2 March 2026 3:18 PM IST
ഗൾഫ് യുദ്ധത്തിലേക്ക്? ദുബായിലും ദോഹയിലും മിസൈൽ മഴ; പ്രതിരോധിക്കാൻ 'പെനിൻസുല ഷീൽഡ് ഫോഴ്‌സ്' ഇറങ്ങുമോ?
Sruthi M M
ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള മിസൈൽ ആക്രമണങ്ങളുടെയും ജിസിസി സൈനിക സഖ്യത്തിന്റെയും പ്രതീകാത്മക ചിത്രം.
Summary
അമേരിക്ക-ഇറാൻ പോരാട്ടം മുറുകുന്നു; പ്രവാസികളെ ആശങ്കയിലാഴ്ത്തി ഗൾഫ് നഗരങ്ങളിൽ സ്ഫോടനം. മിഡിൽ ഈസ്റ്റിലെ സാമ്പത്തിക സുരക്ഷിതത്വം ഭീഷണിയിൽ.
സമാധാനത്തിന്റെ പച്ചത്തുരുത്തുകളായിരുന്ന ദുബായിയും ദോഹയും മനമയും ഇന്ന് യുദ്ധക്കളമായി മാറുകയാണ്. ഇറാന്റെ മിസൈലുകള്‍ ഗള്‍ഫ് നഗരങ്ങളുടെ ആകാശത്ത് തീമഴ പെയ്യിക്കുമ്പോള്‍, ലോകം ചോദിക്കുന്നത് ഒന്നാണ്: ഗള്‍ഫ് രാജ്യങ്ങള്‍ ഈ മഹായുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുമോ? കഴിഞ്ഞ വാരാന്ത്യത്തില്‍ ദോഹയിലും ദുബായിലും കുവൈറ്റിലും പതിച്ച മിസൈലുകള്‍ തകര്‍ത്തത് അവിടുത്തെ കെട്ടിടങ്ങളെ മാത്രമല്ല, ദശാബ്ദങ്ങളായി ഈ രാജ്യങ്ങള്‍ കെട്ടിപ്പടുത്ത സുരക്ഷിത നിക്ഷേപ കേന്ദ്രം എന്ന പ്രതിച്ഛായയെ കൂടിയാണ്. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ യുദ്ധം ആളിപ്പടര്‍ന്നത്. ഇതിന് തിരിച്ചടിയായി ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളെയും പ്രധാന കെട്ടിടങ്ങളെയും ലക്ഷ്യം വെക്കുന്നു. ഒപ്പം യുദ്ധം നീളുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സ്
ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഒരു വലിയ പ്രതിസന്ധിയിലാണ്. ഒമാന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അമേരിക്കയുടെയും ഇസ്രായേലിന്റെയും അപ്രതീക്ഷിത ആക്രമണം ആ ശ്രമങ്ങളെല്ലാം തകര്‍ത്തു. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളുടെ മുന്നില്‍ രണ്ട് വഴികളാണുള്ളത്: ഒന്നുകില്‍ തിരിച്ചടിക്കുക, അല്ലെങ്കില്‍ തങ്ങളുടെ നഗരങ്ങള്‍ കത്തിയമരുന്നത് നോക്കിനില്‍ക്കുക. എന്നാല്‍ ഇസ്രായേലിനൊപ്പം ചേര്‍ന്ന് പോരാടുന്നത് തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഇതിനൊരു പരിഹാരമായി പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സ് എന്ന സ്വന്തം സൈനിക സഖ്യത്തിലൂടെ സ്വതന്ത്രമായി ഇറാനെതിരെ നീങ്ങാനാണ് ജിസിസി രാജ്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇറാന്റെ അടുത്ത ലക്ഷ്യം ഗള്‍ഫിലെ ഊര്‍ജ്ജ നിലയങ്ങളും കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും ആണെങ്കില്‍, ഈ ആധുനിക നഗരങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വാസയോഗ്യമല്ലാതായി മാറും. ഇത് കേവലം ഒരു യുദ്ധമല്ല, ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ തകര്‍ക്കാനുള്ള നീക്കമാണ്. ഏറ്റവും ഭയാനകമായ സാഹചര്യത്തിലേക്കാണ് തങ്ങള്‍ കടക്കുന്നതെന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇതിനകം മനസിലാക്കിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിരോധ കവചം
