ചെറുകിട വ്യവസായത്തിന് കൈത്താങ്ങായ അടിയന്തര വായ്പാ ഗ്യാരണ്ടി പദ്ധതി തുടരുമോ?

വരാനിരിനിരിക്കുന്ന ബജറ്റിലും പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ചെറുകിട ബാങ്കിംഗ് മേഖല ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Update: 2023-01-19 09:43 GMT


ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ പ്രതിസന്ധി ഇപ്പോഴും തുടരുന്നതിനാല്‍ സര്‍ക്കാര്‍ 2020 ല്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ്‌ലൈന്‍ ഗാരണ്ടി പദ്ധതി നീട്ടുമെന്ന പ്രതീക്ഷയിലാണ് ധനകാര്യ സേവന മേഖല. 

കോവിഡ് 19 നെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ (എംഎസ് എംഇ) സംരംഭങ്ങളെ അടക്കം സഹായിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സമഗ്ര പദ്ധതിയാണ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം (ഇസിഎല്‍ജിഎസ്). 2020 മെയ് 13 നാണ് പദ്ധതി നിലവില്‍ വന്നത്. കോവിഡ് കാലത്ത് എംഎസ്എംഇ സംരംഭങ്ങളുടെ അധിക പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി അടിയന്തര വായ്പ സൗകര്യങ്ങള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്കും മാറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും 100 ശതമാനം ഗ്യാരന്റി കവറേജ് പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്‍കിയിരുന്നു.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ ബാങ്കിങ് മേഖല. പ്രത്യേകിച്ചും ഇടത്തരം, ചെറുകിട ബാങ്കുകള്‍. കോവിഡ് കാലത്ത് ആരംഭിച്ച പദ്ധതിയുടെ കാലാവധി കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 2023 മാര്‍ച്ച് വരെ നീട്ടിയിരുന്നു. ഒപ്പം പദ്ധതിയിലേക്കുള്ള തുക 50,000 കോടി രൂപ കൂടി വര്‍ധിപ്പിച്ചിരുന്നു. വരാനിരിനിരിക്കുന്ന ബജറ്റിലും പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ചെറുകിട ബാങ്കിംഗ് മേഖല ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പ്രധാനമായും രണ്ടാം നിര മൂന്നാം നിര നഗരങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നീട്ടുന്ന ശുപാര്‍ശ ബാങ്കുകള്‍ മുന്നോട്ടു വക്കുന്നത്. കോവിഡ് പ്രതിസന്ധികളില്‍ നിന്ന് ഒരു പരിധി വരെ രാജ്യം തിരിച്ചു വന്നുവെങ്കിലും ഇത്തരം മേഖലകളിലെ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് കോവിഡ് ആഘാതത്തില്‍ നിന്ന് പൂര്‍വ സ്ഥിതിയിലേക്ക് എത്തുന്നതിന് കുറച്ചു കൂടി സമയം ആവശ്യമാണ്. അതിനാല്‍ പദ്ധതി നീട്ടുന്നത് ഇവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ പുരോഗതി കൈവരിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഈ പദ്ധതി പിന്‍ വലിക്കുകയാണെങ്കില്‍ ഇടത്തരം ചെറുകിട ബാങ്കുകളെ അത് കാര്യമായി ബാധിക്കും.


Tags:    

Similar News