image

31 July 2023 10:40 AM GMT

News

വ്യാപാരയുദ്ധം: ചൈനയിലെ യുഎസ് നിക്ഷേപങ്ങള്‍ കുറയുന്നു

MyFin Desk

China foreign investment gauge hits 25-year
X

Summary

  • യുഎസിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 37.9 ശതമാനം കുറവ്
  • ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ യുഎസ് എഫ്ഡിഐ വര്‍ധിച്ചു
  • വ്യാപാരയുദ്ധം ചൈനക്ക് തിരിച്ചടിയായി


2022-ല്‍ യു എസ് ചൈനയില്‍നിന്ന് 57569 കോടി ഡോളറിന്റെ ഇറക്കുമതി നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം 73000 കോടി രൂപയിലേയ്‌ക്കെത്തിയെന്നും യുണൈറ്റഡ് നേഷന്‍സ് കോംട്രേഡ് കണക്കുകള്‍ പറയുന്നു. 2018 -നുശേഷം ചൈനയിലേക്കുള്ള ഏറ്റവും ഉയര്‍ന്ന യു എസ് ഇറക്കുമതിയാണിത്.

എന്നാല്‍ ചൈനിയിലേക്കു നേരിട്ടുള്ള യുഎസ് നിക്ഷേപം 2022-ല്‍ 37.9 ശതമാനം ഇടിഞ്ഞതായി ഐഎംഎഫ് കണക്കുകള്‍ പറയുന്നു. അതേസമയം ഇന്ത്യ, കോസ്റ്റാറിക്ക, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യുഎസ് നിക്ഷേപം യഥാക്രമം 37.9 ശതമാനം, 109.12 ശതമാനം, 18.72 ശതമാനം വീതം വര്‍ധന രേഖപ്പെടുത്തിയതായും ഐഎംഎഫ് പറയുന്നു.

വിദേശ കമ്പനികളുടെ നിലപാട്

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം കമ്പനികളില്‍ ൪ശതമാനം മാത്രമാണ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആദ്യമൂന്നില്‍ ബെയ്ജിംഗിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൈനയിലെ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിദ്ധീകരിച്ച ചൈന ബിസിനസ് ക്ലൈമറ്റ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം വന്നിട്ടുള്ളത്. ഇത് ആരാജ്യത്തിന് നേരിട്ടുള്ള വിദേശനിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകും. വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഇത് ഉയരാന്‍ സാധ്യതയേറെയാണ്.

കൂടാതെ ചൈനയുടെ വിദേശ നിക്ഷേപ അന്തരീക്ഷം തകര്‍ച്ച നേരിടുന്നതായി മുന്‍വര്‍ഷങ്ങളിലേക്കാള്‍കൂടുതല്‍ പേര്‍ റിപ്പോര്‍ട്ടുചെയ്തു. ചൈനയില്‍ നിക്ഷേപം വിപുലീകരിക്കുകയോ നിക്ഷേപം കുറയ്ക്കുകയോ ചെയ്യുന്നില്ലെന്ന അഭിപ്രായമുള്ളത് 55ശതമാനം പേര്‍ക്കാണ്. കൂടാതെ, 24 ശതമാനം അംഗങ്ങള്‍ ചൈനയ്ക്ക് പുറത്ത് നിര്‍മ്മാണമോ ഉറവിടമോ മാറ്റാന്‍ പദ്ധതിയിടുന്നതായും വ്യക്തമാക്കി. ഇതിലും വര്‍ധനവുണ്ടായി.

വ്യാപാരയുദ്ധം

2018ല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്കുമേല്‍ വന്‍നികുതി ചുമത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരയുദ്ധത്തിന് തുടക്കമായി. യുഎസ് നീക്കങ്ങളോടുള്ള ചൈനീസ് പ്രതികരണങ്ങള്‍ വിദേശ നിക്ഷേപതലങ്ങളിലും പ്രതിഫലിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

2018 മുതല്‍ 34 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയപ്പോള്‍ യുഎസ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിക്കുകയായിരുന്നു. 2019 മെയ് മാസത്തില്‍ 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതിക്ക് യുഎസ് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ വ്യാപാരയുദ്ധം രൂക്ഷമായി. ഇതിനുപുറമേയായിരുന്നു കോവിഡ് വ്യാപനം. അത് ആരംഭിച്ചതുതന്നെ ചൈനയിലായിരുന്നു. പകര്‍ച്ചവ്യാധി ആഗോളതലത്തില്‍ വ്യാപിച്ചപ്പോള്‍ ചൈനയുടെ വിതരണ ശൃംഖലകള്‍ താളംതെറ്റി. ലോകം കോവിഡില്‍നിന്ന് മുക്തമായി വരുന്ന സാഹചര്യത്തിലും ചൈന അടച്ചുപൂട്ടിത്തന്നെ കിടന്നു. ഇത് വ്യവസായികള്‍ക്ക് തിരിച്ചടിയായി. യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ബലൂണ്‍ പ്രത്യക്ഷപ്പെട്ടതിനെച്ചൊല്ലിയും സംഘര്‍ഷാവസ്ഥ ഉണ്ടായി.