1984ലാണ് ഈ സൈനിക സഖ്യം രൂപീകൃതമായത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് , ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്നാണ് ഇതിന് രൂപം നല്‍കിയത്. ഇതിന്റെ ആസ്ഥാനം സൗദി അറേബ്യയിലെ ഹഫര്‍ അല്‍-ബാത്തിന്‍ എന്ന സ്ഥലത്താണ്. ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്തിന് നേരെ പുറത്തുനിന്ന് സൈനിക ആക്രമണം ഉണ്ടായാല്‍, ആ രാജ്യത്തെ സഹായിക്കാനും സംരക്ഷിക്കാനുമാണ് ഈ സേന നിലകൊള്ളുന്നത്. ഒരാള്‍ക്ക് നേരെയുള്ള ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള ആക്രമണം എന്നതാണ് ഇതിന്റെ നയം.ഇതൊരു സ്ഥിരം സൈന്യമല്ല, മറിച്ച് ഓരോ രാജ്യവും നല്‍കുന്ന നിശ്ചിത എണ്ണം സൈനികര്‍ ചേരുന്ന ഒരു സംയുക്ത സേനയാണ്.ഏകദേശം 40,000-ത്തോളം സൈനികര്‍ ഈ സേനയുടെ ഭാഗമായുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.കരസേനയ്ക്ക് പുറമെ വ്യോമസേനയുടെയും നാവികസേനയുടെയും പിന്തുണയും ഇതിനുണ്ട്
ഇറാഖ്-കുവൈറ്റ് യുദ്ധം (1990): ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ കുവൈറ്റ് അതിര്‍ത്തി സംരക്ഷിക്കാന്‍ ഈ സേനയെ വിന്യസിച്ചിരുന്നു.
ബഹ്‌റൈന്‍ പ്രക്ഷോഭം (2011): ബഹ്‌റൈനില്‍ ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെയും തന്ത്രപ്രധാനമായ സ്ഥലങ്ങളെയും സംരക്ഷിക്കാന്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും നേതൃത്വത്തില്‍ പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സ് ബഹ്‌റൈനില്‍ പ്രവേശിച്ചു.
നിലവില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ ആകാശസീമയും അതിര്‍ത്തികളും സംരക്ഷിക്കാന്‍ ഈ സംയുക്ത സേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. വിദേശ സൈന്യങ്ങളെ ആശ്രയിക്കാതെ തന്നെ സ്വന്തം നിലയില്‍ പ്രതിരോധം തീര്‍ക്കാനാണ് ജിസിസി രാജ്യങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രവാസികളും പ്രതിസന്ധിയില്‍
പ്രവാസികള്‍ക്കും കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും ഇത് അതീവ ഗുരുതരമായ സാഹചര്യമാണ്. യുഎഇയില്‍ മാത്രം മൂന്ന് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തിക്കഴിഞ്ഞു. ഈ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നാല്‍ അത് ആഗോള ഇന്ധനവിലയെയും പ്രവാസി വരുമാനത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍.നിക്ഷേപകരും വിനോദസഞ്ചാരികളും ഗള്‍ഫ് മേഖലയെ സുരക്ഷിത താവളമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ മിസൈല്‍ ആക്രമണങ്ങള്‍ ഈ വിശ്വാസത്തിന് വലിയൊരു പോറലേല്‍പ്പിച്ചിരിക്കുന്നു. പ്രോക്‌സി യുദ്ധങ്ങളില്‍ നിന്ന് മാറി നേരിട്ടുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മിഡില്‍ ഈസ്റ്റ് മാറുമ്പോള്‍, ലോക സാമ്പത്തിക ക്രമം തന്നെ പുനര്‍നിര്‍മ്മിക്കപ്പെടുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
