20 ബില്യണ്‍ ഡോളറിന്‍റെ സമുദ്രോല്പന്ന കയറ്റുമതി ലക്ഷ്യം, എംപിഇഡിഎയ്ക്ക് സുവര്‍ണ്ണ ജൂബിലി

 രാജ്യത്തെ സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന വികസന കയറ്റുമതി അതോറിറ്റി(എംപിഇഡിഎ) അമ്പതാം വാര്‍ഷികത്തിന്‍റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യ്തു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴില്‍ 1972 ലാണ് എംപിഇഡിഎ രൂപം കൊണ്ടത്. അന്ന് 35,523 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഇന്നത് 1.4 ദശലക്ഷം ടണ്ണാണ്. ലോകത്തിലെ ഏറ്റവും ഡിമാന്‍റുള്ള സമുദ്രോത്പന്നങ്ങളിലൊന്നായി ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാറിക്കഴിഞ്ഞു. രാജ്യമൊട്ടാകെയുള്ള സമുദ്രോത്പന്ന- മത്സ്യക്കൃഷി […]

Update: 2022-08-23 06:20 GMT
രാജ്യത്തെ സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന വികസന കയറ്റുമതി അതോറിറ്റി(എംപിഇഡിഎ) അമ്പതാം വാര്‍ഷികത്തിന്‍റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ബുധനാഴ്ച കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യ്തു.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴില്‍ 1972 ലാണ് എംപിഇഡിഎ രൂപം കൊണ്ടത്. അന്ന് 35,523 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഇന്നത് 1.4 ദശലക്ഷം ടണ്ണാണ്. ലോകത്തിലെ ഏറ്റവും ഡിമാന്‍റുള്ള സമുദ്രോത്പന്നങ്ങളിലൊന്നായി ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാറിക്കഴിഞ്ഞു.
രാജ്യമൊട്ടാകെയുള്ള സമുദ്രോത്പന്ന- മത്സ്യക്കൃഷി മേഖലയില്‍ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പു വരുത്തുന്ന ശൃംഘല രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമം നടന്നു വരികയാണെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കിട സ്വാമി പറഞ്ഞു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോയ്ക്ക് എംപിഇഡിഎ ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയില്‍ 2023 ഫെബ്രുവരിയില്‍ നടക്കുന്ന ഈ മേള ഇന്ത്യയിലെ കയറ്റുമതി വ്യവസായവും വിദേശ ഇറക്കുമതിക്കാരുമായുള്ള ആശയവിനിമയത്തിന്‍റെ ഉത്തമവേദിയായി മാറും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ സമുദ്രോത്പന്നം കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യം എംപിഇഡിഎ മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 15 ശതമാനം കയറ്റുമതി വളര്‍ച്ചയും ഇതിനാവശ്യമാണ്. ഈ വളര്‍ച്ച കൂട്ടാനും നിലനിറുത്താനുമുള്ള നടപടികള്‍ എടുത്താല്‍ മാത്രമേ ലക്ഷ്യം നേടാനാകൂ എന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
ഇത് നേടുന്നതിന് ഇന്ത്യയില്‍ നിന്നുള്ള 90 ശതമാനം സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന 20 വിപണി തെരഞ്ഞെടുക്കാനാണ് എംപിഇഡിഎയുടെ പദ്ധതി. ഇവിടെക്കുള്ള കയറ്റുമതിയുടെ അളവും വിപണിയിലെ രീതികളും മനസിലാക്കുന്നതിനുവേണ്ടി 20 ഓഫീസര്‍മാരെയും നിയമിക്കും.
സമുദ്രോത്പന്നത്തിന്‍റെ ഗുണമേന്മ കൂട്ടുന്നതിനും കൈകാര്യം ചെയ്യുമ്പോഴുള്ള നഷ്ടം കുറയ്ക്കുന്നതിനും വേണ്ടി എംപിഇഡിഎ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി ചേര്‍ന്ന് ഫിഷറീസ് ഹാര്‍ബര്‍ നവീകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും 140 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.
പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി എംപിഇഡിഎയുടെ കീഴില്‍ തമിഴ്നാട്ടിലെ സിര്‍കാളിയില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ (ആര്‍ജിസിഎ) സ്ഥാപിച്ചു. കാളാഞ്ചി, ഞണ്ട്, ഗിഫ്റ്റ് തിലോപിയ എന്നീ മീനുകളുടെ വൈവിദ്ധ്യമാര്‍ന്ന കൃഷിയ്ക്കാവശ്യമായ ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ നടക്കുന്നത്. ആന്‍ഡമാനില്‍ കാരച്ചെമ്മീനിന്‍റെ പുനരുജ്ജീവനവും ആര്‍ജിസിഎയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
ഇതു കൂടാതെ കൊച്ചിയിലെ നെറ്റ്ഫിഷ്(നെറ്റ് വര്‍ക്ക് ഓഫ് ഫിഷ് ക്വാളിറ്റി മാനേജ്മന്‍റ് ആന്‍റ് സസ്റ്റെയനബിള്‍ ഫിഷിംഗ്) വഴി മത്സ്യബന്ധനത്തിന്‍റെ തത്സമയ വിവരങ്ങളും അതുവഴി കയറ്റുമതിക്കുള്ള അംഗീകാരവും മത്സ്യബന്ധനമേഖലയ്ക്ക് നല്‍കുന്നു. ക്ലസ്റ്റര്‍ ഫാമിംഗ്, അടിസ്ഥാന സൗകര്യവികസനത്തിനുള്ള ധനസഹായം എന്നിവ നല്‍കുന്ന നാഷണല്‍ സെന്‍റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ അക്വാകള്‍ച്ചര്‍(നാക്സ)യും എംപിഇഡിയുടെ അനുബന്ധ സ്ഥാപനങ്ങളാണ്.
Tags:    

Similar News