മില്ലറ്റുകള്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നു; കൊച്ചി മേയര്‍

  • . കൃഷിക്ക് പരിമിതമായ ജലവും അധ്വാനവും വിഭവങ്ങളും മാത്രം ആവശ്യമായ മില്ലറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്, എം പി പറഞ്ഞു.

Update: 2023-06-07 10:30 GMT

എസന്‍മിലോ 23 എന്ന പേരില്‍ ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണവും, ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് മില്ലറ്റ്സും സംഘടിപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കടവന്ത്ര വിനായക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

മില്ലറ്റുകള്‍ അഥവാ ചെറു ധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ദേശീയ വരുമാനത്തില്‍ വര്‍ധന ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാസവളം ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്നും മില്ലറ്റുകള്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മില്ലറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ആഹാരരീതി ആരോഗ്യത്തിന് വളരെ ഉത്തമമാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. സേവ് ഫുഡ് ഷെയര്‍ ഫുഡ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മില്ലറ്റ് ഉത്പന്നങ്ങളുടെ സ്വാദ് നഷ്ടപ്പെടാതെ തന്നെ പാകം ചെയ്യാന്‍ സാധിക്കണം. കൃഷിക്ക് പരിമിതമായ ജലവും അധ്വാനവും വിഭവങ്ങളും മാത്രം ആവശ്യമായ മില്ലറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്,' എം പി പറഞ്ഞു.

കരുണാലയം, സ്‌നേഹ സദനം അസീസി റിലീഫ് സെന്റര്‍ എന്നിവിടങ്ങളിലേക്കുള്ള സൗജന്യ ഭക്ഷണ കിറ്റുകളുടെ ഉദ്ഘാടനവും ഹൈബി ഈഡന്‍ നിര്‍വഹിച്ചു.

ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മില്ലറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കല്‍ മത്സരംജില്ലാ ലീഗ് സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എന്‍ രഞ്ജിത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യകരമായ ജീവിതശൈലിക്ക് മില്ലറ്റ് ഉത്പന്നങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ടേസ്റ്റി നിബിള്‍സ് കോര്‍പ്പറേറ്റ് ഷെഫ് ടി പി പോള്‍സണ്‍ ക്ലാസുകള്‍ നയിച്ചു. പരിപാടിയോടനുബന്ധിച്ച് മില്ലറ്റ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.

ചടങ്ങില്‍ ഉമ തോമസ് എംഎല്‍എഅധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ ജോണ്‍ വിജയകുമാര്‍,കൗണ്‍സിലര്‍ ആന്റണി പൈനുതറ, അങ്കമാലി ഫുഡ് സേഫ്റ്റി ഓഫീസര്‍ വി ഷണ്മുഖന്‍, എം ആര്‍ ടി ഓര്‍ഗാനിക്‌സ് ഡയറക്ടര്‍ മാഹിബാലന്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, ബേക്കറി അസോസിയേഷന്‍, കാറ്ററിങ് അസോസിയേഷന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Tags:    

Similar News