അതിരപ്പിള്ളി ഗോത്ര ഉത്പന്നങ്ങള്‍ ഇനി അതിരപ്പിള്ളി ബ്രാന്‍ഡില്‍ അറിയപ്പെടും

  • ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2023-07-28 12:15 GMT

അതിരപ്പിള്ളി പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന ട്രൈബല്‍വാലി കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആദിവാസികളുടെ കാര്‍ഷിക ഉല്‍പന്നങ്ങളും വനവിഭവങ്ങളും സംസ്‌കരിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി ആരംഭിച്ച സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, തേന്‍, നെല്ല് തുടങ്ങിയ ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള യൂണിറ്റ് ആരംഭിച്ചത്.1.23 കോടി രൂപയാണ് നിര്‍മാണച്ചെലവ്. അതിരപ്പിള്ളി ബ്രാന്‍ഡ് എന്ന പേരിലായിരിക്കും ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുക.

വന്യജീവി ആക്രമണങ്ങളില്‍ വിളനാശം നേരിടുന്ന കര്‍ഷകര്‍ക്ക് 10 കോടി രൂപ ധന സഹായം കൃഷി വകുപ്പ് അനുവദിച്ചതായും അതിന്റെ ഒരു വിഹിതം അതിരപ്പിള്ളി പഞ്ചായത്തിലും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷി പ്രോത്സാഹനം മുതല്‍ ഉല്‍പന്നങ്ങളുടെ വിപണനം വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി അതിരപ്പിള്ളി വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കേരള ഗ്രോ ബ്രാന്‍ഡിന്റെ കീഴില്‍ അതിരപ്പിള്ളി ട്രൈബല്‍വാലി ഉല്‍പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇവയുടെ വിപണന സാധ്യത മെച്ചപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിപണന യൂണിറ്റുകള്‍ തുടങ്ങും ഓണ്‍ലൈന്‍ വില്‍പനയ്ക്കും സൗകര്യമൊരുകും. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 7.91 കോടി ചെലവില്‍ നടപ്പിലാക്കുന്ന അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. ഊരുകള്‍ കേന്ദ്രീകരിച്ച് 14 ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.ക്ലസ്റ്ററുകളെ കൃഷിക്കൂട്ടങ്ങളായി അംഗീകരിക്കും. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി രണ്ട് വര്‍ഷം കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.




Tags:    

Similar News