29 May 2026 11:37 AM IST
സിഎംആർഎൽ ലാഭത്തിൽ 47% ഇടിവ്; ഇ.ഡി നടപടികൾക്കിടയിലും ആശ്വാസമായി ഡിവിഡന്റ് പ്രഖ്യാപനം!
Sruthi M M
ഇ.ഡി അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തെ പ്രവർത്തന ഫലം പുറത്തുവിട്ട് സി.എം.ആർ.എൽ മാനേജ്മെന്റ്.
Summary
മാസപ്പടി വിവാദവും ഇ.ഡി റെയ്ഡും സി.എം.ആർ.എല്ലിനെ ഉലയ്ക്കുമ്പോൾ 2025-26 വാർഷിക സാമ്പത്തിക ഫലം പുറത്തുവിട്ടു. വൻ ലാഭത്തകർച്ചയിലും ഓഹരി ഉടമകൾക്ക് 8 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ച് മാനേജ്മെന്റ്. നിക്ഷേപകർ ഇനി എന്ത് ചെയ്യണം?
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയതോടെ കടുത്ത പ്രതിസന്ധിയിലായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) നിർണ്ണായകമായ ബോർഡ് യോഗം മേയ് 28-ന് പൂർത്തിയായി. മുൻ മുഖ്യമന്ത്രിയുടെ വസതികളിലും കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡുകൾ നടക്കുകയും കോർപ്പറേറ്റ് ഗവേണൻസിൽ വലിയ കറവീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിപണി ഏറെ ഉറ്റുനോക്കിയ 2025-26 സാമ്പത്തിക വർഷത്തെ (FY26) ഔദ്യോഗിക പ്രവർത്തന ഫലങ്ങൾ കമ്പനി പുറത്തുവിട്ടത്.അന്വേഷണ നിഴലിൽ നിൽക്കുന്ന കമ്പനിയുടെ പുതിയ സാമ്പത്തിക സ്ഥിതിയും ബിസിനസ്സ് ഭാവിയും നിക്ഷേപകർ അറിയേണ്ട കാര്യങ്ങളും നോക്കാം.
ഇ.ഡി അന്വേഷണവും സാമ്പത്തിക തിരിച്ചടിയും
മുൻ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് യാതൊരു സേവനവും നൽകാതെ 1.72 കോടി രൂപ കൈമാറി എന്ന കണ്ടെത്തലാണ് ഇ.ഡി അന്വേഷണത്തിന് ആധാരം. ഈ വിവാദങ്ങൾക്കിടയിലാണ് കമ്പനിയുടെ അറ്റാദായത്തിൽ 46.9 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം2,355.91 കോടി രൂപയായിരുന്ന വാർഷിക ലാഭം ഇത്തവണ 1,250.60 കോടിയായി ചുരുങ്ങി.ഇൽമനൈറ്റിന്റെ കടുത്ത ക്ഷാമം മൂലം ദീർഘകാലമായി നിർത്തിവെച്ചിരുന്ന 'മെറ്റലൈസേഷൻ പ്രോജക്റ്റിൽ' നിന്നും ഇനി പണം തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ, അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് പ്രകാരം 505.20 കോടി രൂപ ഒറ്റയടിക്ക് നഷ്ടക്കണക്കിലേക്ക് മാറ്റേണ്ടി വന്നതാണ് ലാഭം ഇടിയാൻ പ്രധാന കാരണം. കമ്പനിയുടെ പ്രവർത്തന വരുമാനവും31,601.72 കോടിയിൽ നിന്നും ₹28,718.59 കോടിയായി കുറഞ്ഞിട്ടുണ്ട്.
ആശ്വാസം: 80% ഡിവിഡന്റ്
നിയമനടപടികളും ലാഭത്തിലെ ഇടിവും കമ്പനിയെ ഉലയ്ക്കുമ്പോഴും ഓഹരി ഉടമകളുടെ ആത്മവിശ്വാസം നിലനിർത്താൻ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഓഹരിക്ക് 80 ശതമാനം തുക, അതായത് 8 രൂപ ഫൈനൽ ഡിവിഡന്റ് നൽകാൻ ബോർഡ് ശുപാർശ ചെയ്തു. പ്രതിസന്ധി ഘട്ടത്തിലും ഡിവിഡന്റ് പ്രഖ്യാപിച്ചത് കമ്പനിയുടെ കൈവശം ആവശ്യത്തിന് പണലഭ്യതയുണ്ട് എന്നതിന്റെ സൂചനയാണ്. കൂടാതെ, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ മെസ്സേഴ്സ് സാഗേഷ് കുമാർ ആൻഡ് അസോസിയേറ്റ്സ് കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ടിൽ നിലവിൽ വീഴ്ചകളൊന്നും കണ്ടെത്താത്തതിനാൽ 'അൺമോഡിഫൈഡ് ഒപ്പീനിയൻ'നൽകിയിട്ടുണ്ട് എന്നത് താൽക്കാലിക ആശ്വാസമാണ്. ബോർഡിലേക്ക് പുതിയ നോമിനി ഡയറക്ടറായി മിസ്റ്റർ രാജേഷ് ജേക്കബിനെ നിയമിക്കുകയും ചെയ്തു.
