നേട്ടത്തിന്റെ രണ്ടാം വര്‍ഷം; ക്രിസില്‍ എ സ്റ്റേബിള്‍ റേറ്റിംഗുമായി ഇന്‍ഫോപാര്‍ക്ക്

  • സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ഇന്‍ഫോപാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പടുത്തുന്നു
  • കടബാധ്യത കുറഞ്ഞു നില്‍ക്കുന്നതിനാല്‍ തന്നെ ആരോഗ്യകരമായ പലിശ, കുറഞ്ഞ സാമ്പത്തികച്ചെലവുകള്‍ എന്നിവയാണ് ഇന്‍ഫോപാര്‍ക്കിനുള്ളത്.
  • രാജ്യത്തെ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രകടനവും ബാങ്കിംഗ് സാധ്യതകളും പരിശോധിക്കുന്ന റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍.

Update: 2024-05-22 11:53 GMT

മികച്ച സാമ്പത്തിക പ്രകടനത്തിന്റെ അംഗീകാരമായി റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് നേടി ഇന്‍ഫോപാര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്‍ഫോപാര്‍ക്കിന് ഈ റേറ്റിംഗ് ലഭിക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബാങ്കിംഗ് സൗകര്യത്തിന്റെ മാനദണ്ഡമാണ് ക്രിസില്‍ റേറ്റിംഗിന്റെ അടിസ്ഥാനമാക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള മികച്ച പിന്തുണയാണ് ഇന്‍ഫോപാര്‍ക്കിന് ഈ നേട്ടം കൈവരിക്കാനുള്ള പ്രധാനകാരണമായി എടുത്തു പറയുന്നത്. മൂലധന സ്വരൂപണത്തില്‍ കടബാധ്യത കുറവായതും ഗുണകരമായി. സാമ്പത്തിക പ്രതിസന്ധി സാധ്യത (ഫിനാന്‍ഷ്യല്‍ റിസ്‌ക്) മിതമായ നിരക്കില്‍ മാത്രമാണ് ഇന്‍ഫോപാര്‍ക്കിലുള്ളതെന്ന് ക്രിസില്‍ വിലയിരുത്തി. കടബാധ്യത കുറഞ്ഞു നില്‍ക്കുന്നതിനാല്‍ തന്നെ ആരോഗ്യകരമായ പലിശ, കുറഞ്ഞ സാമ്പത്തികച്ചെലവുകള്‍ എന്നിവയാണ് ഇന്‍ഫോപാര്‍ക്കിനുള്ളത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ഇന്‍ഫോപാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കി നിര്‍ത്തുന്നു. ഭാവി വികസന പദ്ധതികളിലും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഇന്‍ഫോപാര്‍ക്ക് പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രണ്ട് ദശകമായി തുടര്‍ന്നു വരുന്ന ഇന്‍ഫോപാര്‍ക്കിന്റെ ശക്തമായ സാമ്പത്തിക അടിത്തറയും ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് ക്രിസില്‍ റേറ്റിംഗ് സൂചിപ്പിക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. മികച്ച നിലവാരം പുലര്‍ത്തുന്ന ഐടി ജീവനക്കാര്‍ പ്രാദേശികമായി തന്നെ ലഭ്യമാണെന്നത് ഇന്‍ഫോപാര്‍ക്കിന്റെ മുതല്‍ക്കൂട്ടാണ്. വന്‍കിട ഐടി കമ്പനികള്‍ ഉള്‍പ്പെടെ കേരളത്തിലെ ഐടി പാര്‍ക്കുകളെ തങ്ങളുടെ പ്രധാനകേന്ദ്രമായി തിരഞ്ഞെടുക്കുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്കിന്റെ ആകെയുള്ള സ്ഥലത്തിന്റെ 85 ശതമാനവും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ഗുണകരമായ സൂചനയാണ്. വാടകയിനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന സ്ഥാപനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുന്നതിന്റെ സൂചനയാണ്. മൂലധനഘടനയും പണലഭ്യതയും നിലനിറുത്തിപ്പോകുന്നതും ശുഭസൂചകമാണ്.

രാജ്യത്തെ വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രകടനവും ബാങ്കിംഗ് സാധ്യതകളും പരിശോധിക്കുന്ന റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍. 1987 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ ബാങ്കിംഗ് ആവശ്യത്തിനും വിദേശ വായ്പയടക്കമുള്ള കാര്യങ്ങള്‍ക്കും സഹായകരമാണ്.

Tags:    

Similar News