image

5 Sep 2022 2:24 AM GMT

People

സൈറസ് മിസ്ത്രിയുടെ വിയോഗം: പല്ലോന്‍ജി ഗ്രുപ്പിനേറ്റ വലിയ തിരിച്ചടി

MyFin Desk

സൈറസ് മിസ്ത്രിയുടെ വിയോഗം: പല്ലോന്‍ജി ഗ്രുപ്പിനേറ്റ വലിയ തിരിച്ചടി
X

Summary

മുംബൈ: 157 വര്‍ഷം പഴക്കമുള്ള മള്‍ട്ടി-ബില്യണ്‍ ഡോളര്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ അനന്തരാവകാശിയെയാണ് സൈറസ് മിസ്ത്രിയുടെ മരണത്തില്‍ നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ സൈറസ് മിസ്ത്രി മരണപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗം ഇരട്ടി നഷ്ടമാണ് ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിനുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ 28 നായിരുന്നു ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് അധിപനും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോന്‍ജി മിസ്ത്രിയുടെ വിയോഗം. 2022 ല്‍ ഗ്രൂപ്പിന് ഏറ്റ […]


മുംബൈ: 157 വര്‍ഷം പഴക്കമുള്ള മള്‍ട്ടി-ബില്യണ്‍ ഡോളര്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ അനന്തരാവകാശിയെയാണ് സൈറസ് മിസ്ത്രിയുടെ മരണത്തില്‍ നഷ്ടപ്പെട്ടത്.

ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ സൈറസ് മിസ്ത്രി മരണപ്പെട്ടത്.

അദ്ദേഹത്തിന്റെ വിയോഗം ഇരട്ടി നഷ്ടമാണ് ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിനുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ 28 നായിരുന്നു ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് അധിപനും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോന്‍ജി മിസ്ത്രിയുടെ വിയോഗം. 2022 ല്‍ ഗ്രൂപ്പിന് ഏറ്റ വലിയ തിരിച്ചടികളാണ് ഈ രണ്ട് മരണങ്ങള്‍.

ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി. പല്ലോന്‍ജി മിസ്ത്രിയുടെ ഇളയ മകനായ സൈറസ് മിസ്ത്രി 2006-ല്‍ ടാറ്റ ഗ്രൂപ്പില്‍ ഡയറക്ടറായി ചേര്‍ന്നു. 2012ല്‍ ടാറ്റ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാനായി അദ്ദേഹം നിയമിതനായി. 2016 ഒക്ടോബറില്‍ ബോര്‍ഡ് അട്ടിമറിയിലൂടെ സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.

2016 ഡിസംബറില്‍ ടാറ്റ സണ്‍സിന്റെ കെടുകാര്യസ്ഥത ആരോപിച്ച് മിസ്ത്രി കുടുംബത്തിന് നിക്ഷേപവും ഉടമസ്ഥാവകാശവുമുള്ള സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.

2017 ഫെബ്രുവരിയില്‍, ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ നീക്കി. എന്നാല്‍ സൈറസ് മിസ്ത്രിയെ നീക്കം ചെയ്തത് നിയമവിരുദ്ധമാണെന്നും കമ്പനിയുടെ കാര്യങ്ങള്‍ അവരുടെ ന്യൂനപക്ഷ ഓഹരി ഉടമകള്‍ക്ക് ദോഷകരവും അടിച്ചമര്‍ത്തുന്നതുമായ വിധത്തിലാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും സൈറസ് മിസ്ത്രിയെ ചെയര്‍മാനായി പുന:സ്ഥാപിക്കണമെന്നും നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലില്‍ (എന്‍സിഎല്‍എടി) വിധിച്ചു.

തുടര്‍ന്ന് ഈ ഉത്തരവിനെതിരെ ടാറ്റ സണ്‍സ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 2021 മാര്‍ച്ചില്‍, ടാറ്റ വേഴ്‌സസ് മിസ്ത്രി കേസില്‍ സുപ്രീം കോടതി ടാറ്റ ഗ്രൂപ്പിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും സൈറസ് മിസ്ത്രിയെ ഗ്രൂപ്പ് ചെയര്‍മാനായി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് തള്ളുകയും ചെയ്തു.

ഈ വിധിയെ മിസ്ത്രി കുടുംബം വെല്ലുവിളിച്ചു. എന്നാല്‍ ടാറ്റ വേഴ്‌സസ് മിസ്ത്രി നിയമക്കേസില്‍ സൈറസ് മിസ്ത്രി നല്‍കിയ പുന:പരിശോധനാ ഹര്‍ജി മെയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.

ഏഷ്യയിലുടനീളം ആഡംബര ഹോട്ടലുകളും, സ്റ്റേഡിയങ്ങളും, കൊട്ടാരങ്ങളും, ഫാക്ടറികളും നിര്‍മ്മിച്ച ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന മിസ്ത്രിയും കുടുംബവും അന്‍പതിലധികം രാജ്യങ്ങളിലായി 50,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കി വരുന്നു. മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ബിഎസ്ഇ ടവർ, മുംബൈ ഒബ്‌റോയ് ഹോട്ടല്‍, ഒമാന്‍ സുല്‍ത്താന് വേണ്ടി നിര്‍മ്മിച്ച നീലയും സ്വര്‍ണ്ണവും കലര്‍ന്ന അല്‍ ആലം കൊട്ടാരം എന്നിവ പല്ലോൻജി ഗ്രുപ്പിന്റെ പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

പല്ലോന്‍ജി മിസ്ത്രിയെ 'ഫാന്റം ഓഫ് ബോംബെ ഹൗസ്' എന്നാണ് വിളിച്ചുപോന്നത്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച്, 2022 ല്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് ഏകദേശം 30 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്.

തുടർന്ന്‌ വായിക്കുക:

https://www.myfinpoint.com/lead-story/2022/09/04/tatasons-ex-chairman-cyrus-mistry-died-in-car-accident/