ലംബോര്‍ഗിനി, ആഡംബരത്തിൻറെ അവസാന വാക്ക്

1963-ല്‍ സ്ഥാപിതമായ ഓട്ടോമൊബിലി ലംബോര്‍ഗിനിയുടെ ആസ്ഥാനം വടക്കന്‍ ഇറ്റലിയിലെ സാന്റ് അഗത ബൊലോഗ്നീസിലാണ് സ്ഥിതി ചെയ്യുന്നത്.

Update: 2022-01-11 03:35 GMT

ഓട്ടോമൊബിലി ലംബോര്‍ഗിനി എന്ന ഇറ്റാലിയന്‍ ബ്രാന്‍ഡ് ലോകത്തിലെ തന്നെ വില കൂടിയ ആഡംബര - സ്പോര്‍ട്സ് കാറുകളുടെയും എസ് യു വികളുടെയും നിര്‍മ്മാതാക്കളാണ്. 1963-ല്‍ സ്ഥാപിതമായ ഓട്ടോമൊബിലി ലംബോര്‍ഗിനിയുടെ ആസ്ഥാനം വടക്കന്‍ ഇറ്റലിയിലെ സാന്റ് അഗത ബൊലോഗ്നീസിലാണ് സ്ഥിതി ചെയ്യുന്നത്. ഫെരാരിയെ വെല്ലാനാണ് 1963 ല്‍ ഫെറൂസിയ ലംബോര്‍ഗിനി എന്ന വ്യവസായി ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി തുടങ്ങിയത്. റിയര്‍ മിഡ് എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള ലംബോര്‍ഗിനിയുടെ കാറുകള്‍ ആരംഭത്തില്‍ തന്നെ പേരെടുത്തു.

ഉടമസ്ഥാവകാശം പല കൈകളിലൂടെ കടന്നുപോയാണ് നിലവിലെ ഉടമകളായ ഓഡിയുടെ കൈവശം ലംബോര്‍ഗിനി എത്തിചേര്‍ന്നത്. സ്ഥാപകനായ ഫെറൂസിയ ലംബോര്‍ഗിനിയുടെ കയ്യില്‍ നിന്ന് 72 ല്‍ ജോര്‍ജസ് ഹെന്‍ട്രി റോസറ്റി ലംബോര്‍ഗിനിയെ സ്വന്തമാക്കി. 1973 ലെ സാമ്പത്തിക പ്രതിസന്ധിയും എണ്ണ പ്രതിസന്ധിയുടേയും കാലത്ത് വില്‍പനയില്‍ വലിയ ഇടിവാണ് ലംബോര്‍ഗിനിക്ക് ഉണ്ടായത്. ഇതോടെ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ലംബോര്‍ഗിനി നിര്‍ബന്ധിതരായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ 1978 ല്‍ പാപ്പരായി മാറിയതോടെ റിസീവര്‍ഷിപ്പിലേക്ക് പോയ ലംബോര്‍ഗിനി ആദ്യമായി വിറ്റഴിച്ചത്.

1987 ല്‍ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ക്രിസ്ലര്‍ കോര്‍പറേഷന്‍ ലംബോര്‍ഗിനിയെ സ്വന്തമാക്കി. 94 ല്‍ മെഗാടെക്ക് സ്വന്തമാക്കിയ ലംബോര്‍ഗിനിയെ അടുത്തവര്‍ഷം മലേഷ്യന്‍ നിക്ഷേപക ഗ്രൂപ്പായ മൈക്കോവും ഇന്തോനേഷ്യന്‍ ഗ്രൂപ്പായ വി പവര്‍ കോര്‍പറേഷനും ചേര്‍ന്ന് സ്വന്തമാക്കി. 98 ല്‍ ലംബോര്‍ഗിനിയെ ഓഡിക്ക് വിറ്റതോടെ ലംബോര്‍ഗിനി ഫോക്‌സ് വാഗന്‍ ഗ്രൂപ്പിന്റെ ഭാഗമായി. ഫോക്‌സ് വാഗന്റെ കീഴിലെത്തിയതോടെ പുതിയ മോഡലുകള്‍ ലംബോര്‍ഗിനി വിപണിയിലെത്തിച്ചുതുടങ്ങി. പക്ഷെ 2007 നുശേഷം ലോകമാകെയുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ലംബോര്‍ഗിനിയുടെ വില്‍പന പകുതിയിലേറെ ഇടിഞ്ഞു.

ലംബോര്‍ഗിനിയുടെ മൂന്നാമത്തെ മോഡല്‍ ലൈനും ആദ്യത്തെ സൂപ്പര്‍ എസ് യു വിയുമായ ലംബോര്‍ഗിനി ഉറുസ് 2017 ലാണ് കമ്പനി പുറത്തിറക്കിയത്. ബെഞ്ച്മാര്‍ക്ക് പവര്‍, പെര്‍ഫോമന്‍സ്, ഡ്രൈവിംഗ് ഡൈനാമിക്സ്, സമാനതകളില്ലാത്ത ഡിസൈന്‍, ലക്ഷ്വറി, ദൈനംദിന ഉപയോഗക്ഷമത എന്നിവയൊക്കെ കൊണ്ടുതന്നെ ലക്ഷ്വറി സെഗ്മെന്റില്‍ പുതിയൊരു സ്ഥാനം ലംബോര്‍ഗിനി സൃഷ്ടിച്ചു.

ഐതിഹാസിക മോഡലുകളായിരുന്ന ഗല്ലാര്‍ഡോയുടെ തുടര്‍ച്ചയായി V10 ഹുറാകാന്‍ ഫാമിലി, 2014-ല്‍ ലംബോര്‍ഗിനി പുറത്തിറക്കി. 2019-ല്‍ പുതിയ ഹുറാകാന്‍ ഈ വി യോ (കൂപ്പേ, സ്‌പൈഡര്‍) കമ്പനി അവതരിപ്പിച്ചു. 2017-ല്‍ പുറത്തിറക്കിയ അവന്റഡോര്‍ എസ് കൂപ്പെയും റോഡ്സ്റ്ററും V12 ആഡംബര സൂപ്പര്‍ സ്പോര്‍ട്സ് കാറുകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോഡലുകളായിരുന്നു. 2018 ഓഗസ്റ്റില്‍ അവതരിപ്പിച്ച അവന്റഡോര്‍ , വെറും 6:44.97 മിനിറ്റിനുള്ളില്‍ 20.6 കിലോമീറ്റര്‍ ലാപ്പ് പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചു. 2019 ല്‍ ലംബോര്‍ഗിനി SVJ റോഡ്സ്റ്റര്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ലോകത്താകമാനം 165 ഡീലര്‍ഷിപ്പുകളുണ്ട് ലംബോര്‍ഗിനിക്ക്.

ലംബോര്‍ഗിനി സിയാന്‍ എഫ്കെ പി-37, 2019-ല്‍ കമ്പനി വിപണിയില്‍ എത്തിച്ചു. 63 യൂണിറ്റുകള്‍ മാത്രമുള്ള കമ്പനി അതുല്യമായ പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യകളാണ് ഓരോ ഡിസൈനിലും വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡൈസേഷന്‍, പുതിയ മെറ്റീരിയലുകളുടെ സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിങ്ങനെ എല്ലാ സവിശേഷതകളും ലംബോര്‍ഗിനി ഉറപ്പു നല്‍കുന്നു.

Tags:    

Similar News