കേരളത്തിന് ആശ്വാസമായി 1,200 കോടി ഭൂമി തരംതിരിക്കല്‍ ഫീസ്
അപേക്ഷകളില്‍ 2.6 ലക്ഷം ഇനിയും പരിഹരിക്കാനുണ്ട്
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ആശ്വാസമായി ഭൂമി തരം മാറ്റല്‍ ഇനത്തില്‍ ലഭിച്ച ഫീസ്.ഏകദേശം 1,207.72 കോടി രൂപയാണ് റവന്യു രേഖകളിലെ ഉപയോഗ ശൂന്യമായ ഭൂമി പാര്‍പ്പിട അനുയോജ്യ ഭൂമിയായി തരം മാറ്റിയതിലൂടെ ലഭിച്ചത്. അപേക്ഷകളില്‍ 2.6 ലക്ഷം ഇനിയും പരിഹരിക്കാനുണ്ട്. ആ അപേക്ഷകളുടെ കൂടെ നടപടികള്‍ പൂര്‍ത്തിയായാല്‍ 2,500 കോടി രൂപ കൂടി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
ഓരോ ഭൂമി തരം മാറ്റല്‍ അപേക്ഷയുടെയും ഫീസ് 1000 രൂപയാണ്. 2022-23 വര്‍ഷത്തില്‍ സംസ്ഥാനം ഭൂമി തരംമാറ്റലിലൂടെ 385.79 കോടി രൂപയാണ് സമാഹരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി തരംമാറ്റല്‍ നടന്നത് എറണാകുളം ജില്ലയിലാണ്. കുറവ് നടന്നത് വയനാട് ജില്ലയിലും.
പാര്‍പ്പിടാവശ്യത്തിനായി തരം മാറ്റുന്ന ഭൂമി 25 സെന്റിനും ഒരു ഏക്കറിനും ഇടയിലാണെങ്കില്‍ ഫീസ് അടുത്തുള്ള പാര്‍പ്പിട ഭൂമിയുടെ ന്യായ വിലയുടെ 10 ശതമാനമാണ്. എന്നാല്‍, ഭൂമി ഒരു ഏക്കറിന് മുകളിലുണ്ടെങ്കില്‍ വിലയുടെ 20 ശതമാനം ഫീസായി നല്‍കണം.
ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ആര്‍ഡിഒയ്ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് തേടും. പിന്നീട് നടപടിക്രമങ്ങള്‍ അനുസരിച്ച് ഭൂമി പാര്‍പ്പിട ഉപയോഗത്തിനായി തരം മാറ്റും.
2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നതിനുശേഷം നിരപ്പാക്കിയ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിവര്‍ത്തനത്തിനായി ഡാറ്റാ ബാങ്കില്‍ നിന്ന് ആ ഭൂമിയുടെ സ്ട്രിപ്പുകള്‍ നീക്കം ചെയ്യുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ചാണ് കൃഷി ഓഫീസര്‍ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
