image

23 Dec 2025 4:15 PM IST

Economy

GDP Methodology : ജിഡിപി കണക്കുകൾ ഇനി കൂടുതൽ കൃത്യമാകും; മാനദണ്ഡങ്ങളിൽ മാറ്റം

Sruthi M M

GDP Methodology : ജിഡിപി കണക്കുകൾ ഇനി കൂടുതൽ കൃത്യമാകും; മാനദണ്ഡങ്ങളിൽ മാറ്റം
X

Summary

ജിഡിപി കണക്കുകൾ കൂടുതൽ കൃത്യമാകും. ഡാറ്റക്ക് ഡബിൾ ഡിഫ്ലേഷൻ മാനദണ്ഡമാക്കും.


ഇന്ത്യയുടെ ജിഡിപി ഡേറ്റ മാനദണ്ഡങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍. രാജ്യാന്തര നാണയ നിധിയുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച്, 'ഡബിള്‍ ഡിഫ്‌ലേഷന്‍' രീതി നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുവരെ ഇന്ത്യ പിന്തുടര്‍ന്നിരുന്നത് 'സിംഗിള്‍ ഡിഫ്‌ലേഷന്‍' രീതിയായിരുന്നു. അതായത്, ഉല്‍പ്പന്നത്തിന്റെ വിപണി വിലയിലെ മാറ്റങ്ങള്‍ മാത്രം കണക്കിലെടുത്ത് ജിഡിപി കണക്കാക്കുന്നു. എന്നാല്‍ 'ഡബിള്‍ ഡിഫ്‌ലേഷന്‍' വരുമ്പോള്‍ രണ്ട് ഘടകങ്ങൾക്കാണ് പ്രാധാന്യം നൽകുക.

ഉല്‍പ്പന്നത്തിന്റെ വിലയും, അത് നിര്‍മ്മിക്കാന്‍ വേണ്ടിവന്ന അസംസ്‌കൃത വസ്തുക്കളുടെ ചിലവും വിലക്കയറ്റവുമായി താരതമ്യം ചെയ്യും.നിര്‍മ്മാണ ചിലവും വില്‍പന വിലയും വ്യത്യസ്ത നിരക്കില്‍ മാറുമ്പോള്‍ ജിഡിപിയില്‍ ഉണ്ടാകുന്ന പിശകുകള്‍ ഇത് പരിഹരിക്കും. ഇത് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ചയുടെ കൃത്യമായ ചിത്രം നല്‍കും.

ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ പഴയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഐഎംഎഫ് നേരത്തെ വിമര്‍ശിച്ചിരുന്നു. അതിനാല്‍ ഇന്ത്യയുടെ ദേശീയ അക്കൗണ്ടുകള്‍ക്ക് ഐഎംഎഫ് 'സി' ഗ്രേഡ് ആണ് നല്‍കിയത്.ഇത് പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെയാകും

അവലംബിക്കുന്നത് റിയല്‍ ടൈം ഡാറ്റ

ഇനി മുതല്‍ ജിഎസ്ടി, പിഎഫ്എംഎസ് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കൃത്യമായ കണക്കുകള്‍ തയ്യാറാക്കും. ഉപഭോക്തൃ വില സൂചിക മാനദണ്ഡത്തിലും മാറ്റം വരും. പുതിയ സര്‍വ്വേ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉപഭോക്തൃ വില സൂചിക അടുത്ത വര്‍ഷം ഫെബ്രുവരി 12-ന് പുറത്തിറക്കും. രാജ്യത്തെ പണപ്പെരുപ്പ കണക്കുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഗ്രാമ-നഗര മേഖലകളിലേക്ക് വിപണി സര്‍വ്വേകള്‍ വ്യാപിപ്പിച്ചു.ഭവന നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പ കണക്കുകളിലെ അപാകതകള്‍ ഇത് പരിഹരിക്കിം.വ്യവസായ ഉല്‍പ്പാദന സൂചിക ഇനി സീസണല്‍ മാറ്റങ്ങള്‍ കൂടി പരിഗണിച്ച് ക്രമീകരിക്കും.

അതിനിടെ ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നതാണെന്ന വിമര്‍ശനങ്ങളെ ചീഫ് ഇക്കണോമിക് അഡ്വൈസര്‍ വി അനന്ത നാഗേശ്വരന്‍ തള്ളി. ഐഎംഎഫ് ഉന്നയിച്ചത് ജിഡിപി കണക്കിലെടുക്കുന്ന രീതിയെക്കുറിച്ചുള്ള സാങ്കേതികമായ കാര്യങ്ങള്‍ മാത്രമാണെന്നും, ഇന്ത്യയുടെ മികച്ച വളര്‍ച്ചാ പ്രകടനത്തെ അവര്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ആധുനികവും ശാസ്ത്രീയവുമായ ഈ മാറ്റങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സാമ്പത്തിക കണക്കുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. ഇത് വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഓഹരി വിപണിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍

ഡബിള്‍ ഡിഫ്‌ലേഷന്‍ ജിഡിപി കുറയ്ക്കുമോ?

നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന സിംഗിള്‍ ഡിഫ്‌ലേഷന്‍ രീതി ഉല്‍പ്പന്നത്തിന്റെ വില്‍പന വിലയെ മാത്രമാണ് അടിസ്ഥാനമാക്കുന്നത്. എന്നാല്‍ ഡബിള്‍ ഡിഫ്‌ലേഷന്‍ വരുമ്പോള്‍ നിര്‍മ്മാണ ചിലവിനെയും പരിഗണിക്കുമെന്ന് പറഞ്ഞല്ലോ.ഐഎംഎഫ് പോലുള്ള രാജ്യാന്തര ഏജന്‍സികള്‍ പറയുന്നത് സിംഗിള്‍ ഡിഫ്‌ലേഷന്‍ വഴി ചിലപ്പോള്‍ വളര്‍ച്ചാ നിരക്ക് അല്പം കൂടുതലായി കാണിക്കപ്പെട്ടേക്കാം എന്നാണ്. ഡബിള്‍ ഡിഫ്‌ലേഷന്‍ നടപ്പിലാക്കുമ്പോള്‍ ജിഡിപി കണക്കുകളില്‍ കൂടുതല്‍ കൃത്യത വരും. ഇത് ചിലപ്പോള്‍ വളര്‍ച്ചാ നിരക്ക് കണക്കുകൾ നേരിയ തോതില്‍ കുറയാന്‍ കാരണമായേക്കാം എന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.കണക്കുകള്‍ അല്പം കുറഞ്ഞാലും, ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ ലോകത്തിന് മുന്നില്‍ കൂടുതല്‍ വിശ്വസനീയമാകും എന്നതാണ് പ്രധാന നേട്ടം. ഇത് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായിക്കും. അതേസമയം, ജിഡിപി കണക്കുകളില്‍ വലിയ മാറ്റം ഉണ്ടാകില്ലെന്നും യഥാര്‍ത്ഥ വളര്‍ച്ച സുതാര്യമായി പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പുതിയ പണപ്പെരുപ്പ സൂചിക; നേട്ടങ്ങൾ എന്തൊക്കെ?

നിലവിലെ പണപ്പെരുപ്പ സൂചിക 2012ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2023-24 വര്‍ഷത്തെ ഉപഭോക്തൃ സര്‍വ്വേ പ്രകാരം പുതിയ സൂചിക വരുമ്പോള്‍ കുടുംബ ബജറ്റില്‍ അത് താഴെ പറയുന്ന മാറ്റങ്ങള്‍ കൊണ്ടുവരും.

ഭക്ഷണത്തിനുള്ള വിഹിതം : പഴയ കണക്കനുസരിച്ച് നമ്മള്‍ വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനായി ചെലവഴിക്കുന്നു എന്നായിരുന്നു ധാരണ. എന്നാല്‍ പുതിയ സര്‍വ്വേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ഭക്ഷണത്തിനായി ചെലവാക്കുന്ന തുകയുടെ ശതമാനം കുറഞ്ഞു. അതിനാല്‍ പുതിയ സൂചികയില്‍ ഭക്ഷണത്തിനുള്ള 'വെയ്‌റ്റേജ്' കുറയും.

മറ്റ് ചെലവുകള്‍ക്ക് പ്രാധാന്യം: യാത്രാ ചെലവ്, വിദ്യാഭ്യാസം, വിനോദം, ആരോഗ്യ സംരക്ഷണം, മൊബൈല്‍-ഡാറ്റ ചിലവുകള്‍ എന്നിവയ്ക്ക് പുതിയ സൂചികയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. അതായത്, യഥാര്‍ത്ഥ ജീവിതച്ചെലവ് എന്താണോ അത് കൃത്യമായി പണപ്പെരുപ്പ കണക്കില്‍ പ്രതിഫലിക്കും.

പലിശ നിരക്കുകളില്‍ മാറ്റം: പണപ്പെരുപ്പ കണക്ക് കൃത്യമാകുന്നതോടെ, ആര്‍ബിഐ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതും കൂടുതല്‍ കൃത്യമായിരിക്കും. ഇത് നിങ്ങളുടെ ഹോം ലോണ്‍ ഇഎംഐയെയും ബാങ്ക് നിക്ഷേപങ്ങളെയും നേരിട്ട് ബാധിക്കും.ഡാറ്റാ ശേഖരണം: ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വിലകള്‍ കൂടി ഇനി സൂചികയില്‍ ഉള്‍പ്പെടുത്തും. ഇത് നഗരങ്ങളിലെ താമസക്കാര്‍ക്ക് വലിയ ആശ്വാസമാകും.

ചുരുക്കത്തില്‍ ഈ മാറ്റങ്ങള്‍ ജിഡിപി നിരക്കില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയേക്കാം എങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം അളക്കാന്‍ കൂടുതല്‍ കൃത്യമായ ഒരു ഉപകരണം ലഭിക്കുന്നു എന്നതാണ് വാസ്തവം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ മാറാന്‍ പുതിയ പണപ്പെരുപ്പ സൂചിക സഹായിക്കും.