പിടിച്ചുകെട്ടാനാവില്ല; വില്‍പ്പനയില്‍ കുതിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്
ഉത്സവകാലത്തിനുശേഷവും ഡിമാന്‍ഡ് ശക്തമായി തുടരുന്നു
ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഏകദേശം 5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര. ഉത്സവ സീസണിനു ശേഷവും ഡിമാന്‍ഡ് ശക്തമായി തുടരുന്നതിനാല്‍ രണ്ടാം പകുതിയില്‍ ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഉത്സവകാലത്താണ് ആഭ്യന്തര വിപണിയില്‍ യാത്രാ വാഹന വില്‍പ്പന വീണ്ടും ഉയര്‍ന്നത്.
ഉത്സവകാല ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ സെപ്റ്റംബറില്‍ 5 ശതമാനവും ഒക്ടോബര്‍ മാസത്തില്‍ 17 ശതമാനവും വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും വില്‍പ്പന ശക്തമാണ്.ശക്തമായ ഡിമാന്‍ഡ് പ്രയോജനപ്പെടുത്തി വളര്‍ച്ചാ വേഗത തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
'ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയെ ശക്തിപ്പെടുത്തുന്ന പുതിയ ഉല്‍പ്പന്ന ലോഞ്ചുകളുടെ പിന്‍ബലത്തില്‍ ശക്തമായ വോളിയം വളര്‍ച്ചയും കമ്പനി കൈവരിക്കും,' ചന്ദ്ര പറഞ്ഞു.
പുതിയ സിയാറയുടെ ലോഞ്ച് ബിസിനസിന്റെ വോളിയം വര്‍ദ്ധനവിനും ലാഭക്ഷമത മെച്ചപ്പെടുത്തലിനുമുള്ള പ്രധാന ചാലകങ്ങളിലൊന്നായിരിക്കുമെന്നും ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ പതിപ്പുകള്‍ അവയുടെ വിപണി വികസിപ്പിക്കുകയും പ്രധാന വിപണികളിലെ വോളിയം സാധ്യതകള്‍ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നത് പോലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പരിഗണന വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന നടപടികളിലൂടെ മുന്നേറാനും കമ്പനി ലക്ഷ്യമിടുന്നു.
