ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കുമെന്ന് ഗഡ്കരി

  • ഭാവിസാങ്കേതിക വിദ്യകള്‍ക്കായി ഇന്ത്യന്‍, യുഎസ് കമ്പനികള്‍ സഹകരിക്കണം
  • ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയായി ഇന്ത്യ മാറും

Update: 2023-09-27 05:24 GMT

ഇലക്ട്രിക് ഹൈവേകള്‍ രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഡെല്‍ഹിക്കും ജയ്പൂരിനുമിടയില്‍ ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇലക്ട്രിക് ഹൈവേകള്‍ വാഹനങ്ങള്‍ക്ക് ഇലക്ട്രിക് ട്രാക്ഷന്‍ നല്‍കുന്നു. സ്വീഡന്‍, നോര്‍വേ തുടങ്ങിയ വലിയൊരു രാജ്യങ്ങളില്‍ പ്രബലമായ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്നും മന്ത്രി പറഞ്ഞു.

വൈദ്യുത കേബിളുകള്‍ ലഭ്യമാക്കുന്നത് ഇതില്‍പ്പെടുന്നു. ഇത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ  വാഹനത്തിന് ഉപയോഗിക്കാനാകും. നിലവില്‍ വിവിധ സാങ്കേതിക വിദ്യകള്‍ മന്ത്രാലയം വിലയിരുത്തുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയായി ഇന്ത്യ മാറുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ 12.5 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലിപ്പം. ലോജിസ്റ്റിക്‌സ് ചെലവ് നിലവിലെ 14-16 ശതമാനത്തില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജിഡിപിയുടെ 9 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

ഭാവി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍, യുഎസ് കമ്പനികള്‍ സംയുക്ത സംരംഭങ്ങള്‍ രൂപീകരിക്കണമെന്ന്  മന്ത്രി നിതിന്‍ ഗഡ്കരി നിർദ്ദേശിച്ചു. ഇരുപതാമത് ഇന്ത്യ-യുഎസ് സാമ്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ്. ഭാവിയിലെ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ യുഎസുമായി സംയുക്ത സംരംഭങ്ങള്‍ നടത്തേണ്ടതുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ വളരെ മത്സരബുദ്ധിയുള്ളവരാണ്. ഭൂരിഭാഗം രാജ്യങ്ങളും ഇന്ന് ഇന്ത്യയുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നു.' അദ്ദേഹം പറഞ്ഞു.

Tags:    

Similar News