ചിപ്പ് നിര്‍മ്മാണരംഗത്തെ ആഗോളഭീമനായ മൈക്രോണിനുമേല്‍ ചൈന നടപടികള്‍ സ്വീകരിച്ചത് ഉദാഹരണമാണ്. പിഴചുമത്തുന്നതുകൂടാതെ കമ്പനികളെ അധികൃതര്‍ സുരക്ഷാകാരണങ്ങളാല്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. തുടര്‍ന്ന് മൈക്രോണ്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചു. എന്നാല്‍ അവര്‍ ചൈനീസ് വിപണി ഉപേക്ഷിച്ചിട്ടില്ല.


നേതാക്കളുടെ സന്ദര്‍ശനങ്ങള്‍

അത്തരം പിരിമുറുക്കങ്ങള്‍ക്കിടയിലും, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ തുടങ്ങിയവരും കാലാവസ്ഥ സംബന്ധിച്ച യുഎസിന്റെ പ്രത്യേക ദൂതന്‍ ജോണ്‍ കെറിയും ഈ വര്‍ഷം ജൂണ്‍ മുതല്‍ ജൂലൈ വരെ ചൈന സന്ദര്‍ശിച്ചു. ചൈനീസ് നേതാക്കളുമായി അവര്‍ ചര്‍ച്ചകള്‍ നടത്തി. സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നതില്‍ ഇരുരാജ്യങ്ങളും വ്യാപാരയുദ്ധത്തില്‍നിന്നും കരുതലോടെ പിന്‍വാങ്ങാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയിലെ സാമ്പത്തികമായി അസ്ഥിരമാകുന്ന കമ്പനികളുടെ അവസ്ഥ അവര്‍ക്ക് പരിഗണിക്കേണ്ടതുണ്ട്. മറിച്ച യുഎസ് കമ്പനികളുടെ താല്‍പ്പര്യം അമേരിക്കക്കും പ്രധാനമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നുള്ള വീഴ്ച ലഘൂകരിക്കാന്‍ ഇരുപക്ഷവും ശ്രമിക്കുന്നതായാണ് കരുതുന്നതെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ ക്രമേണ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകാം എന്നുതന്നെയാണ് വിലയിരുത്തല്‍.

അതേസമയം ചൈന അനിവാര്യമായ പങ്കാളിയാണെന്നും യുഎസിലെ വിദഗ്ധര്‍ വിലയിരുത്തുന്നു്. ഇന്ന് അമേരിക്കയിലേക്കെത്തുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ 19ശതമാനവും ചൈനയില്‍നിന്നാണ്. അമേരിക്കയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്ന ഹെല്‍ഫയര്‍, മിസൈലുകളുടെ ഒരു പ്രധാന പ്രൊപ്പല്ലന്റ്, എന്നിവ പോലും ചൈനയില്‍ നിന്നാണെത്തുന്നത്.പലകാര്യങ്ങളിലും അമേരിക്ക ഇന്ന് സാമ്പത്തികമായി ചൈനയെ ആശ്രയിച്ചിരിക്കുന്നു.

വ്യാപാരവും പ്രത്യയശാസ്ത്ര എതിരാളികളുടെ കാഴ്ചപ്പാടായി മാറി എന്നതാണ് ഇവിടെ കാണുന്നത്. ഒരു സാമ്പത്തിക പങ്കാളിയില്‍ നിന്ന് ഉണ്ടാവേണ്ട നടപടികളല്ല ഇരുഭാഗത്തും സ്വീകരിക്കുന്നത്.

സാമ്പത്തികവ്യാപാരം ചൈനയെ ജനാധിപത്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്ന് മുമ്പ് യുഎസ് വിശ്വസിച്ചിരുന്നു. എന്നാല്‍ അത് അസ്ഥാനത്തായി. 1971മുതല്‍ ആഗോളക്രമത്തില്‍ അംഗമാകാന്‍ ബെയ്ജിംഗിനെ സഹായിച്ചത് യുഎസാണ്. 1980കളിലും 1990കളിലും ചൈനക്ക് പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ചരിത്രം അത് വിശദമാക്കുന്നുണ്ട്. എന്നാല്‍ ഇന്ന് കഥമാറി. ചൈനയുടെ സാമ്പത്തിക ശക്തിയും ചൈനീസ് വിപണികളില്‍ അമേരിക്കയുടെ ആശ്രയവും വര്‍ദ്ധിച്ചതോടെ, അന്താരാഷ്ട്ര മേഖലയില്‍ ചൈനയുടെ സ്വാധീനവും വര്‍ധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ളവ്യാപാരയുദ്ധം ആഗോള വ്യാപാരത്തെ തന്നെ ബാധിക്കുന്നതാണ്. അതിനാല്‍ ലോകവിപണിക്കും രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ട്. സമീപകാല നീക്കങ്ങള്‍ വ്യാപരരംഗത്തെ സംഘര്‍ഷാവസ്ഥയില്‍നിന്ന് ഇരു രാജ്യങ്ങളും ക്രമേണ പിന്മാറിയേക്കാമെന്ന സൂചന നല്‍കുന്നു.