കോട്ടയത്ത് 95% പേരും ഡിജിറ്റൽ പണമിടപാടിലേക്ക് മാറി, ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി പണി കിട്ടിയ ഉദ്യോഗസ്ഥർ വരെ
- ഡിജിറ്റൽ പണമിടപാടിൽ സമ്പൂർണ സാക്ഷരതയുമായി കോട്ടയം
- എല്ലാ ഓട്ടോറിക്ഷകളിലും യു.പി.ഐ സംവിധാനം നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യം
- ബാങ്കിൽ നേരിട്ടെത്തുന്നവരുടെ എണ്ണം 40% കുറഞ്ഞു
യു.പി.ഐ (യുണൈറ്റഡ് പേമെന്റ് ഇന്റർഫെയ്‌സ്) ഉപയോഗിച്ചുള്ള ബാങ്കിംഗിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചെന്ന വാർത്തകൾ പുറത്തുവരുമ്പോഴും ഡിജിറ്റൽ പണമിടപാടിൽ സമ്പൂർണ സാക്ഷരതയിലേക്ക് കുതിക്കുകയാണ് കോട്ടയം ജില്ല. 95% പേരും ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയെന്നാണ് ലീഡ് ബാങ്കിന്റെ കണക്ക്.
കൊവിഡിന് ശേഷമാണ് മുന്നേറ്റമുണ്ടായത്. ബജ്ജി കടകളിലും ഹോട്ടലുകളിലും ഉൾപ്പെടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തുള്ള പണമിടപാടാണ്.
ഹോട്ടലുകളിൽ പോയിരുന്ന് കഴിക്കുന്നതിന് പകരം ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. കൈക്കൂലി പോലും ഗൂഗിൾ പേ വഴി വാങ്ങി പണി കിട്ടിയ സർക്കാർ ഉദ്യോഗസ്ഥരുണ്ട് കോട്ടയത്ത്.
ഗ്രാമീണ മേഖലയിൽ വീട്ടമ്മമാരുടെ ഡിജിറ്റൽ പണമിടപാടിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നാണുണ്ടായതെന്ന് അധികൃതർ പറയുന്നു. വീട്ടമ്മമാർക്ക് ബാങ്ക് അക്കൗണ്ടായതും സ്മാർട്ട് ഫോൺ എത്തിയതും ഗുണകരമായി. ഗ്രാമപ്രദേശങ്ങളിൽ പണമിടപാടിന് ബാങ്കിൽ നേരിട്ടെത്തുന്നവരുടെ എണ്ണം 40% കുറഞ്ഞു. നഗരപ്രദേശങ്ങളിലാകട്ടെ വൻതുക നിക്ഷേപിക്കാനുള്ളവർ മാത്രമാണ് ബാങ്കിനെ ആശ്രയിക്കുന്നത്.
അക്കൗണ്ട് ആരംഭിക്കുമ്പോഴേ എല്ലാവരുടേയും ഫോണുകളിലും ബാങ്ക് നേരിട്ട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയാണ് ചെയ്യുന്നതെന്ന് ലീഡ് ബാങ്ക് മാനേജർ ഇ.എം അലക്‌സ് പറയുന്നു. ബാങ്ക് നിർദേശങ്ങൾ പാലിച്ച് ഇടപാടുകൾ നടത്തിയാൽ സുരക്ഷിതമാണ്. എല്ലാ ഓട്ടോറിക്ഷകളിലും യു.പി.ഐ സംവിധാനം നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
