹം വിലയിരുത്തുന്നു. “യുവാക്കൾ സാങ്കേതികവിദ്യ വലിയ തോതിൽ ഉപയോഗിക്കുന്നു. ഭാവി ആവേശകരമാണ്,” മൊബിയസ് പറഞ്ഞു.

മറ്റ് വളർന്നുവരുന്ന വിപണികളെ അപേക്ഷിച്ച് ഇന്ത്യ പ്രീമിയത്തിൽ വ്യാപാരം നടത്തും. എങ്കിലും, മൂലധനത്തിനു മേല്‍ ലഭിക്കുന്ന വരുമാനത്തിലും ദീര്‍ഘ കാലയളവിലെ വിപണിയുടെ വളർച്ചാ സാധ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ പാസിവ് മ്യൂച്വൽ ഫണ്ടുകളുടെ വളർച്ച വേഗത്തിലാണ്. പാസിവും ആക്റ്റിവുമായ ഉൽപ്പന്നങ്ങളുടെ മിശ്രിതമാണ് നിക്ഷേപകർക്ക് അനുയോജ്യമായതെന്ന് മൊബിയസ് കരുതുന്നു.

മീഡിയം, സ്‌മോൾ ക്യാപ് സ്റ്റോക്കുകളിലെ നിക്ഷേപം ഇഷ്ടപ്പെടുന്നതായും ഇവയിലെ ശരിയായ തെരഞ്ഞെടുക്കലുകള്‍ക്ക് വലിയ വരുമാനം നൽകാനാകുമെന്നും മൊബിയസ് പറഞ്ഞു. നിക്ഷേപത്തിനായി ഒരു ഒരു കമ്പനി തിരഞ്ഞെടുക്കുന്നതിന് മുമ്പ് അതിന്‍റെ സാമ്പത്തിക ഘടകങ്ങള്‍ക്കു പുറമേ മാനേജ്മെന്റ്, ഡയറക്ടർ ബോർഡ്, പരിസ്ഥിതി, സാമൂഹികം, പ്രവര്‍ത്തന സംസ്കാരം തുടങ്ങിയ ഘടകങ്ങളെ വിലയിരുത്താറുണ്ടെന്നും മൊബിയസ് പറയുന്നു. “ഈ മറ്റു ഘടകങ്ങളെ മെച്ചപ്പെടുത്താൻ തയാറാകാത്ത കമ്പനികളാണെങ്കില്‍ ഞങ്ങൾ നിക്ഷേപിക്കില്ല. സർക്കാർ കരാറുകളെ വളരെയധികം ആശ്രയിക്കുന്ന കമ്പനികളിൽ നിന്ന് ഞങ്ങൾ വിട്ടുനിൽക്കുന്നു. ബോർഡിലെ വൈവിധ്യവും ഞങ്ങൾ വിലയിരുത്തുന്ന മറ്റൊരു വശമാണ്, ”മൊബിയസ് പറഞ്ഞു.

പുതിയ നേതൃത്വം കാരണം ചൈന വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റർപ്രൈസ് സ്പിരിറ്റ് വളരെയധികം മങ്ങിയതായി പല നിക്ഷേപകരും കരുതുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ നേരിടുമ്പോൾ രാജ്യത്തിന് പുറത്തേക്ക് എളുപ്പത്തിൽ മാറാൻ കഴിയുന്ന ആസ്തികളിലാണ് അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മൊബിയസ് കൂട്ടിച്ചേര്‍ത്തു.