ഇന്ത്യയുടെ ഗോതമ്പ് ഉല്‍പ്പാദനം പുതിയ ഉയരത്തില്‍

  • 2020-21 വിള വർഷത്തിൽ ഗോതമ്പ് ഉൽപാദനം ഇടിഞ്ഞിരുന്നു
  • മൊത്തം ഭക്ഷ്യധാന്യ ഉല്‍പ്പാദനവും പുതിയ റെക്കോഡിടും
  • ജൂൺ 15-ഓടെ റാബി വിളവെടുപ്പ് അവസാനിക്കും

Update: 2023-05-25 13:55 GMT

2022-23 വിള വർഷത്തിൽ (ജൂലൈ-ജൂൺ) രാജ്യത്തിന്റെ ഗോതമ്പ് ഉൽപ്പാദനം 112.74 ദശലക്ഷം ടൺ എന്ന പുതിയ റെക്കോർഡ് സൃഷ്‌ടിക്കുമെന്ന് വിലയിരുത്തല്‍. എസ്റ്റിമേറ്റ് അനുസരിച്ച് , മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം 330.53 ദശലക്ഷം ടണ്ണായിരിക്കുമെന്നും കൃഷി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൃഷി മന്ത്രാലയം ഈ വിള വര്‍ഷത്തില്‍ പുറത്തിറക്കിയ മൂന്നാമത്തെ മുൻകൂർ നിഗമനം അനുസരിച്ച് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഗോതമ്പ് ഉൽപ്പാദനം ഈ വർഷം സർക്കാർ നിശ്ചയിച്ച 112 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തെ മറികടക്കും. വിളവെടുപ്പ് കാലയളവിലെ കാലവർഷക്കെടുതികൾക്കിടയിലും ഈ നേട്ടം കൈവരിക്കാനായെന്നാണ് വിലയിരുത്തുന്നത്.

പ്രധാന ഗോതമ്പ് ഉല്‍പ്പാദന സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗങ്ങൾ കാരണം 2021-22 വിള വർഷത്തിൽ ഗോതമ്പ് ഉൽപ്പാദനം 107.74 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. എന്നാല്‍ അതിനു മുമ്പ് 2020-21 വിള വർഷത്തിൽ ഗോതമ്പ് ഉൽപാദനത്തിൽ 109.59 ദശലക്ഷം ടൺ എന്ന റെക്കോർഡ് നേടിയിരുന്നു.

പ്രധാന റാബി (ശീതകാല) വിളയായ ഗോതമ്പിന്റെ വിതയ്ക്കൽ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് രാജ്യത്ത് ആരംഭിച്ചത്. ഈ വർഷം ജൂൺ 15-ഓടെ വിളവെടുപ്പ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 2022-23 വിള വർഷത്തിൽ 330.53 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് തലത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. മുൻ വിള വർഷത്തിലെ യഥാർത്ഥ ഉൽപ്പാദനം 315.61 ദശലക്ഷം ടണ്ണായിരുന്നു.

ഈ വര്‍ഷം സാധാരണ മണ്‍സൂണ്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയെയും കാര്‍ഷിക മേഖലയെയും സംബന്ധിച്ചിടത്തോളം മണ്‍സൂണ്‍ ലഭ്യത ഏറെ പ്രധാനപ്പെട്ടതാണ്. ഗോതമ്പ് ഉല്‍പ്പാദനം മികച്ച നിലയില്‍ എത്തിയത് വരുന്ന മാസങ്ങളില്‍ ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലും ചെലവിടലിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Tags:    

Similar News