image

12 Feb 2026 1:46 PM IST

Stock Market Updates

ഐടിയിൽ വൻ തകർച്ച; നിക്ഷേപകർ എന്ത് ചെയ്യണം? ഇൻഫോസിസ് , റ്റെക്സ് ഓഹരികൾ ഇടിഞ്ഞത് എന്തുകൊണ്ട്?

Sruthi M M

Indian IT companies stock price fall chart February 2026
X

നിഫ്റ്റി ഐടി സൂചിക 200-DMA തകർത്ത് താഴേക്ക്; ഐടി ഓഹരികളിൽ കടുത്ത വിൽപ്പന സമ്മർദ്ദം.

Summary

നിക്ഷേപകരുടെ 1.3 ലക്ഷം കോടി രൂപ ഒലിച്ചുപോയി; ഐടി കമ്പനികളെ തളർത്തുന്നത് എഐ ഭീതിയോ?


ഐടി ഓഹരികളുടെ കൂട്ടത്തകര്‍ച്ചയാണ് ഇന്ന് വിപണിയില്‍ കാണുന്നത്. ഐടി സൂചിക 5 ശതമാനത്തോളം ഇടിഞ്ഞ് 33,408.15 എന്ന നിലയിലെത്തി. കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. കൊഫോര്‍ജ് ഓഹരിയാണ് 6% ഇടിവോടെ ഐടി ഇന്‍ഡക്‌സിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത്.ഇൻഫോസിസ് , ടിസിഎസ് , വിപ്രോ , എൽടിഐ മൈന്ഡ്ട്രീ തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം 5% വരെ ഇടിവ് നേരിട്ടു.ഒരൊറ്റ ദിവസം കൊണ്ട് ഐടി കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 1.3 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.

എന്തുകൊണ്ടാണ് ഐടി ഓഹരികള്‍ ഇന്ന് കൂപ്പുകുത്തിയത്?

1. യുഎസ് തൊഴില്‍ റിപ്പോര്‍ട്ടും പലിശ നിരക്കും

ജനുവരിയിലെ യുഎസ് ജോബ് റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു. സാധാരണഗതിയില്‍ ഇത് ശുഭവാര്‍ത്തയാണെങ്കിലും, വിപണി ഇതിനെ കാണുന്നത് ഭയത്തോടെയാണ്. കാരണം, സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നത് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കില്ല. ഉയര്‍ന്ന പലിശ നിരക്ക് ഐടി കമ്പനികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കും.

2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീതി

Anthropic എന്ന എഐ സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കിയ പുതിയ ലീഗല്‍ എഐ ടൂള്‍ ഐടി സേവന മേഖലയ്ക്ക് വലിയ ഭീഷണിയാകുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. കോഡിംഗ്, ബഗ് ഫിക്‌സിംഗ് തുടങ്ങിയ ജോലികള്‍ എഐ വേഗത്തില്‍ ചെയ്യുന്നതോടെ, ഇന്ത്യന്‍ ഐടി കമ്പനികളുടെ പരമ്പരാഗത ബിസിനസ് മോഡലുകള്‍ തകരുമോ എന്നതാണ് പ്രധാന ചോദ്യം.

വിദഗ്ധര്‍ പറയുന്നത് എന്ത്?

ഈ തകര്‍ച്ചയെക്കുറിച്ച് വിപണി വിദഗ്ധര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. നിലവിലെ ഐടി സൂചികയുടെ ഇടിവ് യുക്തിപരമെന്നതിലുപരി വൈകാരികമാണ്. എഐ ഒരു പ്രൊഡക്റ്റിവിറ്റി ടൂൾ മാത്രമാണ്. എഐക്ക് കോഡ് എഴുതാനും ബഗുകള്‍ തിരുത്താനും സാധിക്കും, പക്ഷേസങ്കീര്‍ണ്ണമായ ബിസിനസ് സംവിധാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. ഒരു വലിയ കമ്പനിയുടെ സിസ്റ്റം പരാജയപ്പെട്ടാല്‍ ഒരു അല്‍ഗോരിതത്തെ കോടതിയില്‍ കൊണ്ടുപോകാന്‍ കഴിയില്ല. അവിടെ മനുഷ്യന്റെ ബുദ്ധിയും തീരുമാനങ്ങളും തന്നെ വേണമെന്നാണ് ദര്‍ശന്‍ റാത്തോഡ് (സിഒഒ, മൾട്ടിഫൈ) പ്രതികരിച്ചത്. അതേസമയം എഐ കൊണ്ട് ഗുണമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.സോഫ്റ്റ്വെയര്‍ നിര്‍മ്മാണം ചെലവ് കുറഞ്ഞതാകുമ്പോള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷനായി കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തും. ഇത് ഐടി കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കാം പ്ലസ് ക്യാഷ് സിഇഒ പ്രണവ് കൂമാര്‍ പറയുന്നു.

