image

4 March 2026 2:19 PM IST

Premium

യുദ്ധഭീതിയില്‍ വിപണി വീഴുമോ? ചരിത്രം നല്‍കുന്ന പാഠമെന്ത്? നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

Sruthi M M

Indian stock market bull and bear graphics with a backdrop of the Middle East conflict map and oil refinery.
X

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ വിപണിയിലെ നിക്ഷേപ സാധ്യതകൾ തേടുന്ന നിക്ഷേപകർ.

Summary

ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ ഓഹരി വിപണി വീഴുമ്പോൾ നിക്ഷേപകർ എന്ത് ചെയ്യണം? ഇറാഖ് യുദ്ധം മുതൽ ഇസ്രായേൽ-ഇറാൻ സംഘർഷം വരെയുള്ള വിശകലനം.


പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള സാമ്പത്തിക രംഗത്ത് കരിനിഴല്‍ വീഴ്ത്തുമ്പോള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. എന്നാല്‍, ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ വിപണിക്ക് നല്‍കുന്നത് താല്‍ക്കാലികമായ തിരിച്ചടികള്‍ മാത്രമാണെന്ന് വ്യക്തമാകും. വിപണിയുടെ മുന്‍കാല പ്രതികരണങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ തെളിയുന്നത് പുതിയൊരു പാഠമാണ്.

ഇടിവുകള്‍ താത്കാലികം; കുതിപ്പ് അനിവാര്യം

യുദ്ധങ്ങളോ അന്താരാഷ്ട്ര തര്‍ക്കങ്ങളോ ഉണ്ടാകുമ്പോള്‍ വിപണിയില്‍ പെട്ടെന്നൊരു ഇടിവ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് വിപണിയുടെ തകര്‍ച്ചയല്ല, മറിച്ച് ഒരു കറക്ഷന്‍ മാത്രമാണ്.ഉദാഹരണത്തിന് 2022-ലെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോള്‍ നിഫ്റ്റി വലിയ തോതില്‍ ഇടിഞ്ഞെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിപണി ആ നഷ്ടം നികത്തി പുതിയ ഉയരങ്ങള്‍ കീഴടക്കി.ആനന്ദ് രതി റിപ്പോര്‍ട്ട് പ്രകാരം, യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് വിപണി ശരാശരി 4% വരെ താഴാറുണ്ടെങ്കിലും, സംഘര്‍ഷം അവസാനിക്കുമ്പോഴേക്കും വിപണി പോസിറ്റീവ് റിട്ടേണ്‍ നല്‍കുന്നതാണ് പതിവ്.

കഴിഞ്ഞ 25 വര്‍ഷം: പ്രതിസന്ധികളും അതിജീവനവും

പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിച്ചു എന്ന് വസ്തുതകള്‍ നിരത്തി പരിശോധിക്കാം:

2003 - ഇറാഖ് യുദ്ധം

അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ തുടക്കത്തില്‍ വിപണി 2-5% ഇടിഞ്ഞു. എന്നാല്‍ യുദ്ധം പ്രഖ്യാപിക്കപ്പെട്ടതോടെ അനിശ്ചിതത്വം നീങ്ങുകയും വിപണി വലിയ കുതിപ്പ് നടത്തുകയും ചെയ്തു. അനിശ്ചിതത്വം ഒഴിയുന്നതോടെ വിപണി കരുത്ത് പ്രാപിക്കുമെന്ന് യേല്‍ ലോ സ്‌കൂള്‍ റിപ്പോര്‍ട്ടും ശരിവയ്ക്കുന്നു.

2011 - അറബ് വസന്തം

രാഷ്ട്രീയ അസ്ഥിരത ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചു. വിപണിയില്‍ വോളറ്റിലിറ്റി ഉണ്ടായെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണി തളര്‍ന്നില്ല.

2019 - സൗദി അരാംകോ ആക്രമണം

എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയില്‍ ക്രൂഡ് ഓയില്‍ വില ഒറ്റ ദിവസം കൊണ്ട് 20% വര്‍ധിച്ചു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുമെന്ന് ജെഫ്രീസ്മുന്നറിയിപ്പ് നല്‍കിയതോടെ വിപണി 1-2% ഇടിഞ്ഞു.

