കൊച്ചി: കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍ (റീറ്റ്സ്, REITs) വഴി വിതരണം ചെയ്തത് 14,300 കോടി രൂപ. ഇത് നിഫ്റ്റി റിയാലിറ്റി സൂചികയിലെ കമ്പനികള്‍ മൊത്തം വിതരണം ചെയ്തതിനേക്കാള്‍ കൂടുതലാണ്. വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണങ്ങളുള്ള, സുതാര്യമായ രീതിയില്‍, പ്രൊഫഷണല്‍ സംഘങ്ങളുടെ മാനേജുമെന്‍റിനു കീഴില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് റീറ്റ്സുകളിലൂടെ ലഭ്യമാകുന്നത്.
ഇന്ത്യയില്‍ വാണിജ്യ സ്ഥലങ്ങളും ഓഫിസുകളും റീട്ടെയില്‍ രംഗവും ഉള്‍പ്പെടുന്ന 80,000 കോടി രൂപയുടെ ഓഹരി മൂലധനവും 112 ദശലക്ഷം ചതുരശ്ര അടിയിലേറെ വാണിജ്യ സ്ഥലവും ഉള്ള മൂന്നു റീറ്റ്സുകളാണ് നിലവിലുള്ളത്. എംബസി ഓഫീസ് പാർക്സ് റീറ്റ്സ്, ബ്രൂക്ക്ഫീൽഡ് ഇന്ത്യ റീറ്റ്സ്, മൈൻഡ്‌സ്‌പേസ് ബിസിനസ് പാർക്സ് റീറ്റ്സ് എന്നിവയാണ് ഈ മൂന്ന് റീറ്റ്സുകൾ.
എംബസി റീറ്റാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ലിസ്റ്റ് ചെയ്ത റീറ്റ്സ്. 2019 ഏപ്രിലിനു ശേഷം സ്ഥാപനം 8,900 കോടി രൂപയോളമാണ് വിതരണം ചെയ്തിട്ടുള്ളത്. 89,000-ത്തില്‍ അധികം വരുന്ന നിക്ഷേപകർ കമ്പനിക്കുണ്ട്.
ഇന്ത്യയുടെ വിപുലമായ വിപണി വലുപ്പവും അനുകൂലമായ ഭൂമിശാസ്ത്രവും അതിവേഗ നഗരവല്‍ക്കരണവും റിയല്‍ എസ്റ്റേറ്റ് രംഗത്ത് മൊത്തത്തിലും റീറ്റ്സ് മേഖലയില്‍ പ്രത്യേകമായും മികച്ച അവസരങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. വിദേശ കമ്പനികൾക്ക് അവരുടെ സ്ഥാപനങ്ങൾ ഇവിടെ തുടങ്ങുന്നതിലെ നേട്ടവും ഇത് കാണിക്കുന്നുണ്ട്.
എങ്ങനെ ട്രേഡ് ചെയ്യാം
വാണിജ്യ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ചെറുകിട നിക്ഷേപകര്‍ക്കു ലഭ്യമാക്കാന്‍ റീറ്റ്സിന് സാധിച്ചു. നിക്ഷേപകർക്ക് ഭൗതീകമായ റിയല്‍ എസ്റ്റേറ്റ് ആസ്തി വാങ്ങുകയോ സ്വന്തമാക്കി വെക്കുകയോ കൈകാര്യം ചെയ്യുകയോ ആവശ്യമില്ല. ഇതിനു പകരം സാഹചര്യങ്ങൾ മനസിലാക്കി, വിശകലന വിദഗ്ധരുടെ അഭിപ്രായത്തെ തേടി കൊണ്ട് പൊതുവായി ട്രേഡു ചെയ്യാവുന്ന റീറ്സ് ഓഹരികൾ വാങ്ങാവുന്നതാണ്.
റീറ്റ്സിലുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് 80 ശതമാനം വരുമാനം സൃഷ്ടിക്കുന്ന കെട്ടിടങ്ങളായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ക്യാഷ് ഫ്ളോയില്‍ 90 ശതമാനമെങ്കിലും അര്‍ധ വാര്‍ഷിക അടിസ്ഥാനത്തില്‍ നല്‍കിയിരിക്കണം എന്നും നിബന്ധനയുണ്ട്.
റീറ്റ്സും ചെറുകിട നിക്ഷേപകരും
"എ ഗ്രേഡ് നിലവാരത്തിലുള്ള വാണിജ്യ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് റീറ്റ്സ് ചെറുകിട നിക്ഷേപകര്‍ക്കു നല്‍കുന്നതെന്ന്" എംബസി റീറ്റ്സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ റിത്വിക് ഭട്ടാചാർജി ഇന്നലെ കൊച്ചിയിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
"ലിക്വിഡും സുതാര്യവും ഉയര്‍ന്ന തലത്തില്‍ നിയന്ത്രിക്കപ്പെടുന്നതുമാണിവ. വിതരണം ചെയ്യാവുന്ന ക്യാഷ് ഫ്ളോയുടെ 90 ശതമാനമെങ്കിലും തങ്ങളുടെ യൂണിറ്റ് ഉടമകള്‍ക്കു നല്‍കണമെന്നാണ് റീറ്റ്സ് നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ട് റീറ്റ്സ് ഡിസ്ട്രിബ്യൂഷനുകള്‍ വഴി സ്ഥിരമായ വരുമാനം ലഭിക്കും. നിക്ഷേപകര്‍ക്ക് മൂലധന വര്‍ധനവുണ്ടാകും," അദ്ദേഹം തുടർന്നു.
വളരെ മികച്ച ഭാവിയാണ് റീറ്റ്സുകള്‍ക്കുള്ളത്. റീറ്റ്സ് ഡിസ്ട്രിബ്യൂഷന്‍റെ നികുതി ശേഷിയും ശ്രദ്ധേയമാണ്. ലക്ഷങ്ങളോ കോടികളോ ചെലവഴിച്ച് റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിന് പകരമായി നിക്ഷേപകർക്ക് റീറ്റ്സ് വഴി റിയല്‍ എസ്റ്റേറ്റ് ഓഹരികൾ വാങ്ങാവുന്നതാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചെറുകിട നിക്ഷേപകര്‍ക്കു ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്.