കമ്പനി നേരിടുന്ന 5 പ്രധാന വെല്ലുവിളികൾ
ബിസിനസ്സ് ഫണ്ടമെന്റൽസ് ശക്തമാണെങ്കിലും ഇ.ഡി അന്വേഷണം വരും നാളുകളിൽ കമ്പനിയുടെ അടിത്തറയെ ബാധിച്ചേക്കാവുന്ന ആഘാതങ്ങൾ ഇവയാണ്:
പുതിയ ബിസിനസ് കരാറുകൾ നഷ്ടപ്പെടാം: സി.എം.ആർ.എൽ ഉത്പാദിപ്പിക്കുന്ന സിന്തറ്റിക് റൂട്ടൈൽ പ്രതിരോധം, ആണവോർജ്ജം തുടങ്ങിയ അതീവ തന്ത്രപ്രധാന മേഖലകളിലാണ് ഉപയോഗിക്കുന്നത്. ഗുരുതരമായ ഇ.ഡി അന്വേഷണം നേരിടുന്ന കമ്പനിക്ക് പുതിയ ഓർഡറുകൾ നൽകാൻ സർക്കാർ സ്ഥാപനങ്ങളും വൻകിട ഉപഭോക്താക്കളും മടിച്ചേക്കാം.
ക്യാപിറ്റൽ ഫണ്ട് കണ്ടെത്താനുള്ള ബുദ്ധിമുട്ട്: ബിസിനസ്സ് വിപുലീകരണത്തിനായി ഭാവിയിൽ ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പകൾ ലഭിക്കാൻ കടുത്ത നിബന്ധനകൾ നേരിടേണ്ടി വന്നേക്കാം.
വൻകിട നിക്ഷേപകരുടെ പിന്മാറ്റം: വിദേശ ധനകാര്യ സ്ഥാപനങ്ങളും (FII) മ്യൂച്വൽ ഫണ്ടുകളും സുതാര്യതയ്ക്ക് വലിയ മുൻഗണന നൽകുന്നവരാണ്. വിവാദങ്ങൾ നീണ്ടുപോയാൽ നിലവിലുള്ള വലിയ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞേക്കാം, ഇത് വിപണിയിൽ ഓഹരി വിലയെ (കഴിഞ്ഞ ദിവസം 5.57% ഇടിവ് രേഖപ്പെടുത്തി) കൂടുതൽ ബാധിക്കും.
ഉയർന്ന നിയമച്ചെലവുകൾ: വലിയ കേസുകൾ കൈകാര്യം ചെയ്യാൻ കമ്പനിക്ക് വൻ തുക നിയമച്ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരും. മാനേജ്മെന്റിന്റെ ശ്രദ്ധ ദൈനംദിന ബിസിനസ്സിൽ നിന്ന് നിയമപ്രശ്നങ്ങളിലേക്ക് മാറുന്നത് പ്രവർത്തനങ്ങളെ ബാധിക്കും.
ബ്രാൻഡ് പ്രതിച്ഛായയ്‌ക്കേറ്റ മങ്ങൽ: മാസപ്പടി വിവാദം കമ്പനിയുടെ വിശ്വാസ്യതയെ ബാധിച്ചതിനാൽ സപ്ലയർമാർ അസംസ്‌കൃത വസ്തുക്കൾ കടമായി നൽകാൻ വിമുഖത കാണിച്ചാൽ അത് വർക്കിംഗ് ക്യാപിറ്റൽ സൈക്കിളിനെ ബാധിക്കും.
ദേശീയ തലത്തിലുള്ള ചില നയങ്ങൾ കമ്പനിക്ക് ഇപ്പോഴും അനുകൂലമാണ്. ഇന്ത്യ ആണവോർജ്ജ മേഖലയിൽ നടത്തുന്ന വലിയ നിക്ഷേപങ്ങളും കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ വികസനവും ടൈറ്റാനിയം ലോഹക്കൂട്ടുകളുടെ ആവശ്യകത വർദ്ധിപ്പിക്കും. കൂടാതെ, കേന്ദ്ര ബഡ്ജറ്റിലെ 'റെയർ എർത്ത് കോറിഡോർ' പ്രഖ്യാപനം ധാതു മണൽ ഖനന രംഗത്ത് ഈ മേഖലയിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള സി.എം.ആർ.എല്ലിന് അനുകൂല ഘടകമാണ്.
നിക്ഷേപകർ ഇനി എന്ത് ചെയ്യണം?
നിലവിൽ ഓഹരി കൈവശമുള്ളവർ: കമ്പനിയുടെ വാർഷിക ഫലം പുറത്തുവന്ന സ്ഥിതിക്ക്, ഇനി ഇഡി കേസിലെ നിയമപരമായ നീക്കങ്ങളാണ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത്. കേസിൽ കാര്യമായ പുരോഗതിയോ മാനേജ്മെന്റിന് എതിരെ കടുത്ത നടപടികളോ ഉണ്ടായാൽ ഓഹരിയിൽ നിന്നും എക്‌സിറ്റ് ആകുന്നതിനെക്കുറിച്ച് ചിന്തിക്കണം.
പുതിയ നിക്ഷേപകർ: നിലവിൽ കമ്പനി നേരിടുന്ന കോർപ്പറേറ്റ് ഗവേണൻസ് പ്രശ്നങ്ങളും ലാഭത്തിലെ 47% ഇടിവും കണക്കിലെടുത്ത്, ഇ.ഡി അന്വേഷണത്തിൽ പൂർണ്ണമായ ഒരു വ്യക്തത വരുന്നത് വരെ ഈ ഓഹരിയിൽ പുതിയ നിക്ഷേപം നടത്താതെ മാറിനിൽക്കുന്നതാണ് ബുദ്ധി.
പഠിക്കാം & സമ്പാദിക്കാം
Home
