ടാറ്റ മോട്ടോഴ്സ് വിഭജനത്തിന് കാരണമെന്താണ്?
ടാറ്റ മോട്ടോഴ്സിൽ നിന്ന് ടാറ്റ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് ലിസ്റ്റിങ്ങിന് ഒരുങ്ങുകയാണ്. അറിയേണ്ട കാര്യങ്ങൾ
ടാറ്റ മോട്ടോഴ്സിൻ്റെ യാത്രാ വാഹന വിഭാഗവും വാണിജ്യ വാഹന വിഭാഗവും വേർപിരിഞ്ഞിരിക്കുകയാണ്. ഇത് അതത് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രണ്ടു വിഭാഗങ്ങൾക്കും സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപകർക്കും നേട്ടമാണ്. സ്വതന്ത്രമായ മാനേജ്‌മെന്റ് ഇരുവിഭാഗങ്ങളിലും പ്രർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യും. ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (ടിഎംഎൽസിവി), ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് (ടിഎംപിവി) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ആണ് ബിസിനസ് വിഭജിച്ചത്. ഒക്ടോബർ ഒന്നു മുതലായിരുന്നു ഇതിന് പ്രാബല്യം.
ഇരു വിഭാഗങ്ങളും വേർപിരിയുന്നതോടെ ടാറ്റ മോട്ടോഴ്‌സിൻ്റെ, വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങളുടെ മൂലധന ആവശ്യകതകളും ഡിമാൻഡും വ്യത്യസ്തമായിരിക്കും. ഇരുവിഭാഗങ്ങളിലേക്കും മൂലധന വിഹിതം ഉയരാനും പ്രവർത്തനക്ഷമത ഉയരാനും വിഭജനം സഹായകരമായേക്കാം. ഇരു വിഭാഗങ്ങളുടെയും മൂല്യം ഉയർത്താൻ വിഭജനം സഹായകരമായേക്കാം എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ.
പുതിയ കമ്പനിയുടെ ലിസ്റ്റിങ് എപ്പോൾ?
ടാറ്റ മോട്ടോഴ്‌സിന്റെ വിഭജനത്തിന് ശേഷം നിലവിലുള്ള ഓഹരി ഉടമകൾക്ക് രണ്ട് പുതിയ സ്ഥാപനങ്ങളിലും ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ടാറ്റ മോട്ടോഴ്സിൻ്റെ യോഗ്യരായ ഓഹരി ഉടമകൾക്ക് 368 കോടി ഓഹരികൾ അനുവദിച്ചതായി ടാറ്റ മോട്ടോഴ്‌സ് സിവി ഓഹരി ഉടമകൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്.1:1 എന്ന അനുപാതത്തിലാണ് ഓഹരികൾ അനുവദിച്ചത്. ടാറ്റ മോട്ടോഴ്സിൽ ഉണ്ടായിരുന്ന ഒരു ഓഹരിക്ക് ടാറ്റ മോട്ടോഴ്സ് സിവിയിൽ ഒരു അധിക ഓഹരിയാണ് ലഭിക്കുക. ഓരോ ഓഹരിയുടെയും മുഖവില 2 രൂപയാണ്. ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.
