അടുത്ത മാസം മുതല്‍ ടാറ്റ മോട്ടോര്‍സിന്റെ വണ്ടികള്‍ക്ക് വിലകൂടും

  • നിര്‍മാണ ചെലവുകളിലുണ്ടായ വര്‍ധനയെ നേരിടാനെന്ന് കമ്പനി
  • ഈ വര്‍ഷത്തെ രണ്ടാമത്തെ വിലവര്‍ധന

Update: 2023-04-14 09:05 GMT

മേയ് 1 മുതല്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു. നിര്‍മാണ ചെലവുകളിലുണ്ടായ വര്‍ധന ഭാഗികമായി ഇതിലൂടെ പരിഹരിക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. ശരാശരി 0.6 ശതമാനത്തിന്റെ വര്‍ധനയാണ് നടപ്പില്‍ വരുത്തുകയെന്നും വിവിധ വേരിയന്റുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് നിരക്ക് വര്‍ധന വ്യത്യാസപ്പെട്ടിരിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഈ വര്‍ഷം ടാറ്റ മോട്ടോര്‍സ് രണ്ടാം തവണയാണ് പാസഞ്ചര്‍ വാഹന വില വര്‍ധിപ്പിക്കുന്നത്. നേരത്തേ ഫെബ്രുവരിയിലും വില വര്‍ധന നടപ്പാക്കിയിരുന്നു. ഇന്റേണല്‍ കംബഷന്‍ എന്‍ജിന്‍ വിഭാഗത്തിലെ പാസഞ്ചര്‍ വാഹനങ്ങളില്‍ ശരാശരി 1.2 ശതമാനത്തിന്റെ വര്‍ധനയാണ് അന്ന് നടപ്പാക്കിയത്. മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതിന്റെയും റെഗുലേറ്ററി മാറ്റങ്ങളുടെയും ഫലമായി ചെലവിടലിലുണ്ടായ വര്‍ധനയുടെ ഗണ്യമായ പങ്ക് കമ്പനി വഹിക്കുന്നുണ്ടെന്നും ഇതില്‍ ചെറിയൊരു പങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതമായിരിക്കുന്നുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

5.54 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ വിലയുള്ള വിവിധ ശ്രേണികളിലെ പാസഞ്ചര്‍ വാഹനങ്ങള്‍ നിലവില്‍ ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്നുണ്ട്. ടിയാഗോ, ടൈഗോര്‍, ആള്‍ട്ടോസ് തുടങ്ങിയ കാറുകളും പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ എസ്‌യുവികളും ഇതില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News