മൂന്ന് ലക്ഷം എംഎസ്എംഇകളും ആറ് ലക്ഷം തൊഴിലും ലക്ഷ്യം:മുഖ്യമന്ത്രി

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്നതാണ് സംരംഭക വര്‍ഷമായ 2022-23 ലെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകങ്ങള്‍ ഒരുക്കും. നിലവില്‍ 58,306 സംരംഭങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 1.28 ലക്ഷം തൊഴിലും, 3536 കോടി നിക്ഷേപവും സാധിച്ചു. വ്യവസായ മേഖലയിൽ ഏറെ ഉണര്‍വുള്ളത് വാണിജ്യ മേഖലയ്ക്കാണെന്നും 19,883 സ്ഥാപനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി. കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) വ്യവസായി സംഗമം ഉദ്ഘാടനം ചെയ്തു […]

Update: 2022-09-23 05:17 GMT

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്നതാണ് സംരംഭക വര്‍ഷമായ 2022-23 ലെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകങ്ങള്‍ ഒരുക്കും. നിലവില്‍ 58,306 സംരംഭങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 1.28 ലക്ഷം തൊഴിലും, 3536 കോടി നിക്ഷേപവും സാധിച്ചു. വ്യവസായ മേഖലയിൽ ഏറെ ഉണര്‍വുള്ളത് വാണിജ്യ മേഖലയ്ക്കാണെന്നും 19,883 സ്ഥാപനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) വ്യവസായി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എംഎംസ്എംഇകള്‍ മികച്ച മുന്നേറ്റം കാഴ്ച്ച വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്റ്റാര്‍ട്ടപ് സൗഹൃദ സംസ്ഥാനമെന്ന നേട്ടം, സംരംഭകരുടെ എണ്ണത്തിലെ മുന്നേറ്റം തുടങ്ങിയ വ്യവസായ അനുകൂല സാഹചര്യമാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2026 ഓടെ മൂന്ന് ലക്ഷം എംഎസ്എംഇകളും ആറ് ലക്ഷം അധിക തൊഴിലുമാണ് കേരളം ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം ഒന്നര ലക്ഷം എംഎസ്എംഇകളാണ് ആരംഭിച്ചത്. വായ്പാ നയം ഉദാരമാക്കുമെന്നും സംരംഭകത്വ വികസനപരിപാടി കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സംരംഭങ്ങളില്‍ പത്ത് ശതമാനം വനിതകള്‍ക്കായി നീക്കി വയ്ക്കും. പുതിയ വികസന മേഖലകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എംഎസ്എംഇ മേഖലയുടെ പ്രശ്‌നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 96938 സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ ആരംഭിച്ചത്. 6449 കോടി രൂപയുടെ നിക്ഷേപവും 45369 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനായി. നിലവിലെ സര്‍ക്കാര്‍ ഈ സമീപനത്തില്‍ ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് 2016ല്‍ 82000 സംരംഭങ്ങളുണ്ടായിരുന്നത് 2021ല്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു. തൊഴിലാളികള്‍ നാല് ലക്ഷത്തില്‍ നിന്നും ഏഴ് ലക്ഷത്തിലെത്തി. പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ ഇന്റേണിനെ വീതം നിയമിച്ചിട്ടുണ്ട്. ഇത് വഴി തൊഴില്‍ സഭയ്ക്ക് തുടക്കമിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

പീഡിത വ്യവസായ പുനരുദ്ധാരണത്തിന് ഇത്തവണത്തെ ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ചെറുകിട ഭക്ഷ്യ സംസ്‌കരണ മേഖല എന്നിവയ്ക്കായി 20 കോടി രൂപ വീതമാണ് ബജറ്റിലെ വകയിരുത്തല്‍. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ ഇടത്തരം കാറ്റഗറിയിലേക്ക് ഉയര്‍ത്തുന്നതിന് 11.40 കോടി രൂപയും നാനോ യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയായി 2.25 കോടി രൂപയും പലിശ സഹായമായി ഒരു കോടി രൂപയും നീക്കിവച്ചു. ക്ലസ്റ്റര്‍ വികസനത്തിനായി 4.40 കോടി രൂപയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവര്‍ സന്നിഹിദരായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംരംഭ വിരുദ്ധ പക്ഷമല്ലെന്നും അത്തരമൊരു പ്രതീതി സൃഷ്ടിക്കപ്പെടാന്‍ പാടില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി.

 

Tags:    

Similar News