3 Dec 2025 12:34 PM IST
തിരിച്ചുകയറി ബജാജ് ഹൗസിങ് ഫിനാൻസ്; പ്രമോട്ടർമാർ ഓഹരി വിൽക്കാൻ കാരണമെന്താണ്?
MyFin Desk
Summary
ബജാജ് ഓഹരികളിലെ കൂട്ടത്തകർച്ചക്ക് കാരണമെന്താണ്?
കഴിഞ്ഞ ദിവസത്തെ തകർച്ചക്ക് ശേഷം ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരികളിൽ മുന്നേറ്റം. 97.95 രൂപയിലാണ് ബുധനാഴ്ച വ്യാപാരം. പ്രൊമോട്ടറായ ബജാജ് ഫിനാൻസ്, ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരികൾ വിറ്റഴിച്ചതാണ് കഴിഞ്ഞ ദിവസത്തെ വിലയിടിവിന് കാരണം. 16.66 കോടി ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ പ്രമോട്ടർമാർ വിറ്റഴിച്ചത്. ഏകദേശം 1,890 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് വിറ്റഴിച്ചത്. മുൻ ദിവസങ്ങളിലെ ഓഹരി വിലയേക്കാൾ കുറഞ്ഞ വിലയിലാണ് വിൽപ്പന നടന്നത്. പ്രഖ്യാപനത്തെത്തുടർന്ന് ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.
കമ്പനിയുടെ പ്രൊമോട്ടറായ ബജാജ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ മൊത്തം പെയിഡ് അപ് കാപിറ്റലിൻ്റെ 88.70 ശതമാനവും കൈവശം വെച്ചിരുന്നു. ഓഹരികൾ വിറ്റഴിച്ചതോടെ ഈ ഓഹരി പങ്കാളിത്തം കുറയും. കഴിഞ്ഞ വർഷമാണ് ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഒരു ഓഹരിക്ക് 70 രൂപയായിരുന്നു ഐപിഒ വില. ലിസ്റ്റ് ചെയ്തതിനുശേഷം, ഓഹരി വില 190 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു. ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഏകദേശം 50 ശതമാനമായിരുന്നു ഇടിവ്. കഴിഞ്ഞ ദിവസം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഓഹരി വില ഇടിഞ്ഞിരുന്നു.
പ്രമോട്ടർമാർ ഓഹരി വിൽക്കാൻ കാരണമെന്താണ്?
പൊതു ഓഹരി ഉടമകളുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച സെബിയുടെ പുതിയ നിർദേശത്തെ തുടർന്നാണ് പ്രൊമോട്ടറായ ബജാജ് ഫിനാൻസ്, ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരി പങ്കാളിത്തം കുറച്ചത്. ലിസ്റ്റഡ് കമ്പനികളിൽ പൊതു നിക്ഷേപകർക്ക് കുറഞ്ഞത് 25 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണമെന്നാണ് സെബി നിർദേശിക്കുന്നത്. നേരത്തെ ബജാജ് ഫിനാൻസ്, ബജാജ് ഹൗസിംഗ് ഫിനാൻസിൽ 88.70 ശതമാനം ഓഹരികളാണ് കൈവശം വച്ചിരുന്നത്. ഇത് സെബി അനുവദിച്ച പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തത്തിനുള്ള പരിധിയായ 75 ശതമാനത്തേക്കാൾ കൂടുതലായിരുന്നു. ഇതാണ് ഓഹരി പങ്കാളിത്തം കുറയ്ക്കാൻ കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
