ശ്രദ്ധാകേന്ദ്രമായി എയ്‌റോസ്‌പേസ്, ഡിഫന്‍സ് ഓഹരികള്‍

ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തതോടെ കമ്പനികളുടെ ഓഹരികളും മുന്നേറി

Update: 2023-08-25 12:01 GMT

ചന്ദ്രയാന്‍ 3-ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായതോടെ എയ്‌റോസ്‌പേസ്, ഡിഫന്‍സ് ഓഹരികളാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.

ഏകദേശം 615 കോടി രൂപ ചെലവിട്ട ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായതോടെ എയ്‌റോസ്‌പേസ്, ഡിഫന്‍സ് മേഖലയിലെ 4 കമ്പനികള്‍ വിപണി മൂല്യത്തില്‍ ഈയാഴ്ച കൂട്ടിച്ചേര്‍ത്തത് 2000 കോടി രൂപയാണ്.

സെന്റം ഇലക്ട്രോണിക്‌സ്, എംടിഎആര്‍ ടെക്, മിധാനി, പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് തുടങ്ങിയ നാല് കമ്പനികള്‍ ചന്ദ്രയാന്‍-3 ദൗത്യത്തിനായി സാമഗ്രികള്‍ വിതരണം ചെയ്തിരുന്നു. ചന്ദ്രയാന്‍ 3, ചന്ദ്രനില്‍ ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതോടെ ഈ കമ്പനികളുടെ ഓഹരികളും മുന്നേറി. ഓഹരി വിലയിലുണ്ടായ മുന്നേറ്റം വിപണി മൂല്യത്തില്‍ 2000 കോടി രൂപ കൂട്ടിച്ചേര്‍ക്കാനും സഹായിച്ചു.

സെന്റം ഇലക്ട്രോണിക്‌സ്

സെന്റം ഇലക്ട്രോണിക്സ് അതിന്റെ ജൂണ്‍ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഓഗസ്റ്റ് 11-നാണ് പുറത്തുവിട്ടത്. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് റവന്യു 17 ശതമാനമാണു വര്‍ധിച്ചത്.

കമ്പനിയുടെ 58.8 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരാണു ഹോള്‍ഡ് ചെയ്യുന്നത്. പബ്ലിക് വിഭാഗം ഹോള്‍ഡ് ചെയ്യുന്നത് 33.43 ശതമാനവും, കമ്പനിയില്‍ ബാക്കിയുള്ള ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നത് യഥാക്രമം സ്വദേശി ഫണ്ടുകളും (7.66 ശതമാനം) വിദേശി ഫണ്ടുകളും (0.11 ശതമാനം) ആണ്.

സെന്റം ഇലക്ട്രോണിക്സ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ റിട്ടേണ്‍ 189.03 ശതമാനമാണ്. 12 മാസത്തിനിടെ 273.51 ശതമാനവും റിട്ടേണായി നല്‍കി.

എംടിഎആര്‍ ടെക്‌നോളജീസ്

ചന്ദ്രയാന്‍ 3ന്റെ ലോഞ്ച് വെഹിക്കിളായ എല്‍വിഎം 3 പറന്നുയരുന്നതിന് ആവശ്യമായ റോക്കറ്റ് എന്‍ജിനുകളുടെ പ്രധാന സാമഗ്രികളും ക്രയോജനിക് എന്‍ജിനുകളുടെ കോര്‍ പമ്പുകളും നിര്‍മിച്ചത് എംടിഎആര്‍ ടെക്‌നോളജീസ് ആണ്.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണിത്. ഇന്ത്യയുടെ ബഹിരാകാശം, ആണവോര്‍ജ്ജം, പ്രതിരോധ പദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് കമ്പനി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

ഐഎസ്ആര്‍ഒയുടെ വരാനിരിക്കുന്ന പദ്ധതികളായ ഗഗന്‍യാന്‍, ആദിത്യ എല്‍-1, എന്‍ഐഎസ്എആര്‍ എന്നിവ എംടിഎആര്‍ ടെക്നോളജീസിന്റെ ബിസിനസിന് ഉത്തേജനം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.

മിധാനി (മിശ്ര ധാതു നിഗം ലിമിറ്റഡ്

ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായ മാര്‍ക്ക്-III നു വേണ്ടി സാമഗ്രികള്‍ വികസിപ്പിച്ച കമ്പനിയാണു മിധാനി. ചന്ദ്രയാന്‍-3ന്റെ വിജയകരമായ ലാന്‍ഡിംഗിനു ശേഷമുള്ള ദിവസത്തിലെ വ്യാപാരത്തില്‍ മിധാനിയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 426.30 രൂപയിലെത്തുകയും ചെയ്തു.

ടൈറ്റാനിയം അലോയിയുടെ ഇന്ത്യയിലെ ഒരേയൊരു നിര്‍മാതാവാണ് മിധാനി. സ്‌പെഷ്യല്‍ സ്റ്റീല്‍, സൂപ്പര്‍ അലോയ്‌സ് എന്നിവയും കമ്പനി നിര്‍മിക്കുന്നുണ്ട്.

പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്

ചന്ദ്രയാന്‍ 3-ന്റെ വിജയകരമായ ലാന്‍ഡിംഗിനു ശേഷം ഓഗസ്റ്റ് 24ന് ബിഎസ്ഇയില്‍ പാരാസ് ഡിഫന്‍സ് ഓഹരി 17.3 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 841.80 രൂപയിലെത്തി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാരസ് ഡിഫന്‍സ് ഓഹരി വില 61 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

Tags:    

Similar News