കൂടുതല്‍ പേര്‍ക്കും ഇഷ്ടം കാനനഭംഗി: ജംഗിള്‍സഫാരി ' ജംബോ ഹിറ്റ് '

Update: 2023-09-04 07:38 GMT

വിനോദസഞ്ചാരികള്‍ക്കായി   കെഎസ്ആര്‍ടിസി ആരംഭിച്ച പ്രത്യേക ടൂറിസറ്റ് പാക്കേജായ ജംഗിള്‍ സഫാരി കോതമംഗലം ഡിപ്പോയില്‍ വന്‍ഹിറ്റ്. 2021 നവംബര്‍ 28-ന് ആരംഭിച്ച ജംഗിള്‍ സഫാരി ഇതിനോടകം 550 സര്‍വീസുകളിലൂടെ രണ്ടരക്കോടി രൂപയുടെ വരുമാനം നേടി കൊടുത്തതായി കോതമംഗലം ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എന്‍.ആര്‍. രാജീവ് പറഞ്ഞു.

കോതമംഗലത്തു നിന്നും മാമലക്കണ്ടം, മലക്കപ്പാറ, ചതുരംഗപ്പാറ, ഗവി, വാഗമണ്‍, ആലപ്പുഴ (കായല്‍ക്കാഴ്ച), കൊച്ചി (നെഫര്‍റ്റിറ്റി കപ്പലിലെ യാത്ര) എന്നിവിടങ്ങളിലേക്കാണ് ജംഗിള്‍ സഫാരി  സര്‍വീസ് ആരംഭിച്ചത്. എല്ലാം ഒറ്റ ദിവസത്തെ ട്രിപ്പാണ്.

ഏറ്റവും പ്രിയം മാമലക്കണ്ടം പാക്കേജ്

മാമലക്കണ്ടം പാക്കേജിന് 750 രൂപയും, ഗവി-2000, കൊച്ചി നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര-2800, ചതുരംഗപ്പാറ-750, മലക്കപ്പാറ-630, ആലപ്പുഴ-550, വാഗമണ്‍-550 എന്നിങ്ങനെയാണു നിരക്ക് ഈടാക്കുന്നത്.

ആഴ്ചയിലൊരിക്കല്‍ എന്ന പ്രകാരമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും ബുക്കിംഗ് 50 പേരിലെത്തിയാല്‍ ട്രിപ്പ് നടത്തും. മിനിമം 50 പേരെങ്കിലും ഇല്ലെങ്കില്‍ ട്രിപ്പ് നടത്താറുമില്ല.

മാമലക്കണ്ടം പാക്കേജിനാണ് ഇപ്പോള്‍ കൂടുതല്‍ ബുക്കിംഗ് ലഭിക്കുന്നതെന്ന് എന്‍.ആര്‍. രാജീവ് പറഞ്ഞു. വെക്കേഷന്‍ സമയത്ത് ബുക്കിംഗ് ആധിക്യത്തെ തുടര്‍ന്ന് ഒരു ദിവസം കോതമംഗലം ഡിപ്പോയില്‍നിന്നും ഏഴ് ബസ് വരെ സര്‍വീസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ മധ്യേ കാട്ടാനകളെയും മറ്റ് വന്യമൃഗങ്ങളെയും കാണാനാകുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കാടിന്റെ ഡിസൈനില്‍ പെയ്ന്റടിച്ച ബസ്സാണ് യാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്.

കോതമംഗലം-മാമലക്കണ്ടം-കുട്ടമ്പുഴ-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴിയിലൂടെ മൂന്നാറിലേക്ക് പോകുന്ന ഈ സഞ്ചാരത്തിലൂടെ കാനനഭംഗി നല്ല പോലെ ആസ്വദിക്കാന്‍ സാധിക്കും.

ലക്ഷ്മി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ച്, ഭൂതത്താന്‍കെട്ടിലെ ബോട്ടുയാത്രയും നടത്തി, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള് കണ്ട്, കാനനഭംഗി ആസ്വദിച്ചുള്ളതാണ് കോതമംഗലം-മാമലക്കണ്ടം പാക്കേജ്. ആദ്യം ബോട്ട് യാത്ര ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായിട്ടാണു ബോട്ട് യാത്ര ഉള്‍പ്പെടുത്തിയത്.

രാവിലെ എട്ട് മണിക്ക് കോതമംഗലത്തുനിന്നും ആരംഭിക്കുന്ന യാത്ര രാത്രി പത്ത് മണിയോടെ കോതമംഗലത്തു തിരിച്ചെത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. മടക്കയാത്ര മൂന്നാര്‍-ആലുവ റോഡ് വഴിയാണ്.

പാക്കേജുള്ളത് 29 ഡിപ്പോകളില്‍

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാഴ്ചകള്‍ ആസ്വദിക്കാനായി കെഎസ്ആര്‍ടിസിയുടെ 29 ഡിപ്പോകളിലാണു ടൂര്‍ പാക്കേജുള്ളത്. പ്രതിദിന, വാരാന്ത്യ   സര്‍വീസുകളുണ്ട്. ഭൂരിഭാഗവും വീക്കെന്‍ഡ് സര്‍വീസുകളാണുള്ളത്.

വയനാട് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ആരംഭിച്ച ജംഗിള്‍ സഫാരി വൈകുന്നേരം ആറിനാണ് ആരംഭിക്കുന്നത്. രാത്രി സര്‍വീസ് നടത്തുന്ന ഒരേയൊരു ജംഗിള്‍ സഫാരി പാക്കേജും ഇതാണ്. വൈല്‍ഡ് ലൈഫ് നൈറ്റ് ജംഗിള്‍ സഫാരി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി, നായ്ക്കട്ടി കല്ലൂര്‍ വഴി മുത്തങ്ങയിലെത്തിച്ചേരും. തിരിച്ച് ഇരുളത്തേക്കെത്തി ഡിപ്പോയില്‍ രാത്രി 10.30ന് തിരിച്ചെത്തും. വൈകുന്നേരം 6.30 മണിക്ക് ആരംഭിക്കുന്നതാണു യാത്ര.

കുടുതല്‍ വിവരങ്ങള്‍ക്ക്

ബജറ്റ് ടൂറിസം സെല്‍ (കെഎസ്ആര്‍ടിസി)

8129562972

Tags:    

Similar News