ഹരിത ഇന്‍ഫ്രാ വികസനം : ടാറ്റാ സ്റ്റീലും റെയില്‍വേയും സഹകരിക്കും

  • സുസ്ഥിര ബദലുകളുടെ ഉപയോഗം കാലഘട്ടത്തിന്റെ ആവശ്യം
  • ജൈവവൈവിധ്യം സംരക്ഷിക്കാന്‍ പദ്ധതി സഹായിക്കും

Update: 2024-02-07 12:08 GMT

സുസ്ഥിര റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുമായി (എസ്ഇആര്‍) സഹകരിക്കുമെന്ന് ടാറ്റ സ്റ്റീല്‍. എസ്ഇആറിന്റെയും ടാറ്റ സ്റ്റീലിന്റെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രോജക്റ്റ് നിര്‍വ്വഹണത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

സുസ്ഥിര ബദലുകളുടെ ഉപയോഗം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിസ്ഥിതി സംരക്ഷണത്തിനും ഇത് സഹായിക്കുമെന്നും എസ്ഇആര്‍ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ മിശ്ര ചടങ്ങില്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകളില്‍ ബ്ലാങ്കറ്റിംഗ് പാളികള്‍ നിര്‍മ്മിക്കാന്‍ ഹരിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും. ടാറ്റ അഗ്രിറ്റോ, ടാറ്റ നിര്‍മ്മാണ്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നു.

ചര്‍ച്ചയ്ക്കിടെ, റെയില്‍വേ മന്ത്രാലയത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ശ്രീവാസ്തവ പങ്കാളികളെ ധരിപ്പിച്ചു.

സ്ലാഗ് അധിഷ്ഠിതമായി നിര്‍മ്മിച്ച അഗ്രഗേറ്റുകളുടെ ഉപയോഗം, പ്രകൃതിദത്ത അഗ്രഗേറ്റുകളുടെ ഖനനത്തിന്റെ ആവശ്യകത കുറയ്ക്കുന്നതിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ സഹായിക്കുകയും വലിയ ദൂരങ്ങളില്‍ അഗ്രഗേറ്റുകളുടെ ഗതാഗതത്തിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News