25 സേവനങ്ങള്‍ക്ക് പണം വേണ്ട, സേവിംഗ്സ് ബാങ്ക് സേവനങ്ങൾ സൗജന്യമാക്കി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മുംബൈ: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലെ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു. ഡിസംബര്‍ 18 ന് ബാങ്കിന്റെ സ്ഥാപക ദിനമായിരുന്നു. അതിനോടനുബന്ധിച്ചാണ് പൊതുവായുള്ള 25 സേവനങ്ങള്‍ക്കുള്ള ഫീസ് ഒഴിവാക്കിയിരിക്കുന്നത്.
ശാഖകള്‍ വഴിയുള്ള പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തേഡ്പാര്‍ട്ടി പണമിടപാടുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ്, ചെക്ക്ബുക്ക്, എസ്എംഎസ് അലേര്‍ട്ട്, പലിശ സര്‍ട്ടിഫിക്കറ്റ്, എടിഎം ഇടപാടുകളില്‍ ആവശ്യത്തിന് ഫണ്ടില്ലാതെ വരിക, അന്താരാഷ്ട്ര എടിഎം ഇടപാടുകള്‍ എന്നിങ്ങനെ 25 സൗജന്യ സേവനങ്ങളാണ് ബാങ്ക് നല്‍കുന്നത്.
പ്രതിമാസം അക്കൗണ്ടില്‍ 10,000 രൂപ മിനിമം തുകയായി സൂക്ഷിക്കേണ്ടവര്‍ക്കും, 25,000 രൂപയായി സൂക്ഷിക്കേണ്ടവര്‍ക്കും ഒരുപോലെ ഈ സേവനം പ്രയോജനപ്പെടുത്താം.