ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തി

  • ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍
  • പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് തീരുവ വര്‍ധിപ്പിച്ചത്

Update: 2025-04-07 11:12 GMT

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ വീതം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എന്നാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമൊന്നും ഉണ്ടാകില്ല. കാരണം അന്താരാഷ്ട്ര എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് വില കുറച്ചതിന്റെ അടിസ്ഥാനത്തില്‍ വര്‍ധനവ് ക്രമീകരിക്കപ്പെടും.

ചുരുക്കത്തില്‍ അന്താരാഷ്ട്ര വിലയിടിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കില്ല.തീരുവ വര്‍ധനവ് '2025 ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും' എന്ന് ഉത്തരവില്‍ പറയുന്നു.

നികുതിയിലെ ഏതെങ്കിലും മാറ്റം സാധാരണയായി ഉപഭോക്താക്കള്‍ക്കാണ് കൈമാറുക. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ വിലയിടിവ് ഉപയോഗപ്പെടുത്തി വിലവര്‍ധന സര്‍ക്കാര്‍ ഒഴ്ിവാക്കുന്നു. ഇനി വില വര്‍ധന ഉണ്ടാകുമ്പോള്‍ ഈ നികുതി ഒഴിവാക്കി പഴയ നില പുനസ്ഥാപിക്കാനും കഴിയും.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നത് എണ്ണയുടെ ആവശ്യകത കുറയ്ക്കുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായതാണ് എണ്ണവില ഇടിയാന്‍ കാരണമായത്. അന്താരാഷ്ട്ര എണ്ണവില 2021 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

തിങ്കളാഴ്ച ബ്രെന്റ് ഫ്യൂച്ചറുകള്‍ ബാരലിന് 2.43 ഡോളര്‍ അഥവാ 3.7 ശതമാനം കുറഞ്ഞ് 63.15 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 2.42 ഡോളര്‍ അഥവാ 3.9 ശതമാനം കുറഞ്ഞ് 59.57 ഡോളറിലെത്തി.

ഇന്ത്യ എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 85 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിച്ചിക്കുന്നത്. പതിനൊന്ന് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് അന്താരാഷ്ട്ര എണ്ണവില കുറയുമ്പോഴെല്ലാം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ആഗോള എണ്ണവിലയിലുണ്ടായ ഇടിവില്‍ നിന്നുള്ള നേട്ടങ്ങള്‍ നികത്തുന്നതിനായി 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ ഒമ്പത് തവണ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

15 മാസത്തിനുള്ളില്‍ പെട്രോളിന്റെ തീരുവ ലിറ്ററിന് 11.77 രൂപയും ഡീസലിന്റേത് 13.47 രൂപയും വര്‍ധിപ്പിച്ചതോടെ 2016-17ല്‍ സര്‍ക്കാരിന്റെ എക്‌സൈസ് തീരുവ ഇരട്ടിയിലധികം വര്‍ധിച്ച് 2,42,000 കോടി രൂപയായി. 2014-15ല്‍ ഇത് 99,000 കോടി രൂപയായിരുന്നു.

ഡല്‍ഹിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.77 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 87.67 രൂപയുമാണ് വില. 

Tags:    

Similar News