നിറപറയെ ഏറ്റെടുക്കാന്‍ വിപ്രോ, ബ്രാന്‍ഡ് നാമം മാറ്റില്ലെന്ന് സൂചന

  • എറണാകുളത്തെ കാലടിയില്‍ കെ കെ കര്‍ണ്ണന്‍ എന്ന സംരംഭകന്‍ ആരംഭിച്ച അരിമില്ലാണ് പിന്നീട് നിറപറ എന്ന ബ്രാന്‍ഡായി മാറിയത്.

Update: 2022-12-19 10:02 GMT

കാലടി: കേരളത്തിലെ മുന്‍നിര ഭക്ഷ്യോത്പന്ന കമ്പനിയായ നിറപറയെ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റായ വിപ്രോ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. വിപ്രോ കണ്‍സ്യുമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് (ഡബ്ല്യുസിസിഎല്‍) വഴിയാകും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. വിപ്രോയുടെ തന്നെ ഉപഭോക്തൃ ഉത്പന്ന ഉപവിഭാഗമാണ് ഡബ്ല്യുസിസിഎല്‍. എത്ര രൂപയ്ക്കാകും ഇടപാട് നടക്കുക എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കേരളത്തില്‍ നിന്നുള്ള ചന്ദ്രിക സോപ്പിനെ ഏറ്റെടുത്ത് ഏതാനും വര്‍ഷത്തിനുള്ളിലാണ് വിപ്രോ നിറപറയേയും ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഏറ്റെടുക്കലിന് ശേഷവും ബ്രാന്‍ഡിന്റെ പേര് നിലനിര്‍ത്തുമെന്നാണ് സൂചന. അരിപ്പൊടി, കറി മസാല, അച്ചാര്‍ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങളാണ് നിറപറയുടെ ശ്രേണിയില്‍ ഉണ്ടായിരുന്നത്. എറണാകുളത്തെ കാലടിയില്‍ കെ കെ കര്‍ണ്ണന്‍ എന്ന സംരംഭകന്‍ ആരംഭിച്ച അരിമില്ലാണ് പിന്നീട് നിറപറ എന്ന ബ്രാന്‍ഡായി മാറിയത്.

1988ല്‍ നിറപറ എന്ന ബ്രാന്‍ഡ് രൂപീകരിച്ച ശേഷം സുഗന്ധവ്യജ്ഞന ഉത്പന്നങ്ങള്‍ വരെ കമ്പനി ഇറക്കി. അമേരിക്കയിലും യൂറോപ്പിലുമടക്കം മികച്ച സ്വീകാര്യതയാണ് നിറപറയുടെ ഉത്പന്നങ്ങള്‍ക്ക് ലഭിച്ചത്.

നിറപറയുടെ 63 ശതമാനം ബിസിനസും കേരളത്തിലും 8 ശതമാനം മറ്റം സംസ്ഥാനങ്ങളില്‍ നിന്നുമാണ്. 29 ശതമാനം ബിസ്ിനസ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നാണെന്നും കമ്പനി ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡുകളിലേക്ക് കോര്‍പ്പറേറ്റുകള്‍ ആകൃഷ്ടരാകുന്നത് കഴിഞ്ഞ കുറച്ച് മാസങ്ങളായി പതിവാകുകയാണ്. കേരളത്തിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഗ്രോസറി ചെയിനായ ബിസ്മിയെ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

മേളം, ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് തുടങ്ങിയവ മറ്റ് കോര്‍പ്പറേറ്റുകള്‍ ഏറ്റെടുത്ത കേരള ബ്രാന്‍ഡുകളാണ്. ഏറ്റവുമധികം എഫ്എംസിജി ഉത്പന്നങ്ങള്‍ ഇറക്കുന്ന കമ്പനികളിലൊന്നാണ് വിപ്രോ. 2021-22 കാലയളവില്‍ 8,630 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.

Tags:    

Similar News