ഷാപൂര്‍ജി പല്ലോന്‍ജി, റിയൽറ്റിയുടെ ഇന്ത്യൻ മുഖം

18 പ്രമുഖ കമ്പനികളുടെ ആഗോള സ്ഥാപനമാണ് ഷാപൂര്‍ജി പല്ലോന്‍ജി.

Update: 2022-01-15 01:43 GMT

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (Shapoorji Pallonji) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ തരം വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയും അതില്‍ ഉള്‍പ്പെടുന്നു. പല്ലോന്‍ജി മിസ്ത്രിയാണ് സ്ഥാപനം സ്ഥാപിച്ചത്. രാജ്യത്തെ ഏറ്റവും ലാഭകരമായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായി ഷാപൂര്‍ജി പല്ലോന്‍ജി കണക്കാക്കപ്പെടുന്നു. ഹോങ്കോങ് ബാങ്ക്, ഗ്രിന്‍ഡ്ലേസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം, താജ് ഇന്റര്‍കോണ്ടിനെന്റല്‍ തുടങ്ങിയ മുംബൈയിലെ ചില മഹത്തായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ഷാപൂര്‍ജി പല്ലോന്‍ജിയാണ്. മേല്‍പ്പറഞ്ഞ പ്രോജക്ടുകള്‍ക്ക് പുറമേ, ഒമാന്‍ സുല്‍ത്താന്റെ ശിലാ കൊട്ടാരം തുടങ്ങി ചില വിദേശ പ്രോജക്റ്റുകളും ഷാപൂര്‍ജി പല്ലോന്‍ജി നിര്‍മ്മിച്ചിട്ടുണ്ട്.

1970 മുതല്‍ ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഒരു ചാലകശക്തിയാണ് ഷപൂര്‍ജി പല്ലോന്‍ജി. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട ഗോപുരങ്ങള്‍ പോലെയുള്ള ചില പ്രമുഖ നിര്‍മ്മാണങ്ങള്‍, കൊല്‍ക്കത്തയില്‍ നടപ്പാക്കിയ ഏഷ്യയിലെ ഏറ്റവും വലിയ ബഹുജന ഭവന പദ്ധതിയായ ശുഖോബ്രിഷ്ടി, ചിലവ് കുറഞ്ഞ 20,000 വീടുകള്‍ തുടങ്ങിയ നിര്‍മ്മാണങ്ങള്‍ കമ്പനിയുടെ യശസ്സ് ഉയര്‍ത്തിയ പദ്ധതികളാണ്. ഇന്ത്യയിലുടനീളമുള്ള 155 ഏക്കര്‍ എസ്പി ഇന്‍ഫോസിറ്റി, ഐടി ആന്റ് സെസ് പാര്‍ക്കുകള്‍ എന്നിവ വികസിപ്പിച്ചതും കമ്പനി തന്നെ.

18 പ്രമുഖ കമ്പനികളുടെ ആഗോള സ്ഥാപനമാണ് ഷാപൂര്‍ജി പല്ലോന്‍ജി. എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, വാട്ടര്‍, എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിങ്ങനെ ആറ് വ്യവസായ വിഭാഗങ്ങളിലായി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്നു. 50 ലധികം രാജ്യങ്ങളിലായി 50,000 ത്തിലധികം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

 

Tags:    

Similar News