ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; പ്രതിദിനം 60 പേർക്ക് ലൈസൻസ്

  • വിശദമായ സർക്കുലർ ഇറക്കുമെന്ന് ഗതാഗത കമ്മീഷണർ
  • റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും

Update: 2024-04-30 07:56 GMT

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം.

മെയ് 2 മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ടു വിശദമായ സർക്കുലർ ഇറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.

പ്രതിദിനം 60 പേർക്ക് ഡ്രൈവിങ് ലൈസൻസ് നൽകാനാണ് പുതിയ തീരുമാനം. 40 പേർക്ക് പുതിയ ലൈസൻസും, മുൻപ് ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ട 20 പേർക്കു പുതിയ ലൈസൻസും നൽകുന്ന രീതിയിലാകും ക്രമീകരണം.

മെയ്  2-ാം തീയതി മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നായിരുന്നു ​ഗതാ​​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ആദ്യം പുറപ്പെടുവിച്ച നിർദേശം. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. 

സംസ്ഥാനത്ത് മെയ് രണ്ടുമുതൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പിലാക്കാനായിരുന്നു ഗതാഗത വകുപ്പിൻ്റെ നീക്കം. പരിഷ്കരണം സംബന്ധിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരുന്നു. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ എച്ച് ടെസ്റ്റിന് പുറമേ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് - സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിക്കാനായിരുന്നു തീരുമാനം.

സംസ്ഥാനത്ത് 86 ഇടങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഇവിടങ്ങളിൽ മാവേലിക്കരയിൽ മാത്രമാണ് പുതിയ ട്രാക്ക് ഒരുങ്ങിയിരിക്കുന്നത്. പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാൻ 'എച്ച്' ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News