സെബി കടുപ്പിക്കുന്നു, ആറ് കമ്പനികളുടെ ഐപിഒ രേഖകൾ മടക്കി

  • പല ലാർജ് ക്യാപ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോൾ ദീർഘ കാലത്തേക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുന്ന കമ്പനികളാണ് ഇവയെന്ന തെളിയിക്കുന്നതിൽ പല കമ്പനികളും പരാജയപ്പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാം.
  • ആറ് കമ്പനികൾ സമർപ്പിച്ച രേഖകൾ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിലാണ് സെബി

Update: 2023-03-20 10:35 GMT

വിപണിയിലിന്ന് ധാരാളം പുതിയ കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപനക്കായി സെബിയിൽ രേഖകൾ സമർപ്പിക്കുന്നത്. മൂലധനം സ്വരൂപിക്കുന്നതിനു വേണ്ടി വിപണിയിലെത്തുന്ന പല കമ്പനികളും നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അടിസ്ഥാനപരമായി വർഷങ്ങളായി മികച്ച രീതിയിൽ തുടരുന്ന പല ലാർജ് ക്യാപ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോൾ ദീർഘ കാലത്തേക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുന്ന കമ്പനികളാണ് ഇവയെന്ന തെളിയിക്കുന്നതിൽ പല കമ്പനികളും പരാജയപ്പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാം.

പേടിഎമ്മിന്റെ ഐപിഒ തന്നെയാണ് ഇതിനു ഉത്തമ ഉദാഹരണം. 2021 നവംബറിൽ ഐപിഒ വിപണിയിൽ ലിസ്റ്റ് ചെയ്തത് മുതൽ പിന്നീട് ഇങ്ങോട്ട് ഇഷ്യൂ ചെയ്ത വിലയിൽ നിന്ന് 72 ശതമാനത്തിന്റെ ഇടിവ് ഓഹരിയുടെ വിലയിലുണ്ടായിട്ടുണ്ട്. അതിനാൽ പ്രാരംഭ ഓഹരി വില്പനക്കായുള്ള കമ്പനികളുടെ നടപടികളിൽ കുറച്ചധികം കടും പിടിത്തത്തിനൊരുങ്ങുകയാണ് സെബി. ഇതിന്റെ ഭാഗമായാണ്, ഹോട്ടൽ ഗ്രൂം ആഗ്രിഗേറ്ററായ 'ഓയോ'നടത്തുന്ന 'ഒരാവെൽ സ്‌റ്റെയ്‌സ്' ഉൾപ്പെടയുള്ള ആറ് കമ്പനികൾ സമർപ്പിച്ച രേഖകൾ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിലെത്തിയത്. ചില മാറ്റങ്ങളോടെ, ഐപിഒയ്ക്കായി സമർപ്പിക്കുന്ന ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡി ആർ എച്ച് പി ) വീണ്ടും ഫയൽ ചെയ്യാനായി കമ്പനികളോട് ആവശ്യപെട്ടിട്ടുണ്ട്.

കാനഡ ആസ്ഥാനമായുള്ള കമ്പനിയായ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡ്, മൊബൈൽ നിർമാതാക്കളായ ലാവാ ഇന്റർനാഷണൽ, ബി2ബി പേമെൻറ്റ് കമ്പനിയായ പേമെൻറ്റ് ഇന്ത്യ, ഫിൻ കെയർ സ്മാൾ ഫിനാൻസ് ബാങ്ക് ഇന്ത്യ, ഇന്റെഗ്രെറ്റഡ് സർവിസ് കമ്പനിയായ ബിവിജി ഇന്ത്യ എന്നിവയാണ് ഐപിഒ രേഖകൾ തിരിച്ചയച്ച മറ്റു കമ്പനികൾ.

2021 സെപ്റ്റംബർ മുതൽ 2022 മെയ് വരെയുള്ള കാലയളവിലാണ് ഈ കമ്പനികൾ ഐപിഒയ്ക്കായുള്ള ആദ്യ ഘട്ട രേഖകൾ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ രേഖകൾ ഈ വർഷം ജനുവരി - മാർച്ച് 10 വരെയുള്ള കാലയളവിൽ  സെബി തിരിച്ചയച്ചു.

ഈ ആറ് കമ്പനികൾ ചേർന്ന് 12500 കോടി രൂപ സമാഹരിക്കുമെന്നാണ് ലക്ഷ്യമിടുന്നത്. 

Tags:    

Similar News