യുഎഇ സർവീസുകൾ പുനസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, പ്രവാസികൾക്ക് ആശ്വാസം

പുനസ്ഥാപിച്ച യുഎഇ വിമാന സർവീസുകൾ ഏതൊക്കെ?

Update: 2025-10-17 08:14 GMT

വെട്ടിക്കുറച്ച യുഎഇ സര്‍വിസുകള്‍  എയര്‍ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിക്കുന്നത്  പ്രവാസി മലയാളികള്‍ക്ക്  ഉൾപ്പെടെ ആശ്വാസമാകും.  കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുമുള്ള വെട്ടിക്കുറച്ച സര്‍വിസുകളാണ് ഭാഗികമായി പുനസ്ഥാപിച്ചത്. തിരുവനന്തപുരം-ദുബൈ, അബുദാബി സര്‍വിസുകളാണ് പുനരാരംഭിക്കുന്നത്.

സമയക്രമം ഇങ്ങനെ

 ഈമാസം 28 മുതല്‍ തിരുവനന്തപുരം-ദുബൈ സര്‍വിസുകളും ഡിസംബര്‍ 3 മുതല്‍ തിരുവനന്തപുരം-അബുദാബി സര്‍വിസുകളുമാണ് പുനരാരംഭിക്കുന്നതെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 28ന് പുലര്‍ച്ചെ 1.50ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം 4.35ന് ദുബൈയിലെത്തും. രാവിലെ 6.05ന് ദുബൈയില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

ഒക്ടോബര്‍ 30ന് വൈകിട്ട് 6.20ന് തിരുവന്തപുരത്ത് നിന്നും രാത്രി 10.05ന് ദുബൈയില്‍ നിന്നുമാണ് മറ്റ് സര്‍വീസുകള്‍. ആഴ്ചയില്‍ ആകെ നാലു സര്‍വിസുകളുണ്ടാകും. തിരുവനന്തപുരത്ത് നിന്നും രാത്രി 7.55ന് പുറപ്പെടുന്ന വിമാനം 10.55 ന് അബുദാബിയിലെത്തും. തിരിച്ച് 11.55ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 5.55ന് തിരുവനന്തപുരത്ത് എത്തും. ആഴ്ചയില്‍ ആകെ 3 സര്‍വീസുകളുണ്ടാകും.

അതേസമയം, തിരുവനന്തപുരത്ത് നിന്നും ദോഹ, മനാമ, മസ്‌കത്ത്, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ പുനസ്ഥാപിച്ചിട്ടില്ല. മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേക്കുള്ള സര്‍വിസുകളും പുനരാംഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കുള്ള സര്‍വിസുകള്‍ ഏഴില്‍ നിന്നും നാലാക്കി വെട്ടിക്കുറച്ചിരുന്നു. സലാല സര്‍വിസ് റദ്ദാക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്നും കുവൈത്ത്, ദമ്മാം, ജിദ്ദ സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്.

മറ്റിടങ്ങളിലേക്കുള്ള ചില സര്‍വിസുകളും വെട്ടിച്ചുരുക്കി. കോഴിക്കോട് നിന്നും അബൂദബി, ഷാര്‍ജ, ദമ്മാം, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകളും വെട്ടിച്ചുരുക്കിയിരുന്നു. ഇതൊന്നും പുനസ്ഥാപിച്ചിട്ടില്ല. തിരക്ക് കുറഞ്ഞ സീസണ്‍ പരിഗണിച്ചാണ് കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള സര്‍വിസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തത്.

Tags:    

Similar News