10 Nov 2026 12:37 PM IST
Summary
വിലക്കയറ്റവും ഗ്രാമീണ മേഖലയിലെ തകർച്ചയും കാരണം ഇന്ത്യയുടെ സ്വർണ്ണ വിപണി കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക്; വില കുതിച്ചുയരുമ്പോൾ വിപണിയിൽ സംഭവിക്കുന്നത് എന്ത്?
ഇന്ത്യക്കാർക്ക് സ്വർണം വാങ്ങാൻ പേടിയോ?" - ഈ ചോദ്യം ഇന്ന് പ്രസക്തമാകുന്നത് യാദൃശ്ചികമല്ല. സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശം ലോകപ്രസിദ്ധമാണ്. എന്നാൽ, ചരിത്രത്തിൽ എപ്പോഴുമില്ലാത്ത വിധം സ്വർണ്ണവില കുതിച്ചുയരുകയും, സാധാരണക്കാരുടെ കീശ കാലിയാക്കുകയും ചെയ്യുമ്പോൾ ആളുകൾ സ്വർണം വാങ്ങാൻ മടികാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) പുതിയ കണക്കുകൾ പ്രകാരം 2026-ൽ ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡ് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്.ഈ 'പേടി' അല്ലെങ്കിൽ വിപണിയിലെ ഈ പിന്മാറ്റം യാദൃശ്ചികമല്ല, പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്:
റെക്കോർഡ് വിലയും താങ്ങാനാവാത്ത ജീവിതച്ചെലവും: ആഗോളതലത്തിലെ അസ്ഥിരതയും ഇറാൻ യുദ്ധമുൾപ്പെടെയുള്ള സംഘർഷങ്ങളും കാരണം സ്വർണ്ണവിലയും സാധാരണക്കാരുടെ ജീവിതച്ചെലവും റോക്കറ്റ് വേഗത്തിലാണ് ഉയർന്നത്. പതിവായി സ്വർണം വാങ്ങിയിരുന്ന മധ്യവർഗ്ഗ കുടുംബങ്ങൾ പോലും വില വീണ്ടും കൂടമോ അതോ താഴുമോ എന്ന ആശങ്കയിലാണ്.
ഗ്രാമീണ മേഖലയുടെ സാമ്പത്തിക തളർച്ച: ഇന്ത്യയുടെ മൊത്തം സ്വർണ്ണ ഉപഭോഗത്തിന്റെ പകുതിയിലേറെയും വരുന്നത് ഗ്രാമീണ ഇന്ത്യയിൽ നിന്നാണ്. എന്നാൽ ഇക്കൊല്ലം മൺസൂൺ മഴയിലുണ്ടായ വൻ കുറവ് കർഷകരുടെ വരുമാനത്തെ തകർത്തു. പരമ്പരാഗതമായി കരുതിവെച്ചിരുന്ന സമ്പാദ്യമെന്ന നിലയിൽ നിന്നും സ്വർണം വാങ്ങാൻ ഗ്രാമീണ ജനതയ്ക്ക് സാധിക്കാത്ത സാഹചര്യം ഇത് സൃഷ്ടിച്ചു.
നിക്ഷേപകരുടെ മനോഭാവത്തിലെ മാറ്റം: സ്വർണ്ണാഭരണ വിപണിയിൽ മാത്രമല്ല, നിക്ഷേപ ആവശ്യങ്ങളിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം നിക്ഷേപ ആവശ്യങ്ങൾ 40 ശതമാനത്തോളം കുറഞ്ഞു. ഉയർന്ന വിലയിൽ സ്വർണ്ണത്തിൽ പണം മുടക്കുന്നത് സുരക്ഷിതമാണോ എന്ന ചിന്ത നിക്ഷേപകരിലും ആശങ്ക പരത്തുന്നുണ്ട്.
ദീപാവലിയും വിവാഹ സീസണും മുന്നിൽക്കണ്ട് ഡിസംബർ പാദത്തിൽ ചെറിയൊരു ഉണർവ് വിപണിയിൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിലക്കയറ്റം സൃഷ്ടിച്ച മാനസിക തടസ്സവും ആശങ്കയും പെട്ടെന്ന് മാറില്ലെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം.
പഠിക്കാം & സമ്പാദിക്കാം
Home