2024-25 - ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം

നിലവിലെ സാഹചര്യത്തില്‍ നിഫ്റ്റി 1-3% തിരുത്തലുകള്‍ നടത്തുകയും ഭയത്തിന്റെ സൂചികയായ ഇന്ത്യ വിക്‌സ് 20 ശതമാനത്തോളം ഉയരുകയും ചെയ്തു.

എണ്ണവിലയും ഇന്ത്യന്‍ വിപണിയും

ഇന്ത്യയെ സംബന്ധിച്ച് പശ്ചിമേഷ്യന്‍ പ്രതിസന്ധി എന്നാല്‍ അത് പ്രധാനമായും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനും രൂപയുടെ മൂല്യം കുറയാനും ഇത് കാരണമാകും. പെയിന്റ്, ടയര്‍, ഏവിയേഷന്‍ തുടങ്ങിയ മേഖലകളെ ഇത് നേരിട്ട് ബാധിക്കുമെങ്കിലും വിപണി ഇതിനെ അതിജീവിക്കാറാണ് പതിവ്.

വിദഗ്ധരുടെ നിരീക്ഷണം: ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

പ്രശസ്ത വിപണി വിദഗ്ധന്‍ ഡോ. വി.കെ. വിജയകുമാര്‍ (ജിയോജിത്) നിരീക്ഷിക്കുന്നത് പോലെ, വിപണിക്ക് ഏറ്റവും ഭയം അനിശ്ചിതത്വത്തോടാണ്. അത് മാറി യുദ്ധം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമ്പോള്‍ വിപണി വീണ്ടും സാധാരണ നിലയിലാകും.വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോഴും ആഭ്യന്തര നിക്ഷേപകര്‍വിപണിയെ താങ്ങിനിര്‍ത്തുന്നത് സമീപകാലത്തെ ശുഭസൂചനയാണ്.

സെക്ടര്‍ വൈസ് അനാലിസിസ്

ആഗോള നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ചില പ്രത്യേക മേഖലകളില്‍ ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അവ ഇനി പറയുന്നവയാണ്.

ഫിനാന്‍ഷ്യല്‍സ്

ബാങ്കിംഗ്, എന്‍.ബി.എഫ്.സി മഖലകള്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ നട്ടെല്ലാണ്. പലിശ നിരക്കുകളിലെ മാറ്റങ്ങളും വിപണിയിലെ വോളിയവും ഇവര്‍ക്ക് ഗുണകരമാകും.

കണ്‍സ്യൂമര്‍ ഡിസ്‌ക്രിഷണറി

അത്യാവശ്യ സാധനങ്ങള്‍ക്കപ്പുറം ആളുകള്‍ ആഡംബരത്തിനോ വിനോദത്തിനോ വേണ്ടി ചിലവാക്കുന്ന മേഖലയാണിത് ഉദാഹരണത്തിന് കാറുകള്‍, ഇലക്ട്രോണിക്സ്. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം ഈ മേഖലയ്ക്ക് കരുത്താകും.

ഇന്‍ഡസ്ട്രിയല്‍

നിര്‍മ്മാണ മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാധ്യതയുണ്ട്.

നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍

വിപണി ഇടിയുമ്പോള്‍ ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാതെ ഘട്ടംഘട്ടമായി നിക്ഷേപിക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.ബാങ്കിംഗ്, ഫാര്‍മ, ഓട്ടോമൊബൈല്‍, ഡിഫന്‍സ്- ഈ നാല് മേഖലകളും നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവയാണ്. പ്രത്യേകിച്ച് ഡിഫന്‍സ് മേഖലയില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നത് വലിയ നിക്ഷേപ സാധ്യതകള്‍ തുറന്നിടുന്നു. ഓഹരി വിലകള്‍ ഇടിയുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഈ സമയം ഉപയോഗിക്കണം. എന്നാല്‍ ഇത് വരും ദിവസങ്ങളില്‍ വിപണി ഇനിയും താഴാന്‍ സാധ്യതയുള്ളതിനാല്‍ കൈവശമുള്ള പണം പല തവണകളായി നിക്ഷേപിക്കുന്നതാണ് സുരക്ഷിതം.ചുരുക്കത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധം ഭയാനകമായി തോന്നാമെങ്കിലും, അത് വിപണിക്ക് ഗുണമേന്മയുള്ള ഓഹരികള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങാനുള്ള ഒരു അവസരമാണ് നല്‍കുന്നത്. പാനിക് സെല്ലിംഗിന് മുതിരാതെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.