ഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

  • എഥനോള്‍ ഉല്‍പ്പാദനത്തിന് ബി-ഹെവി മൊളാസുകളുടെ അധിക സ്റ്റോക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കും
  • ഈ സീസണില്‍ കണക്കാക്കിയ പഞ്ചസാര ഉല്‍പ്പാദനം 32 ദശലക്ഷം ടണ്‍

Update: 2024-04-15 10:57 GMT

നിലവില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വ്യവസായ മേഖലയുടെ നിരന്തരമായ ആവശ്യം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. ഒക്ടോബറില്‍ അവസാനിക്കുന്ന നിലവിലെ 2023-24- സീസണില്‍ പഞ്ചസാര കയറ്റുമതി ഉണ്ടാവില്ലെന്ന് ഉറപ്പായി.

നിലവില്‍ പഞ്ചസാര കയറ്റുമതിക്ക് അനിശ്ചിതകാലത്തേക്ക് നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും, ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ 2023-24 സീസണില്‍ 10 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

സീസണ്‍ അവസാനത്തോടെ ആരോഗ്യകരമായ ക്ലോസിംഗ് സ്റ്റോക്ക് ആണ് പ്രതീക്ഷിക്കുന്നത്. 'ഇപ്പോള്‍, വ്യവസായം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതി പരിഗണിക്കുന്നില്ല,' ഒരു മുതിര്‍ന്ന ഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2023-24 സീസണിന്റെ മാര്‍ച്ച് വരെ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 30 ദശലക്ഷം ടണ്‍ കവിഞ്ഞു. 2023-24 സീസണിലെ മൊത്തം പഞ്ചസാര ഉല്‍പാദന എസ്റ്റിമേറ്റ് 32 ദശലക്ഷം ടണ്ണായി ഷുഗര്‍ മില്‍സ് അസോസിയേഷന്‍ പുതുക്കി. 31.5-32 ദശലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദനമാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

അതേസമയം, ഈ വര്‍ഷം എഥനോള്‍ ഉല്‍പാദനത്തിനായി പഞ്ചസാര മില്ലുകള്‍ക്ക് ബി-ഹെവി മൊളാസുകളുടെ അധിക സ്റ്റോക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.

Tags:    

Similar News