image

5 July 2023 12:00 PM IST

Business

മഴ കനത്തു; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് വിലക്ക്

Kochi Bureau

മഴ കനത്തു; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് വിലക്ക്
X

Summary

  • കല്ലാര്‍കുട്ടി ഡാം, പാംബ്ല ഡാം, മണിമലയാര്‍ ഡാം എന്നിവ തുറന്നു കഴിഞ്ഞു


മഴ കനത്തതോടെ സംസ്ഥാനത്തെ പല വിനോന്ദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ വന്നു തുടങ്ങി. പൊന്മുടി, മീന്‍മുട്ടി, കല്ലാര്‍, മങ്കയം തുടങ്ങി തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. കനത്ത് മഴയാണ് ഈ പ്രദേശങ്ങളില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

മാത്രമല്ല തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസ് ഒഴികെയുള്ള ഗതാഗതം, ബിച്ച് വിനോന്ദ സഞ്ചാരം എന്നിവ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ മലയോര മേഖലകളിലേക്കുള്ള യാത്രകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു

മഴ കനത്തതോടെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക് നിലവില്‍ വരുമെന്നാണ് വിലയിരുത്തല്‍. ഇടുക്കി കല്ലാര്‍കുട്ടി ഡാം, പാംബ്ല ഡാം, പത്തനംതിട്ടയിലെ മണിമലയാര്‍ ഡാം എന്നിവ ഇതിനോടകം തുറന്ന് കഴിഞ്ഞു. മഴയുടെ തോതനുസരിച്ച് കൂടുതല്‍ ഡാമുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

അവതാളത്തിലാകുമോ മണ്‍സൂണ്‍ ടൂറിസം

മണ്‍സൂണിന്റെ വരവില്‍ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിരവധി പാക്കേജുകളാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പലതും മികച്ച പ്രതികരണങ്ങള്‍ നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാവി ആശങ്കയിലാണ്. ഒരു മാസം മുന്‍പ് വരെ മഴയില്ലാത്തതിനാല്‍ മൂന്നാറില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാത്രമല്ല മണ്‍സൂണ്‍ ടൂറിസത്തിലൂടെ കേരളത്തേിലേയ്ക്ക് അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പദ്ധതിയിട്ടിരുന്നു. ഏഴ് കോടി രൂപയോളമാണ് ഇതിന്റെ പ്രചാരണ പരിപാടികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ വേനലവധിയായതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ആയുര്‍വേദ ചികിത്സയും വെല്‍നെസ് ടൂറിസവും ഇക്കാലത്താണെന്നുള്ളതും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ രണ്ട് പ്രളയത്തിന്റെ പാഠം സംസ്ഥാനത്തിന് മുന്നിലുള്ളതിനാല്‍ നിലവിലെ ശക്തമായ മഴ ടൂറിസത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്.