എഐ പ്ലാറ്റ്ഫോമുകള്‍ പരമ്പരാഗത ഐടി വരുമാനത്തെ ബാധിക്കുമെന്ന ഭയമാണ് വലിയ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കാരണമായത്. എന്നാല്‍ വ്യക്തമായ എഐ പ്ലാനുകളുള്ള കമ്പനികള്‍ വിപണിയില്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഇപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്ന് ധാരാളം വര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.

എഐയെ പേടിച്ചു മാറി നില്‍ക്കാതെ, അതിനെ സ്വന്തം ബിസിനസ്സില്‍ ഉള്‍പ്പെടുത്തുന്ന കമ്പനികള്‍ ഭാവിയില്‍ വലിയ വളര്‍ച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഡോ. വി.കെ വിജയകുമാറിൻ്റെ(ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ് , ജിയോജിത് ഫിനാൻഷ്യൽ സെർവീസസിൻ്റെ അഭിപ്രായത്തില്‍ ആന്ത്രോപ്പിക് ആഘാതത്തില്‍പ്പെട്ട ടെക് ഓഹരികള്‍ ഉടന്‍ കരകയറാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ഐടി മേഖല കുറച്ചുകാലം കൂടി കഷ്ടപ്പെടേണ്ടി വരും. നിക്ഷേപകര്‍ ഐടി മേഖലയില്‍ നിന്നും മറ്റ് മികച്ച സെക്ടറുകളിലേക്ക് മാറുന്നത് ഗുണകരമാകും.ചുരുക്കത്തില്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, എഐ എന്‍ജിനീയര്‍മാരെ പകരം വെക്കുകയല്ല , മറിച്ച് അവരുടെ ജോലി രീതി മാറ്റുകയാണ്‌ചെയ്യുന്നത്. എഐ ഉപയോഗിക്കാന്‍ പഠിക്കുന്ന എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ മൂല്യമുണ്ടാകും. .

ടെക്‌നിക്കല്‍ അനാലിസിസ്

ഐടി സൂചിക അതിന്റെ 200-DMA (200-Day Moving Average) തകര്‍ത്തു താഴേക്ക് പോയിരിക്കുകയാണ്. ദീര്‍ഘകാല നിക്ഷേപകര്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു സൂചകമാണിത്. ഇതിനു താഴെ ഓഹരി വില വരുന്നത് വിപണിയില്‍ 'ബെയറിഷ്' അഥവാ ഇടിവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.ഇപ്പോള്‍ സൂചിക 33,000 - 34,000 എന്ന സുപ്രധാന മേഖലയിലാണ്. ഈ ലെവല്‍ തകര്‍ന്നാല്‍ വില 32,000 വരെ താഴാന്‍ സാധ്യതയുണ്ട്. വിപണി തിരിച്ചു കയറാന്‍ ശ്രമിച്ചാലും 35,500 - 36,500 മേഖലയില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദം നേരിടാം. 37,500 - 38,000 കടന്നാല്‍ മാത്രമേ ഐടി മേഖലയില്‍ ഇനി ഒരു കുതിപ്പ് പ്രതീക്ഷിക്കാനാവൂ.വിപണി അല്പം ഉയര്‍ന്നാലും അത് ലാഭമെടുക്കാനുള്ള അവസരമായി കണ്ട് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ചാടിക്കയറി വാങ്ങുന്നതിനേക്കാള്‍, വിപണി സ്ഥിരത കൈവരിക്കുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.നിലവില്‍ RSI (Relative Strength Index) സൂചിപ്പിക്കുന്നത് ഐടി ഓഹരികള്‍ അമിതമായി വിറ്റഴിക്കപ്പെട്ടു എന്നാണ്. ഇത് അര്‍ത്ഥമാക്കുന്നത് വരും ദിവസങ്ങളില്‍ ഒരു ചെറിയ തിരിച്ചുകയറ്റം (Technical Bounce) ഉണ്ടായേക്കാം എന്നാണ്. പക്ഷേ, അത് വിപണി മൊത്തത്തില്‍ പോസിറ്റീവ് ആയി എന്നതിന്റെ ലക്ഷണമായി കാണരുത്.

നിക്ഷേപകര്‍ അറിയേണ്ടത്

യുഎസ് ബോണ്ട് യീല്‍ഡ്: അമേരിക്കയിലെ ബോണ്ട് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് ഐടി ഓഹരികളുടെ മൂല്യത്തെ ബാധിക്കും

വോളിയം: വലിയ അളവില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെടുന്നത് വിപണിയിലെ കടുത്ത ആശങ്കയെയാണ് കാണിക്കുന്നത്.

പ്രധാന ഓഹരികള്‍: വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ അവയുടെ പ്രധാന സപ്പോര്‍ട്ട് ലെവലുകള്‍ക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്.

ചുരുക്കത്തില്‍ ഐടി മേഖല ഇപ്പോള്‍ ഒരു 'വെയ്റ്റ് ആന്‍ഡ് വാച്ച്' മാഡിലാണ്. 33,000 എന്ന ലെവലില്‍ വിപണി പിടിച്ചുനില്‍ക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.