ക്ഷേമ പെന്‍ഷന്‍: പെൻഷൻ കമ്പനിയുടെ വായ്പത്തിരിച്ചടവ് മുടങ്ങുന്നു

സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു വാങ്ങിയ പണം തിരിച്ചുനല്‍കാനുള്ള കാലാവധി നീട്ടി സര്‍ക്കാര്‍

Update: 2025-11-27 04:48 GMT

സംസ്ഥാന സര്‍ക്കാരിൻ്റെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ പെന്‍ഷന്‍ കമ്പനിയെടുത്ത വായ്പത്തിരിച്ചടവ് മുടങ്ങുന്നു. ഇതോടെ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു വാങ്ങിയ പണം തിരിച്ചുനല്‍കാനുള്ള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.

മൂന്നുതവണയായി വാങ്ങിയ 6000 കോടി രൂപയാണ് തിരിച്ചുനല്‍കാനുള്ളത്. ഇതിന്റെ പലിശനല്‍കി ഒരുവര്‍ഷത്തേക്കുകൂടി നിശ്ചയിച്ച പലിശനിരക്കില്‍ വായ്പ പുതുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലാവധി പൂര്‍ത്തിയായ വായ്പകള്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടണമെന്ന പെന്‍ഷന്‍ കണ്‍സോര്‍ഷ്യം മാനേജര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഒരുവര്‍ഷമാണ് വായ്പയുടെ കാലാവധി. 9.1 ശതമാനം പലിശയാണ് വായ്പക്ക് നല്‍കുന്നത്.

സഹകരണബാങ്കുകള്‍ വായ്പത്തുക തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. ക്ഷേമപെന്‍ഷന്‍ അടുത്തയിടെ 2000 രൂപയാക്കിയിരുന്നു.ഇതിന്റെ വിതരണത്തിനായി 2000 കോടിരൂപ സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് വായ്പയെടുത്തത്. ഒരുവര്‍ഷം കാലാവധിയിലാണ് ഇത് തിരിച്ച് നല്‍കേണ്ടത്.

പ്രാഥമിക സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണ് ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്. ഇതിനായി രൂപവത്കരിച്ച പെന്‍ഷന്‍ കമ്പനി കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുക്കുന്നതാണ് രീതി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും പെന്‍ഷന്‍ കമ്പനി സഹകരണബാങ്കുകള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം കടമായി വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ പെന്‍ഷന്‍ കമ്പനിയുടെ കടബാധ്യത കൂടിവരുകയാണ്. പെന്‍ഷന്‍ കമ്പനിയെടുത്ത വായ്പ ഇനത്തില്‍ നിലവില്‍ 13,000 കോടിയോളം രൂപ തിരികെനല്‍കാനുണ്ട്.

Tags:    

Similar News